സിപിഎം അക്രമരാഷ്ട്രീയം മാറ്റിവെച്ച് പ്രധാമന്ത്രിയുടെ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കണം: ശോഭാ സുരേന്ദ്രന്‍

Friday 25 September 2015 10:57 pm IST

മട്ടന്നൂര്‍: കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ പാര്‍ട്ടിയായ സിപിഎം അക്രമരാഷ്ട്രീയം മാറ്റിവെച്ച് പ്രധാനമന്ത്രി പ്രഖ്യാപിച്ച എട്ടിന ക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കണമെന്നും അക്രമരാഷ്ട്രീയം എന്ന നയം ഉപേക്ഷിച്ച് വികസന രാഷ്ട്രീയം എന്ന രീതിയിലേക്ക് സിപിഎമ്മിനെ മാറ്റിയെടുക്കാന്‍ പോളിറ്റ് ബ്യൂറോ ശ്രമിക്കണമെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭ സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മനുഷ്യനെ മരണത്തിലേക്ക് നയിക്കുന്ന പാര്‍ട്ടിയായി സിപിഎം ഇന്ന് മാറിയിരിക്കുകയാണ്. മത കാഴ്ചപ്പാട് ഇല്ല എന്ന് പറയുന്ന സിപിഎം ഇസ്ലാം മത വിശ്വാസികളുടെയും കൃസ്ത്യന്‍ മത വിശ്വാസികളുടെയും പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കുന്നത് എന്തിനാണെന്നും ശോഭ സുരേന്ദ്രന്‍ ചോദിച്ചു. കണ്‍സ്യൂമര്‍ ഫെഡ്ഡില്‍ നടന്ന കോടികളുടെ അഴിമതികളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും അഴിമതിക്കാരെ സഹായിക്കുന്ന മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ രാജി വെക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അഴിമതിയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയവും ഒത്തുതീര്‍പ്പ് സമരവുമാണ് സിപിഎം സ്വീകരിക്കുന്നത്. സോളാര്‍, കണ്‍സ്യൂമര്‍ ഫെഡ്, കശുവണ്ടി കോര്‍പ്പറേഷന്‍, ബാര്‍ കോഴ, പാഠപുസ്തക അച്ചടി, നിയമനക്കോഴ അഴിമതികളില്‍ സിപിഎം കൈക്കൊണ്ട നിലപാട് ഇതാണ് തെളിയിക്കുന്നത്. കശുവണ്ടി കോര്‍പ്പറേഷനില്‍ തീവെട്ടിക്കൊള്ള നടത്തിയ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ട് ചന്ദ്രശേഖരന്‍ സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തിയപ്പോള്‍ പിണറായി വിജയന്‍ പോയി പിന്തുണ നല്‍കിയത് ഇതിന്റെ തെളിവാണെന്നും ശോഭാ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കണ്ണൂര്‍ വിമാനത്താവളത്തോട് കാണിക്കുന്ന താത്പര്യം കാര്‍ഷിക വികസന നയത്തില്‍ കണ്ണൂരിനോട് എംപി എന്തുകൊണ്ട് കാണിക്കുന്നില്ലെന്നും കര്‍ഷകരുടെ ഉന്നമനത്തിനായി സിപിഎം ഒരു താത്പര്യവും കാണിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു. പിഎസ്‌സിയെ നോക്കുകുത്തിയാക്കി പിന്‍വാതിലിലൂടെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ നടത്തുന്ന പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണമെന്നും ശ്രീനാരായണ ഗുരുദേവനെ അപമാനിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് സിപിഎമ്മിന്റെ വാട്ടര്‍ലൂ ആയിരിക്കും. കഴിഞ്ഞകാലങ്ങളില്‍ അവരുടെ നെടുംതൂണായി പ്രവര്‍ത്തിച്ച സാമുദായിക സംഘടനകളെയാണ് സിപിഎം ഇപ്പോള്‍ അപമാനിച്ചുകൊണ്ടിരിക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് സി.വി.വിജയന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി സി.വി.നാരായണന്‍, കര്‍ഷകമോര്‍ച്ച ജില്ലാ ട്രഷറര്‍ കെ.മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.