പി.സി ജോര്‍ജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

Friday 25 September 2015 3:23 pm IST

കൊച്ചി: കൂറുമാറ്റ നിരോധന നിയമ പ്രകാരം തോമസ് ഉണ്ണിയാടന്‍ നല്‍കിയ പരാതി നിലനില്‍ക്കുമെന്ന സ്പീക്കറുടെ ഉത്തരവിനെതിരെ പി.സി ജോര്‍ജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സ്പീക്കറുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തളളിയത്. അതേസമയം ജോര്‍ജ് നല്‍കിയ പരാതി ഗൗരവമുളളതാണെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി. എന്നാല്‍ നിയസഭാംഗത്തിന്റെ പരാതി പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് സഭാനാഥനായ സ്പീക്കറാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൃത്രിമ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പരാതിയെന്നു ആരോപിച്ചാണ് ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ 2015 ജൂലൈ 15നു നല്‍കിയ പരാതിയിലായിരുന്നു സ്പീക്കറുടെ ഉത്തരവ്. ജോര്‍ജിന്റെ പെരുമാറ്റവും നിലപാടുകളും പരിഗണിച്ചാല്‍ സ്വമേധയാ പാര്‍ട്ടി വിട്ടതുപോലെയാണെന്നായിരുന്നു പരാതി. എന്നാല്‍, ചട്ടം പാലിക്കാതെയുള്ള സ്പീക്കറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു ജോര്‍ജ് ഹര്‍ജിയില്‍ ആരോപിക്കുന്നു. സ്വാഭാവിക നീതി നിഷേധിച്ചതായും ആക്ഷേപമുണ്ട്. പരാതിയും ഉത്തരവും വിളിച്ചുവരുത്തി റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.