സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് സിനിമ കാണാതെയുള്ള നിരൂപണങ്ങള്‍

Friday 25 September 2015 9:34 am IST

തിരുവനന്തപുരം: വഴിയില്‍ പോകുന്നവനൊക്കെ മതിലില്‍ എഴുതിയിട്ട് പോകുന്നത് പോലെയാണ് സോഷ്യല്‍മീഡിയയില്‍ പലരും സിനിമയെ വിമര്‍ശിക്കുന്നതെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍.  സിനിമ കാണാതെയാണ് പലരും ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമൊക്കെ നിരൂപണം എഴുതുന്നത്. ഇത് തെറ്റായ പ്രവണതയാണെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ക്കെതിരെ രൂക്ഷ പ്രതികരണമാണ് ബാലചന്ദ്രമേനോന്‍ നടത്തിയത്. ഒരു ചിത്രം റിലീസ് ആകുന്നതിന് മുമ്പുതന്നെ ഇതാ വരുന്നു തല്ലിപ്പൊളി സിനിമ എന്ന ലേബലില്‍ വിമര്‍ശനങ്ങള്‍ വരുന്നു. തന്റെ പുതിയ ചിത്രം 'ഞാന്‍ സംവിധാനം ചെയ്യും' പുറത്തിറങ്ങുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ മോശം റിവ്യു പ്രത്യക്ഷപ്പെട്ടു. പലരും വളരെ മോശമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയയിലെ വിലയിരുത്തല്‍ നടത്തുന്നത്. ഇത് അഭിലഷണീയം അല്ല. ഒരു സിനിമ പുറത്തിറക്കുന്നതിന് പിന്നിലെ കഷ്ടപ്പാട് അറിയുന്നവര്‍ക്ക് ഇത്തരം കമന്റുകള്‍ പ്രയോഗിക്കാനാകില്ല. നിര്‍മ്മാതാവും വിതരണക്കാരനുമടങ്ങുന്ന വലിയൊരു വിഭാഗത്തിന്റെ നേട്ടങ്ങളാണ് ഇത്തരക്കാര്‍ ഇല്ലാതാക്കുന്നത്. സിനിമാ മേഖലയിലെ എല്ലാവര്‍ക്കും വേണ്ടിയാണ് താനിത് പറയുന്നത്. സിനിമ പുറത്തിറങ്ങിയതിന് ശേഷം വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു. ഒരുപാടു പേരുടെ ഭാവിയുടെ പേടകമാണ് ഓരോ സിനിമയും. അത് ഇത്തരം മോശം പ്രവണതകൊണ്ട് തകര്‍ക്കരുത്. വിമര്‍ശനങ്ങളെ ഭയക്കുന്നില്ല. വിമര്‍ശനങ്ങളാണ് തെറ്റുകള്‍ തിരുത്താനുള്ള പ്രചോദനം. എന്നാല്‍ അത് സിനിമാ മേഖലയെ അപ്പാടെ തകര്‍ക്കുന്ന രീതിയിലാകരുത്. മലയാള സിനിമയില്‍ അടുത്ത കാലത്ത് കുടുംബ സിനിമകള്‍ ബോക്‌സ് ഓഫീസ് ഹിറ്റാകാറില്ല. അത് സ്ത്രീകള്‍ക്ക് തിയ്യറ്ററില്‍ പോയി സിനിമ കാണാന്‍ അവസരം ലഭിക്കാത്തതിനാലാണ്. ഞാന്‍ സംവിധാനം ചെയ്യും എന്ന സിനിമയും കുടുംബ ചിത്രമാണ്. ഒരാഴ്ച ആ ചിത്രത്തെ ഓടാന്‍ അനുവദിച്ചാല്‍ സ്ത്രീ പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുക്കുമെന്നും മേനോന്‍ പറഞ്ഞു. മീറ്റ് ദ പ്രസില്‍ നടി മേനക, നടന്‍മാരായ  കൊച്ചു പ്രേമന്‍, പൂജപ്പുര രാധാകൃഷ്ണന്‍  ക്യാമറാ മാന്‍ ജെമിന്‍ ജോം അയ്യനേത്ത്, പ്രസ് ക്ലബ് പ്രസിഡന്റ് എ. അജിത്, സെക്രട്ടറി എസ്.എല്‍. ശ്യാം എന്നിവരും സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.