കണ്‍സ്യൂമര്‍ ഫെഡ്: ഭരണസമിതിക്ക് സസ്‌പെന്‍ഷന്‍

Friday 25 September 2015 11:34 pm IST

കൊച്ചി: അഴിമതിയാരോപണം നേരിടുന്ന കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. ഭരണസമിതി പിരിച്ചുവിടാന്‍ നിയമപരവും സാങ്കേതികവുമായ തടസ്സങ്ങള്‍ ഉള്ളതുകൊണ്ടാണ് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിമാരായ രമേശ് ചെന്നിത്തല, സി.എന്‍. ബാലകൃഷ്ണന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് നടപടി. ആരോപണ വിധേയനായ ചെയര്‍മാന്‍ ജോയ് തോമസിനെ പുറത്താക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും ഈ നീക്കത്തെ ഐ ഗ്രൂപ്പ് ശക്തമായി എതിര്‍ത്തു. തുടര്‍ന്നാണ് ഭരണ സമിതി സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. ജോയ് തോമസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നേരത്തെ സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. എന്നാല്‍ ഈകത്ത് സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. എം.ഡി.യായിരുന്ന ടോമിന്‍ തച്ചങ്കരിയും ജോയ് തോമസും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന അഴിമതിക്കഥകള്‍ പുറത്തുവന്നത്. ചെയര്‍മാന്റെ അഴിമതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തച്ചങ്കരിയെ ചുമതലയില്‍ നിന്ന് മാറ്റുകയായിരുന്നു. എന്നാല്‍ സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തിലുള്ള അന്വേഷണക്കമ്മിറ്റി റിപ്പോര്‍ട്ടിലും  ജോയ് തോമസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്.  100 കോടിയില്‍ പരം രൂപയുടെ അഴിമതി നടന്നതായി പാച്ചേനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന നിലപാടിലായിരുന്നു ഐ ഗ്രൂപ്പും മന്ത്രി സി.എന്‍. ബാലകൃഷ്ണനും. എന്നാല്‍ സമ്മര്‍ദ്ദം ശക്തമായതോടെ ജോയ് തോമസിനെ സംരക്ഷിക്കാന്‍ കഴിയാത്ത സ്ഥിതി വന്നു. അതോടെയാണ് ഭരണസമിതിയൊന്നാകെ പിരിച്ചുവിടണമെന്ന നിലപാടിലെത്തിയത്. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ദിലീപിന് കണ്‍സ്യൂമര്‍ ഫെഡിന്റെ താത്കാലിക ഭരണച്ചുമതല നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.