ജില്ലയിലെ അനധികൃത കരിങ്കല്‍ ക്വാറികള്‍ അടച്ചുപൂട്ടണം: പരിസ്ഥിതി സമിതി

Friday 25 September 2015 4:46 pm IST

കണ്ണൂര്‍: കണ്ണൂര്‍ജില്ലയില്‍ നിലവില്‍ 300 കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതില്‍ 50 എണ്ണത്തിന് മാത്രമാണ് പഞ്ചായത്ത് ഡിആന്റ്ഒ ലൈസന്‍സ് നല്‍കിയിട്ടുള്ളത്. ബാക്കി എല്ലാം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ആയതിനാല്‍ അവയെല്ലാം അടിയന്തിരമായി അടച്ചുപൂട്ടണമെന്ന് ജില്ലാ പരിസ്ഥിതി സമിതി കലക്ടര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. ക്വാറികള്‍ നിയമങ്ങള്‍ അനുസരിച്ചാണോ നടത്തുന്നത് എന്ന് പരിശേധിക്കാനുള്ള ജില്ലാ മോണിറ്ററിംഗ് കമ്മറ്റിയില്‍ പരിസ്ഥിതി പ്രതിനിധികളെയും ഉള്‍പ്പെടുത്തി ക്വാറികളില്‍ പരിശോധന നടത്തണം. കെഎംസിആര്‍ ചട്ടങ്ങളില്‍ പറഞ്ഞ നിബന്ധനകള്‍ പാലിക്കാതെയാണ് അനുമതിയുള്ള ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. നിബന്ധനകള്‍ ലംഘിച്ചാല്‍ ക്വാറികള്‍ നിരുപാധികം അടച്ചുപൂട്ടണമെന്ന് ചട്ടത്തില്‍ പറയുന്നുണ്ടെങ്കിലും ആയത് പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാതെയാണ് പണമടച്ചവര്‍ക്കെല്ലാം മൈനിംഗ് ആന്റ് ജിയോളജി പാസ് നല്‍കുന്നത്. പൊല്യൂഷന്‍ കണ്‍ട്രോള്‍ നിബന്ധനകളും എക്‌സപ്ലോസീവ് നിര്‍ദ്ദേശങ്ങളും ഭുരിപക്ഷം ക്വാറികളും പാലിക്കാറില്ല. പുഴയുടെ ഉറവസ്ഥാനങ്ങളിലും തോടുകളിലും ചെങ്കുത്തായ മലഞ്ചെരുവിലും ആള്‍താമസത്തിനടത്തും യാതൊരു പരിശോധനയും കൂടാതെയാണ് അനുമതി നല്‍കുന്നത്. ഇപ്പോള്‍ ക്വാറി മുതലാളിമാര്‍ നടത്തുന്ന സമരം സര്‍ക്കാരുമായുള്ള ഒത്തുകളിയാണ്. നിര്‍മ്മാണ വസ്തുക്കള്‍ ലഭിക്കുന്നില്ല എന്നു വരുത്തി ചട്ടങ്ങളില്‍ ഇളവുണ്ടാക്കിക്കൊണ്ടുള്ള സമര തന്ത്രമാണ് നടക്കുന്നത്. അതിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു. പരിശോധനാ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ അത് അപ്പോള്‍ തട്ടിക്കൂട്ടിക്കൊടുക്കുകയാണ് പഞ്ചായത്തുകള്‍ ചെയ്യുന്നത്. 2013നു ശേഷമുള്ള ക്വാറികള്‍ക്ക് പരിസ്ഥിതി ആഘാത പഠനം ആവശ്യമാണെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ സംസ്ഥാന സര്‍ക്കാര്‍ വെള്ളം ചേര്‍ത്ത് 2015വരെ നീട്ടിക്കൊടുത്തു. പണമുതലാളിമാര്‍ക്കുമുമ്പില്‍ സര്‍ക്കാര്‍ നടത്തുന്ന കീഴ്‌വഴങ്ങള്‍ ദൗര്‍ബ ല്യം മുതലെടുത്തുകൊണ്ടാണ് ഇപ്പോള്‍ നടക്കുന്ന സമരം. മൂന്ന് വര്‍ഷം കഴിഞ്ഞ ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന പുതിയ കോടതിവിധി നടപ്പിലാക്കണം. പരിസ്ഥിതിയെ കണക്കിലെടുക്കാതെ സര്‍ക്കാര്‍ നടത്തുന്ന ഈ അനുകൂല നിലപാട് കേരളത്തെ വൈകാതെ വരള്‍ച്ചയിലേക്കും കൃഷിത്തകര്‍ച്ചയിലേക്കും പട്ടിണിയിലേക്കും നയിക്കും. ഇനിയും ക്വാറിമുതലാളിമാര്‍ക്കു മുമ്പില്‍ വഴങ്ങുന്ന നയമാണ് നടത്തുന്നുവെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും നിവേദനത്തില്‍ പറഞ്ഞു. ഭാസ്‌കരന്‍ വെള്ളൂര്‍ ടോമി ആലക്കോട് തുടങ്ങിയവര്‍ നിവേദനം സമര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.