ശബരിമല തീര്‍ത്ഥാടനം: വകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം : മന്ത്രി

Friday 25 September 2015 10:36 pm IST

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ എരുമേലിയില്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. എരുമേലിയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും ദേവസ്വം ബോര്‍ഡ് , ഗ്രാമപഞ്ചായത്ത്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സംയുക്തയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീര്‍ത്ഥാടനക്രമീകരണങ്ങള്‍ക്കായി കളക്ടര്‍ക്ക് 10 ലക്ഷവും പോലീസ് സൂപ്രണ്ടുമാര്‍ക്ക് 5 ലക്ഷവും എരുമേലി ഗ്രാമപഞ്ചായത്തിന് 30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥിരമായി ചെയ്യുന്ന കാര്യങ്ങള്‍ കൂടാതെ കോയിക്കക്കാവില്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. എരുമേലിയിലെത്തുന്ന കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡും ഹെല്‍ത്തുകാര്‍ഡും നിര്‍ബന്ധമാക്കും. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ നിയമനടപടി എടുക്കാനും തീരുമാനിച്ചു. എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകരില്‍ നിന്നും അധിക ചാര്‍ജ്ജ് വാങ്ങുന്നത് ഒഴിവാക്കണമെന്ന യോഗ നിര്‍ദ്ദേശം കെഎസ്ആര്‍ടിസി അംഗീകരിച്ചു. ഇതുസംബന്ധിച്ച് തുടര്‍ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു. പ്ലാസ്റ്റിക്ക് നിരോധനവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക്ക് കവറുകള്‍ക്ക് പകരം തുണിസഞ്ചികള്‍ നല്‍കാനും തീരുമാനിച്ചു. പത്തനംതിട്ട നഗരസഭ തയ്യാറാക്കുന്ന തുണിസഞ്ചികള്‍ തീര്‍ത്ഥാടകര്‍ക്ക് നല്‍കുകയും പ്ലാസ്റ്റിക്ക് കവറുകള്‍ വാങ്ങുന്ന രീതിയാണ് ഉള്ളതെന്നനും അധികൃതര്‍ പറഞ്ഞു. ജലാശയങ്ങളുടെ തീരത്തുള്ള ശൗചാലയങ്ങള്‍ പൂര്‍ണ്ണമായും കര്‍ശനമായി പരിശോധിക്കാനും യോഗം തീരുമാനിച്ചു. കെഎസ്ആര്‍ടിസി യ്ക്കും കെഎസ്ഇബിയ്ക്കും ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതു സംബന്ധിച്ച് വകുപ്പുമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. പതിവ്‌പോലെ ഏറെ പരാതികേട്ട ജലവിതരണ വകുപ്പ് ഇത്തവണകാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. തീര്‍ത്ഥാടനവേളയില്‍ എരുമേലിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വണ്‍വേ സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കാനും യോഗം തീരുമാനിച്ചു. എന്നാല്‍ വലിയതോട് ശുചീകരണമടക്കം മുമ്പ് ഇറിഗേഷന്‍ വകുപ്പ് ചെയ്തിരുന്ന കാര്യങ്ങള്‍ ഇത്തവണ ഗ്രാമപഞ്ചായത്തിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഖരമാലിന്യ സംസ്‌ക്കരണം, വഴിവിളക്കുകള്‍, കുളിക്കടവുകളിലെ അപകട സൂചന ബോര്‍ഡുകള്‍, തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ പഞ്ചായത്തിനേയും ചുമതലപ്പെടുത്തി. ദേവസ്വംബോര്‍ഡ് വക പാര്‍ക്കിംഗ് സ്ഥലം പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും സന്നദ്ധ സംഘടനകള്‍ യോഗത്തെ അറിയിച്ചു. തീര്‍ത്ഥാടനവേളയില്‍ മരിക്കുന്ന തീര്‍ത്ഥാടകരെ സ്വദേശത്തേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ പ്രത്യേകം ഒരുക്കുമെന്നും അധികൃതര്‍ പറഞ്ഞു. പേട്ടതുള്ളിവരുന്ന തീര്‍ത്ഥാടകരെ ഫോട്ടോ എടുക്കുന്നതിനയി സ്റ്റുഡിയോ നടത്തുന്നവര്‍ ബലമായി കടകളിലേക്ക് വലിച്ചു കയറ്റുന്നത് പതിവാണെന്നും ഇത്തവണ ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. 170 കോടി രൂപയുടെ റോഡ് വികസനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പദ്ധതി തയ്യാറാക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അനുമതി ലഭിച്ചിട്ടില്ലെന്നും വകുപ്പ് മേധാവികള്‍ പറഞ്ഞു. ശുചീകരണം, കടകളിലെ പരിശോധന തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകീകരണവും എരുമേലിയില്‍ മജിസ്‌ട്രേറ്റീവ് അധികാരത്തോടെയുള്ള റവന്യൂ കണ്‍ട്രോള്‍ ഓഫീസും തുറക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. പാമ്പുകടി ചികിത്സയ്ക്കുള്ള മരുന്ന് ആശുപത്രികളില്‍ നേരത്തെ സജ്ജീകരിക്കും. എരുമേലി - പമ്പ മറ്റു സ്ഥലങ്ങളിലേക്കുള്ള ടാക്‌സി ചാര്‍ജ്ജുകള്‍ നിജപ്പെടുത്താനും തീരുമാനിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍നായര്‍, ദേവസ്വം കമ്മീഷണര്‍ രാമരാജപ്രേമപ്രസാദവര്‍മ്മ, ആന്റോ ആന്റണി എംപി, പി.സി.ജോര്‍ജ്ജ് എംഎല്‍എ, ആര്‍ഡിഒ സാവിത്രി അന്തര്‍ജനം, പോലീസ് സൂപ്രണ്ട് എസ്.സതീഷ് ബിലോ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.വി.കുര്യാക്കോസ്, എരുമേലി എസ്.ഐ കെ.ആര്‍.സതീഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത സന്തോഷ്, ദേവസ്വം എക്‌സി എന്‍ജിനീയര്‍ എ.അജിത് കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികളായ മനോജ് എസ്., ബിജി കല്യാണി, ഹരികൃഷ്ണന്‍,ഹരി, കെ.ആര്‍.സോജി, പി.എ.ഇര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.