ലോകത്തെ ഏറ്റവും നീളംകൂടിയ പാലം ചൈനയില്‍ തുറന്നുകൊടുത്തു

Friday 1 July 2011 9:49 pm IST

ബീജിംഗ്‌: ലോകത്തിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ചൈനയില്‍ തുറന്നുകൊടുത്തു. കിഴക്കന്‍ തീരദേശ നഗരമായ യുന്‍ഗോയെയും ജിയോസു ദ്വീപിലെ ഹുവാംഗ്ദോ നഗരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന 42.4 കിലോമീറ്റര്‍ നീളംവരുന്ന പാലം കഴിഞ്ഞ ദിവസമാണ്‌ ഗതാഗതത്തിനായി തുറന്നുകൊടുത്തത്‌. ലൂഹയാന്നയിലെ ലേക്ക്‌ പോണ്ട്‌ ചാര്‍ട്ടിന്‍ കടല്‍പ്പാലത്തിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ്‌ ജിയോസു ഡേ ബ്രിഡ്ജ്‌ എന്ന പുതിയ ചൈനീസ്‌ പാലം തകര്‍ത്തത്‌.
പതിനേഴ്‌ വര്‍ഷത്തോളം നീണ്ട പ്ലാനിംഗിന്റെ ബലത്തില്‍ നാലുവര്‍ഷം കൊണ്ടാണ്‌ അധികൃതര്‍ പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയത്‌. തിങ്കളാഴ്ച നിര്‍മാണം പൂര്‍ത്തിയായ പാലം സുരക്ഷാപരിശോധനകള്‍ക്കുശേഷം വ്യാഴാഴ്ചയോടുകൂടിയാണ്‌ പൊതുഗതാഗതത്തിന്‌ തുറന്നു കൊടുത്തത്‌. 1000 കോടി യുവാന്‍ (2.3 ബില്യണ്‍ ഡോളര്‍) ചിലവഴിച്ച്‌ നിര്‍മിച്ച പാലത്തില്‍ നാലുവരിപ്പതായാണുള്ളത്‌. 65 ഈഫല്‍ ടവറുകള്‍ക്ക്‌ തുല്യമായ 4,50,000 ടണ്ണോളം ഉരുക്കും 2.3 മില്യണ്‍ ക്യുബിക്‌ മീറ്റര്‍ കോണ്‍ക്രീറ്റും പാലത്തിന്റെ നിര്‍മാണത്തിനായി ചിലവായി. 5,200 തൂണുകളാണ്‌ ഇതിനെ താങ്ങിനിര്‍ത്തുന്നത്‌. പാലം നിര്‍മാണത്തിനിടയില്‍ ഒട്ടേറെ സാങ്കേതിക കാര്യങ്ങള്‍ പുതുതായി പഠിക്കാന്‍ കഴിഞ്ഞതായും ആദ്യത്തെ ഒരു മാസത്തേക്ക്‌ പാലത്തിലൂടെയുള്ള ഗതാഗതം സൗജന്യമായിരിക്കുമെന്നും ബ്രിഡ്ജ്‌ എഞ്ചിനീയര്‍മാരിലൊരാളായ ഷാഹേ സിങ്ങ്പെക്‌ പറഞ്ഞു. ശക്തമായ ഭൂകമ്പത്തെയും കൊടുങ്കാറ്റിനേയും പ്രതിരോധിക്കാനുള്ള ശേഷി പാലത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലത്തിന്റെ ഭാഗമായി കടലിന്നടിയിലൂടെ തുരങ്കവുമുണ്ട്‌. എന്നാല്‍ പുതിയ കടല്‍പ്പാലത്തെക്കാളും നീളമുള്ള മറ്റൊന്നിന്റെ നിര്‍മ്മാണവും ചൈനയില്‍ നടന്നുവരുന്നുണ്ട്‌. ചൈനയുടെ പ്രമുഖ വ്യാവസായിക മേഖലയായ ദക്ഷിണ ഗുവാംഗ്‌ ഡോഗ്‌ പ്രവിശ്യയെ ഹോങ്കോങ്ങ്‌, മക്കാവു എന്നീ നഗരങ്ങളുമായി ബന്ധിപ്പിക്കാനുദ്ദേശിച്ചുള്ളതാണ്‌ ഈ പാലം. 2009-ല്‍ നിര്‍മാണം തുടങ്ങിയ ഈ പാലം 2016-ല്‍ പൂര്‍ത്തിയാകുമെന്നാണ്‌ കരുതപ്പെടുന്നത്‌. 30 മെയിലാണ്‌ ഈ പാലത്തിന്റെ നീളം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.