ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് 25 ലക്ഷം രൂപ നല്‍കും

Friday 25 September 2015 8:50 pm IST

ആലപ്പുഴ: ശബരിമല റോഡുകളുടെ പുനരുദ്ധാരണത്തിനു 170 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സപ്തംബര്‍ 30നു മുമ്പ് പദ്ധതികള്‍ക്കു ഭരണാനുമതി നല്‍കാനുള്ള നടപടിയായെന്നും മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രധാന ഇടത്താവളമായ ചെങ്ങന്നൂരില്‍ ഒരുക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ നഗരസഭയ്ക്ക് 25 ലക്ഷം രൂപ അനുവദിക്കും. ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നാല് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരെ ഉടന്‍ നിയമിക്കും. 10 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണത്തിന് റീ ടെണ്ടര്‍ വിളിക്കും. ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ഭക്ഷണശാലകളില്‍ പരിശോധന നടത്തും. ഭക്ഷണശാലകളിലെ പാചകത്തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും പൊലീസ് തിരിച്ചറിയല്‍ കാര്‍ഡു നല്‍കും. ആരോഗ്യവകുപ്പ് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റു നല്‍കുമെന്ന് മന്ത്രി പറഞ്ഞു. നഗരസഭ 25 ശുചീകരണ തൊഴിലാളികളെയും തീര്‍ഥാടകരെ സഹായിക്കുന്നതിന് വിവിധ ഭാഷ കൈകാര്യം ചെയ്യുന്ന പത്തു പേരെയും ഒരു ഡ്രൈവറെയും അധികമായി നിയോഗിക്കുമെന്ന് നഗരസഭാധ്യക്ഷ ശോഭ വര്‍ഗീസ് പറഞ്ഞു. റെയില്‍വേ കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ ആരംഭിക്കും. ഹോട്ടലുകളിലെ ഭക്ഷണവിലവിവര പട്ടികയും വിവിധ ഭാഗങ്ങളിലേക്കുള്ള ടാക്‌സി വാഹനനിരക്ക് പട്ടികയും പ്രസിദ്ധീകരിക്കും. ചെങ്ങന്നൂരിനെ പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കാനുള്ള നടപടികള്‍ക്കു തുടക്കമാകും. 150 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വി. സുരേഷ് കുമാര്‍ പറഞ്ഞു. നഗരത്തില്‍ 24 കുടിവെള്ള ടാപ്പുകള്‍ സ്ഥാപിക്കുമെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. കിഷോര്‍ ബാബു പറഞ്ഞു. അന്നദാനം നടത്തുന്ന സംഘടനകള്‍ക്ക്് വെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കും. മിത്രപ്പുഴക്കടവിലെ പമ്പിങ് കേന്ദ്രത്തിലെ മോട്ടോര്‍ കേടായാല്‍ കുടിവെള്ള വിതരണം മുടങ്ങുന്ന സ്ഥിതിയുണ്ട്. ഇത് ഒഴിവാക്കാന്‍ ശബരിമല വികസന ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ അനുവദിച്ച്് ഒരു മോട്ടോര്‍ കൂടി വാങ്ങാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു. നഗരത്തില്‍ 50 താല്‍ക്കാലിക വഴിവിളക്കുകള്‍ സ്ഥാപിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. കെഎസ്ആര്‍ടിസി കഴിഞ്ഞ വര്‍ഷം 61 പുതിയ ബസുകളുപയോഗിച്ച് സര്‍വീസ് നടത്തിയെന്നും 3.5 കോടി രൂപയുടെ വരുമാനം നേടിയതായും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പി.സി. വിഷ്ണുനാഥ് എംഎല്‍എ അധ്യക്ഷത വഹിച്ചു. തിരുവതാംകൂര്‍ ദേവസ്വം കമ്മിഷണര്‍ സി.പി. രാമരാജ പ്രേമ പ്രസാദ്, ആര്‍ഡിഒ ജി. രമാദേവി, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എ. അബ്ദുള്‍ കലാം, ദേവസ്വം ചീഫ് എന്‍ജിനീയര്‍ ജി. മുരളീകൃഷ്ണന്‍, ഡി. എം.ഒ. ഡോ. ഡി. വസന്ത് ദാസ്്, അയ്യപ്പസേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് ഡി. വിജയകുമാര്‍, നഗരസഭാംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.