ഹൈന്ദവ ഉത്സവങ്ങള്‍ ആത്മാര്‍ത്ഥതയോടെ കമ്മ്യൂണിസ്റ്റുകാര്‍ നടത്തുകയാണെങ്കില്‍ ഹിന്ദു സംഘടനകള്‍ സഹകരിക്കും: ഗോപാലന്‍കുട്ടി മാസ്റ്റര്‍

Friday 25 September 2015 11:08 pm IST

ഹിന്ദു ഐക്യവേദി ചേറ്റം കുന്ന് മേഖലാ പദയാത്ര
കൊളശ്ശേരിയില്‍ കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: ഹൈന്ദവ ഉത്സവങ്ങളായ ശ്രീകൃഷ്ണ ജയന്തി, ഗണേശോത്സവം, ചതയദിനാഘോഷം, ഓണാഘോഷം തുടങ്ങിയവ ഏറ്റെടുത്ത് നടത്തുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇത് ആത്മാര്‍ത്ഥതയോടുകൂടിയാണ് ചെയ്യുന്നതെങ്കില്‍ ഇവരുമായി സഹകരിക്കാന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ തയ്യാറാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ന്യാപകമായി നടത്തുന്ന പദയാത്രകളുടെ ഭാഗമായി തലശ്ശേരി മുനിസിപ്പാലിറ്റിയില്‍ തിരുവങ്ങാട് മേഖലാ പദയാത്ര മഞ്ഞോടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മൃഗങ്ങളെപ്പോലും മൃഗീയമായി കൊലചെയ്ത് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാനുഷിക മൂല്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ധാര്‍മ്മിക അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നടത്തുന്ന ഹിന്ദു വിരുദ്ധ നിലപാടിനെയും നുണ പ്രചരണങ്ങളെയും തുറന്നു കാട്ടാനാണ് ഇത്തരത്തില്‍ പദയാത്രകള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പി.ബാബു അധ്യക്ഷത വഹിച്ചു. സോഹന്‍ലാല്‍ ശര്‍മ്മ, ജാഥാ ലീഡര്‍ ഇ.വത്സരാജ്, ലതേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
തലശ്ശേരി മുനിസിപ്പാലിറ്റിയില്‍ മൂന്ന് മേഖലകളായി നടക്കുന്ന പദയാത്രകള്‍ ഇന്ന് തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ സമാപിക്കും. ചേറ്റംകുന്ന് മേഖലാ പദയാത്ര കൊളശ്ശേരിയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും ടെമ്പിള്‍ ഗേറ്റ് മേഖലാ പദയാത്ര മാടപ്പീടികയില്‍ ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ അഡ്വ.ബി.ഗോപാലകൃഷ്ണനും ഉദ്ഘാടനം ചെയ്തു. എ.പി.സുരേഷ് ബാബു, സുനൂട്ടി എന്നിവരാണ് ജാഥാ ലീഡര്‍മാര്‍. ഇന്ന് വൈകുന്നേരം 5 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ തുടങ്ങി പ്രമുഖര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.