കൊച്ചി: അഴിമതിയില്‍ മുങ്ങിക്കുളിച്ച കണ്‍സ്യൂമര്‍ ഫെഡില്‍ ആറായിരത്തോളം ജീവനക്കാരുണ്ട് . ഇതില്‍ തൊണ്ണൂറ് ശതമാനവും സിഐടിയു അംഗങ്ങള്‍. നാലായിരത്തോളം ജീവനക്കാരെ നിയമിച്ചത് ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരും. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അനാവശ്യമായി യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചവര്‍ പോലും സിഐടിയു അംഗങ്ങളായതെങ്ങനെ? ഇതന്വേഷിക്കുമ്പോഴാണ് കണ്‍സ്യൂമര്‍ഫെഡിലെ ‘മൂന്നാര്‍ മോഡല്‍’ തൊഴിലാളി സംഘടനാ നേതാക്കളെ തിരിച്ചറിയാന്‍ സാധിക്കുക.
നിയമനത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷങ്ങള്‍ കോഴ വാങ്ങി. സംഘടനയായിരുന്നില്ല പണമായിരുന്നു മുഖ്യം. കോഴ നല്കി നിയമനം നേടിയവരിലേറെയും സിപിഎം പ്രവര്‍ത്തകരും അനുഭാവികളും. നിയമനത്തിന് ഇടനിലക്കാരായി നിന്ന സിഐടിയു നേതാക്കളും പണം പിടിച്ചുപറിച്ചു. സിപിഎം അനുഭാവികളായതിനാല്‍ സര്‍ക്കാര്‍ മാറിയാലും നിയമനം കുരുക്കിലാകില്ലെന്ന ഉറപ്പുമുണ്ട്. മൂന്നാറിലെ വഞ്ചന തൊഴിലാളികള്‍ തിരിച്ചറിഞ്ഞത് പോലെ കണ്‍സ്യൂമര്‍ഫെഡിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങി.
കണ്‍സ്യൂമര്‍ഫെഡില്‍ അഴിമതിക്കെതിരെ പുതിയ സംഘടന രൂപീകരിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍. സിഐടിയു, ഐഎന്‍ടിയുസി എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് അഴിമതി വിരുദ്ധ ഏകോപന സമിതിയെന്ന പുതിയ സംഘടനയിലും പ്രവര്‍ത്തിക്കുന്നത്. സംഘടനയുടെ രക്ഷാധികാരിമാര്‍ കോണ്‍ഗ്രസ് നോമിനികളായ ഭരണസമിതി അംഗങ്ങളാണെങ്കിലും അണികളില്‍ വലിയൊരു വിഭാഗം സിഐടിയുവിലുള്ളവരാണ്. ഏകോപന സമിതിയില്‍ പ്രവര്‍ത്തിക്കുന്നതിന് സിഐടിയു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫലമില്ല.
അഴിമതിക്കാരനായ ജോയ് തോമസിന് അനുകൂലമായി നിലപാടെടുക്കുന്നതാണ് സിഐടിയുവില്‍ നിന്നും ജീവനക്കാര്‍ കൊഴിഞ്ഞുപോകുന്നതിന് പ്രധാന കാരണം. നിരവധി സിഐടിയു നേതാക്കളും അഴിമതി അന്വേഷണം നേരിടുന്നുണ്ട്. ഇവര്‍ക്കെതിരെ നടപടിയുമില്ല. കണ്‍സ്യൂമര്‍ ഫെഡ് വര്‍ക്കേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ആര്. ജയകുമാറിനെ അന്വേഷണവിധേയമായി എംഡി സസ്പെന്റ് ചെയ്തപ്പോള്‍ നിര്‍ബന്ധിത അവധി നല്‍കുക മാത്രമാണ് സംഘടന ചെയ്തത്. എന്നാല്‍ അഴിമതി ചോദ്യം ചെയ്ത ജീവനക്കാരെ പുറത്താക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് സിഐടിയു നേതാക്കള്‍ ഏകോപനസമിതിയില്‍ പ്രവര്‍ത്തിക്കുന്ന സിഐടിയു അംഗങ്ങളായ വനിതാജീവനക്കാരുള്പ്പെടെയുള്ളവരെ ആക്രമിച്ചിരുന്നു.
സിപിഎം അനുഭാവികളായ നിരവധി ജീവനക്കാര്‍ സിഐടിയുവില്‍ അംഗത്വമെടുക്കാതെ മാറിനില്ക്കുന്നുമുണ്ട്. തച്ചങ്കരിയുടെ നിര്‍ദ്ദേശ പ്രകാരം അന്വേഷണം നടത്തിയ ആഭ്യന്തര അന്വേഷണ വിഭാഗത്തിലെ ദിനേശ്ലാല്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കൂടിയാണ്. ഇദ്ദേഹം സിഐടിയുവില്‍ അംഗമല്ല. സിഐടിയു നേതാക്കള്‍ കോണ്‍ഗ്രസുകാരോടൊപ്പം ചേര്‍ന്ന് കണ്‍സ്യൂമര്‍ഫെഡ് കൊള്ളയടിക്കുകയാണെന്ന് ഒരു വിഭാഗം സിപിഎം സംസ്ഥാന നേതൃത്വത്തിന് കത്തും നല്‍കിയിട്ടുണ്ട്. നടപടിയെടുക്കണമെന്ന് ആവശ്യമുയരുമ്പോഴും സിപിഎം നേതൃത്വം തയ്യാറാകാത്തതും ഇവരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: