അവര്‍ മരണത്തെ വെല്ലുവിളിച്ചവര്‍

Saturday 26 September 2015 5:38 pm IST

ആ യാതനകള്‍ക്കും നാല്‍പതുവര്‍ഷത്തെ പഴക്കമുണ്ട്. ഒന്നല്ല, ഒരുപാടുപേര്‍ ഇന്നും ആ ഓര്‍മകളിലും അനുഭവങ്ങളിലും വെന്തുരുകുന്നുണ്ട്. രാജ്യത്തെ ഇരുട്ടിലാഴ്ത്തിയ അടിയന്തരാവസ്ഥക്കാലത്തിന്റെ ഇരകള്‍. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1975 ജൂണ്‍ 25 ന് അര്‍ദ്ധരാത്രിയില്‍ ഭാരതത്തിനുമേല്‍ അടിയന്തരാവസ്ഥ എന്ന ഭീകരാവസ്ഥ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും ഉപജാപകവൃന്ദങ്ങളും കൂടി രാജ്യത്ത് അടിച്ചേല്‍പ്പിച്ചതിനെ തുടര്‍ന്നുണ്ടായ 19 മാസം നീണ്ട കാട്ടാള ഭരണം. എന്തിനുവേണ്ടിയായിരുന്നു, രാജ്യത്തെ ജനങ്ങളെ ശത്രുക്കളായിക്കണ്ട് അത്തരത്തിലൊരു നീക്കം. ഫലമോ, 1,74,000 പേര്‍ ഭാരതമൊട്ടാകെ 7,000 ത്തില്‍ പരം പേര്‍ കേരളത്തിലും പല സമയത്തായി പല രീതിയില്‍ തുറുങ്കിലടക്കപ്പെട്ടു. ആ ദുരവസ്ഥയുടെ തിക്ത ഫലങ്ങള്‍ ഇന്നും അനുഭവിക്കുന്ന ഒരു ജനത അടിയന്തരാവസ്ഥയുടെ ബാക്കി പാത്രമായി നിലനില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ബോധപൂര്‍വം വിസ്മരിച്ചാലും നാളെയുടെ ചരിത്രത്താളുകളിലെങ്കിലും അവര്‍ക്ക് ഇടംകിട്ടും. അവരുടെ കൂട്ടായ്മയാണ് അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് എന്ന സംഘടന. കാലമിത്രകഴിഞ്ഞിട്ടും ഇത്തരത്തിലൊരു സംഘടനയുടെ ആവശ്യകതയെക്കുറിച്ച് ചിലര്‍ക്കെങ്കിലും സംശയം തോന്നിയേക്കാം. അത് അവര്‍ അനുഭവിച്ച ജീവിത യാതനകളെക്കുറിച്ച് തെല്ലും ബോധ്യമില്ലാത്തവര്‍ക്കായിരിക്കും. ജീവിതത്തിലെ പച്ചയാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിച്ചവർ. അവർ ഒക്‌ടോബർ രണ്ടിന് ആലുവയിൽ സംഗമിക്കുന്നു. തങ്ങളുടെ ദുരവസ്ഥ എല്ലാവരേയും അറിയിക്കുകയും അതിനൊരു ശാശ്വത പരിഹാരം കണ്ടെത്തുകയെന്നതുമാണ് ഈ സംഗമത്തിന്റെ ഉദ്ദേശ്യം. നിരാശയുടെ പടുകുഴിയിൽ വീണു കിടന്നവർ സടകുടഞ്ഞ് എഴുന്നേറ്റിരിക്കുന്നു. സംഘാടകരുടെ പ്രതീക്ഷയ്ക്കും അപ്പുറത്ത് അവരുടെയെല്ലാം സാന്നിദ്ധ്യം ആലുവയുടെ മണ്ണിൽ ഉറപ്പിച്ചുകഴിഞ്ഞിരിക്കുന്നു. മൂകരും ബധിരരും, വികലാംഗരും ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുക്കുന്നു. നോവുന്ന ആത്മാവുമായി അവർ എത്തുമ്പോൾ അവരുടെ കണ്ണുനീർ തുടച്ച് സ്‌നേഹത്തിന്റെ  കരസ്പർശത്താൽ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയെന്നതാണ് സംഘാടകരുടെ പരിശ്രമലക്ഷ്യം. 40 വർഷമായി സത്യം കാണാതെ മുഖം തിരിച്ചു നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളോട് അപ്രിയ സത്യങ്ങൾ വിളിച്ചു പറയുമ്പോൾ ഈ ദുരന്തഫലങ്ങൾ അറിയാത്ത ജനങ്ങളും പുതിയ തലമുറയും  നഗ്നസത്യം മനസ്സിലാക്കും. ഒരു മനുഷ്യനെ എങ്ങനെയെല്ലാം ഉപദ്രവിച്ച് ഇല്ലാതാക്കാമെന്നതിന്റെ പരീക്ഷണശാലയായിരുന്നു അന്നത്തെ ലോക്കപ്പ് മുറികളും പ്രത്യേക ക്യാമ്പുകളും ജയിലറകളും. ആരോടും ഒരു തെറ്റും ചെയ്യാത്ത അവന്റെ മുറവിളികളും അലര്‍ച്ചയും ഞരക്കങ്ങളും പിടച്ചിലും കരച്ചിലും ഇന്നും ആ ജയിലറകളില്‍ സ്പന്ദിച്ചു കൊണ്ടേയിരിക്കുന്നു. ഈ കാടത്തത്തിന്റെ ഫലമായി ആയിരങ്ങള്‍ അതിദാരുണമായി മരിച്ചു, ജീവിതം നരകതുല്യമായി പിന്നെയും ആയിരങ്ങള്‍ ഇന്നും അവശേഷിക്കുന്നു. അവരുടെ അമ്മമാര്‍, ഭാര്യമാര്‍, മക്കള്‍, വീട് , കിടപ്പാടം എല്ലാം ഇന്നും തങ്ങളുടെ ദുരവസ്ഥയ്ക്കുമുന്നില്‍ ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്നു. ദ്രവിച്ചുകൊണ്ടിരിക്കുന്ന അസ്ഥിപഞ്ജരങ്ങള്‍ ഒരു ഭാഗത്ത് ശവപ്പറമ്പിലെ കാടുകളില്‍ നിന്നും ഓലിയിടുമ്പോള്‍ ഇത് കേള്‍ക്കാതെ നടന്നു പോകുന്ന ഹൃദയ ശൂന്യരുടെ പുച്ഛരസത്തോടുകൂടിയ പരിഹാസങ്ങള്‍ മാത്രമാണ് അവരുടെ കൂട്ട്. ചിതലെടുത്തും തുരുമ്പിച്ചും നട്ടും ബോള്‍ട്ടും പോയി ആര്‍ക്കും വേണ്ടാത്ത ഇവരെ സ്‌നേഹത്തോടെ ഈ മഹാസമ്മേളനം സ്വീകരിക്കുന്നു. അന്തരാത്മാവില്‍ ഒളിഞ്ഞുകിടക്കുന്ന അന്തര്‍ലീനമായ ശക്തി വിശേഷങ്ങള്‍ ആലുവ മണപ്പുറത്തെ പരമചൈതന്യത്തിന്റെ പാദസ്പര്‍ശമേറ്റ് ഉയിര്‍ത്തെഴുന്നേല്‍ക്കും. ഈ സമ്മേളന വേദിയില്‍ വച്ച് അവര്‍ ചിറകു വിടര്‍ത്തി പറന്നുയരും. കന്യാകുമാരി മുതല്‍  കാശ്മീരം വരെയും കച്ച് മുതല്‍ അരുണാചലം വരെയും വീണ്ടും ചലനം സൃഷ്ടിക്കും ഈ സമ്മേളനം. ഭാരതത്തില്‍ പ്രതിപക്ഷം വേണ്ടെന്നും അത് ഭരണകൂടത്തിനും ജനങ്ങള്‍ക്കുമിടയില്‍ ഒരു തടസമാണെന്നും അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ വരെ നിരോധിക്കണമെന്നും റഷ്യന്‍ പ്രസിഡന്റ് ബ്രഷ്‌നേവ് ഇന്ദിരാഗാന്ധിയെ ഉപദേശിച്ചിരുന്നു. ഈ ഉപദേശത്തിന്റെ ഫലമായിരുന്നു അടിയന്തരാവസ്ഥ. എന്നാല്‍ വിഡ്ഢികളായ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇതുവരെ അത് മനസ്സിലായിട്ടില്ല. ഇനിയൊരിക്കലും അതു മനസ്സിലാകാനും പോകുന്നില്ല. അതിനു കാരണം സായിബാബ പറഞ്ഞ പോലെ '-come you next'- ആണ് കമ്മ്യൂണിസ്റ്റുകാര്‍. അതായത് താമസിച്ചു ബുദ്ധി ഉദിക്കുന്നവര്‍, അല്ലെങ്കില്‍ പുറകെ വരുന്നവര്‍. ഇന്നും അവരുടെ അടവുനയങ്ങള്‍ അതു തന്നെയാണെന്നാണ് സമകാലീന സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യമുള്ളപ്പോള്‍ ക്ഷേത്രങ്ങളേയും ഈശ്വരസങ്കല്‍പങ്ങളേയും എതിര്‍ത്തും ചെറുത്തും പ്രവര്‍ത്തിച്ചും പ്രസംഗിച്ചും അവന്‍ പുരോഗമന വാദിയായി ചമയുന്നു. വിദ്യാഭ്യാസ രംഗങ്ങളില്‍ വൈകൃതങ്ങള്‍ സൃഷ്ടിച്ച് വിപ്ലവത്തിന്റെ വക്താക്കളായും പുരോഗമന സാഹിത്യത്തിന്റെ സൃഷ്ടികര്‍ത്താക്കളായും അറിയപ്പെടാനും ശ്രമിക്കുന്നു. ആ ഒറ്റക്കാരണത്താല്‍ ദൈവത്തിന്റെ  നാട് ചെകുത്താന്റെ നാടായി തീര്‍ന്നിരിക്കുന്നു. അവസാനം നട്ടംതിരിഞ്ഞ് എല്ലാം വലിച്ചെറിഞ്ഞ് ഭാര്യ പറഞ്ഞിട്ടെന്നും പറഞ്ഞ് പുതിയ അടവു നയം സ്വീകരിച്ച് പഴനിയില്‍ പോകുന്നു. ഈ വിവരം കെട്ട വൈരുദ്ധ്യാത്മക ഭൗതിക വാദികളുടെ പ്രവചനങ്ങളും പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും വിമര്‍ശനങ്ങളും ദേശീയവാദികള്‍ പുച്ഛിച്ച് തള്ളി വലിച്ചെറിയുന്നു. എന്നാല്‍ ഇപ്പോള്‍ പിടിച്ചു നില്‍പ്പിനായി ആര്‍ എസ്എസിനും ദേവറസിനും എതിരായി കള്ള പ്രചാരണം നടത്തുകയെന്നതാണ് അവരുടെ തൊഴില്‍. എന്നാല്‍ ഇതിനെല്ലാം അപ്പുറം കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് തന്റെ കമ്മ്യൂണിസ്റ്റ് പൂര്‍വ്വികരെ തള്ളിപ്പറഞ്ഞ് വിവേകാനന്ദന്റേയും  ശ്രീനാരായണന്റേയും പാതയിലാണ് തങ്ങളുടെ ജീവിതമെന്ന്  തിരിച്ചറിയുന്ന അനേകം ചെറുപ്പക്കാര്‍  ദേശീയവാദികളോടൊപ്പം എത്തിക്കഴിഞ്ഞിരിക്കുന്നു. അവരെ നമുക്ക് സ്‌നേഹവായ്‌പോടെ തലോടി  മാറോടണക്കാം. അങ്ങനെയുള്ള നൂറുകണക്കിന്  സഖാക്കന്‍മാര്‍ ആലുവ മണപ്പുറത്ത്  എത്തി കമ്മ്യൂണിസ്റ്റ് ബാധ ബാധിച്ച സ്വന്തം പൂര്‍വ്വികന്മാര്‍ക്ക് പിണ്ഡം വച്ച് സമ്മേളനത്തില്‍ അണിചേരുന്ന ചിത്രവും കാണുവാന്‍ സാധിക്കും. പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ സ്‌കൂളിലെ  എസ്എഫ്‌ഐക്കാരായ പത്തൊമ്പത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ സ്‌കൂളിന് മുന്നില്‍  വച്ച് പാഠപുസ്തകങ്ങളോടുകൂടി അറസ്റ്റ് ചെയ്ത് ക്രൂരമായി മര്‍ദ്ദിച്ച് ഉകഞ ചാര്‍ത്തി. പാലക്കാട് സബ് ജയിലില്‍  ക്രിമിനല്‍ തടവുകാരോടൊപ്പം അടച്ചു. ഒരു ഭാഗത്ത് പോലീസ് മര്‍ദ്ദനവും മറുഭാഗത്ത് തടവുപുള്ളികളുടെ മര്‍ദ്ദനവും അനുഭവിക്കേണ്ടി വന്നു അവര്‍ക്ക്. അന്നത്തെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്ന കോടിയേരി ബാലകൃഷ്ണനോട്  പില്‍ക്കാലത്ത് തെറ്റിപ്പിരിഞ്ഞ് അവര്‍ തന്റെ തെറ്റായ ചിന്തകള്‍ തിരുത്തി ആലുവ സമ്മേളനത്തില്‍ പങ്കുചേരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇവരെല്ലാം പാവപ്പെട്ട കര്‍ഷക തൊഴിലാളികളുടെ മക്കളാണ്. ഒരു വയസ്സിനും രണ്ടിനുമിടയില്‍ അമ്മമാരുടെ ഒക്കത്തിരുന്ന് സത്യഗ്രഹത്തില്‍ പങ്കുചേര്‍ന്ന്  ജയില്‍ വാസം അനുഭവിക്കാന്‍ മഹാഭാഗ്യം ലഭിച്ച മൂന്ന് യുവതികളും ആലുവ സമ്മേളനത്തില്‍  എത്തിച്ചേരുന്നു.  32 പല്ലും പോയി കഞ്ഞി ഞെരടിപ്പിഴിഞ്ഞ് കുടിക്കുന്നവര്‍.  വൃക്കകള്‍ രണ്ടും കേടുപറ്റി ഡയാലിസിസ് കൊണ്ട് മാത്രം  ജീവിക്കുന്നവര്‍, നട്ടെല്ലു തകര്‍ന്നവര്‍, സ്വന്തം ഭാര്യയും അമ്മയും മര്‍ദ്ദനം കണ്ട് ജീവിതം മുഴുവന്‍ ഭ്രാന്തിമാരായി തീര്‍ന്ന് ദു:ഖം അനുഭവിക്കുന്നവരെല്ലാം തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനായി ഈ സമ്മേളനത്തില്‍ പങ്കുചേരുന്നു. പാല സത്യഗ്രഹത്തില്‍  പട്ടിപ്പൂട്ടെന്ന കൊടും ക്രൂര പീഡനത്തിന് വിധേയരായ പന്ത്രണ്ടുപേര്‍, വൃഷ്ണവും ലിംഗവും തകര്‍ന്ന്  മൂത്ര വിസര്‍ജ്ജനത്തിന് പെടാപ്പാടുപെടുന്നവരില്‍  ഇന്ന് ജീവിച്ചിരിക്കുന്ന 9 പേരുടെ സാന്നിദ്ധ്യവും എല്ലാവരേയും കണ്ണീര്‍ കടലിലാക്കും. കാഴ്ച നഷ്ടപ്പെട്ടവന്‍, ശരീരം നീരുകെട്ടി മാംസപിണ്ഡത്തിന് തുല്യമായവന്‍, കാക്കത്തൂവലിന്റെ കൂര്‍ത്ത ഭാഗം ചെവിയിലിട്ട് കുത്തിയതിന്റെ ഫലമായി ഇയര്‍ ഡ്രം പൊട്ടി കേള്‍വി നഷ്ടപ്പെട്ടവന്‍, രണ്ടും കൈയും കൂട്ടി രണ്ടുചെവിയിലും അടിച്ചതിന്റെ ഫലമായി ബധിരനായവന്‍, വയറ്റില്‍ ക്ലിപ്പിട്ട് കുടല്‍മാല പിരിച്ചതിന്റെ ഫലമായി ആഹാരം കഴിക്കാന്‍ നിവൃത്തിയില്ലാതെ വയര്‍ നീരുകെട്ടി ദുരിതം അനുഭവിക്കുന്നവര്‍, സായിബാവ പുട്ടവര്‍ത്തിയില്‍ വിളിച്ചുവരുത്തി മേജര്‍ ഓപ്പറേഷന്‍ നടത്തിയതിനാല്‍ രക്ഷപ്പെട്ട വയനാട്ടുകാരന്‍ തുടങ്ങി വിവിധതരം പീഡനത്തിന്നിരയായ നിരവധിപേര്‍ അണിചേരുന്നു. അമ്മാവനും അനന്തിരവനും സത്യഗ്രഹികളില്‍ ഉണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് അവരോട് പരസ്പരം അടിക്കാന്‍ ആവശ്യപ്പെടുകയും ഇതു ചെയ്യാത്തതിനെ തുടര്‍ന്നുണ്ടായ കൊടിയ പീഡനം അനുഭവിച്ച് ക്ഷയരോഗം വന്നു മരിച്ച ചെങ്ങന്നൂര്‍  വെണ്‍മണിക്കാരന്റെ അനന്തിരവനും മുടിക്ക് പിടിച്ച് നിലത്തിട്ട് വലിച്ച് ചവിട്ടേറ്റതിന്റെ ഫലമായി മരിച്ച സ്ത്രീ സത്യഗ്രഹിയുടെ  മക്കളും സമ്മേളനത്തില്‍ എത്തിച്ചേരുന്നുണ്ട്. അങ്ങനെ അനേകരീതിയില്‍  പീഡനം അനുഭവിച്ച് മരിച്ചുപോയവരുടെ കുടുംബാംഗങ്ങളും  മരിച്ചു ജീവിക്കുന്നവരും ഒളിവില്‍  പ്രവര്‍ത്തിച്ചവര്‍ക്ക് ഭക്ഷണം നല്‍കിയവരും ഒളിവില്‍ പാര്‍ക്കുന്നതിന് വീട്ടില്‍ സൗകര്യം ഒരുക്കിയവരും ഉള്‍പ്പെടെ ആയിരങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. അടിയന്തരാവസ്ഥയ്‌ക്കെതിരെ നടന്ന ചെറുത്തു നില്‍പ് രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കുക, ബ്രിട്ടീഷുകാര്‍ ഭാരതീയരെ അടിച്ചമര്‍ത്തി ഭരിക്കാന്‍ ഉണ്ടാക്കിയ ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍സ് എടുത്തുകളയുക, ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് ചികിത്സാസഹായവും പെന്‍ഷനും അനുവദിക്കുക, മരിച്ചു പോയവരുടെ കുടുംബത്തെ സംരക്ഷിക്കുക പല തടവുകാരുടേയും മക്കളുടെ വിദ്യാഭ്യാസം നടത്തുന്നതിനായി സഹായിക്കുക, ഇതേക്കുറിച്ച് ഗവേഷണം ചെയ്യാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ സൗകര്യം ഒരുക്കി കൊടുക്കുക, സുപ്രീം കോടതിയില്‍ അടിയന്തരാവസ്ഥ വിഷയത്തില്‍ വിയോജനക്കുറിപ്പ് എഴുതിയ ഹന്‍സരാജ് ഖന്നയ്ക്ക് ചരിത്ര സ്മാരകം നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ധനകാര്യമന്ത്രിക്കും നേരിട്ട് നിവേദനം നല്‍കും. ഇതിനായി സമ്മേളനത്തില്‍ പ്രമേയം പാസാക്കുകയും ചെയ്യും.ഇപ്പോള്‍ തന്നെ ഏഴ് സംസ്ഥാനങ്ങളില്‍ പെന്‍ഷനും ചികിത്സാ അലവന്‍സും കൊടുക്കുന്നുണ്ട്. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഛത്തീസ്ഘഡ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് ഇവ. തങ്ങളുടെ സംസ്ഥാനത്തും പെന്‍ഷന്‍ പദ്ധതി തയ്യാറാക്കുന്നതിനായി ഒഡീഷ ചീഫ് സെക്രട്ടറി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് അറിയുവാന്‍ കഴിഞ്ഞു. അടിയന്തരാവസ്ഥയില്‍ ഭീകര രഹസ്യ മര്‍ദ്ദനങ്ങള്‍ നടന്നത് 90 ശതമാനവും കേരളത്തിലാണ്. അതിനു കാരണം സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയും, കെ. കരുണാകരന്‍ ആഭ്യന്തരമന്ത്രിയുമായിരുന്നതുമൂലമാണ്. കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും കൂടിചേര്‍ന്നാല്‍ വീണ്ടും ഭാരതത്തില്‍ ഇതു സംഭവിക്കും. ഇപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 37 സ്വാതന്ത്ര്യസമര പെന്‍ഷനുകളില്‍ 13 എണ്ണം കേരളത്തിലാണ്. പുന്നപ്ര വയലാര്‍, കരിവെള്ളൂര്‍, കാവുമ്പായി മൊറാ തുടങ്ങിയ സമരങ്ങളിലെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. മുസ്ലീം പ്രസ്ഥാനങ്ങള്‍ മാപ്പിള ലഹളയുടെ പേര് മാറ്റി പെന്‍ഷന്‍ മേടിക്കുന്നുണ്ട്. 1921 ലെ ഖിലാഫത്ത് പ്രശ്‌നമാണ് മാപ്പിള ലഹളയായി കലാശിച്ചത്. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗെവാര്‍ ഇതിനെ 'അഖിലാപത്ത്' എന്നു പറഞ്ഞതും ചരിത്ര രേഖയാണ്. നാലു പെന്‍ഷനുകള്‍ കര്‍ഷക ലഹളയുടെ പേരില്‍ മുസ്ലീം പ്രസ്ഥാനങ്ങള്‍ നേടിയെടുത്തു. ഭാവിയില്‍ മാറാട് കലാപത്തിലെ പ്രതികള്‍ക്കും പെന്‍ഷന്‍ അനുവദിച്ചാല്‍ അത്ഭുതപ്പെടാനാവില്ല. മഹാ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നവരെല്ലാം തന്നെ അനുഭവ സമ്പന്നരും, പ്രതിഭകളുമാണ്. അടിയന്തരാവസ്ഥയില്‍ ആര്‍എസ്എസിനു വേണ്ടി ഹേബിയസ് കോര്‍പസ് ഹര്‍ജികള്‍ ഫയല്‍ ചെയ്ത അഡ്വ. കെ. രാംകുമാര്‍ പങ്കെടുക്കുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ ഞാന്‍ ഉള്‍പ്പെടെയുള്ള നാല് ആര്‍എസ്എസ് പ്രചാരകന്മാര്‍ക്ക് വേണ്ടിയായിരുന്നു  ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തത്. 19 മാസത്തെ ജയില്‍വാസ അനുഭവങ്ങളുള്ള ഒ. രാജഗോപാല്‍, പി. നാരായണന്‍, ആര്‍. രവീന്ദ്രന്‍, പ്രവര്‍ത്തനങ്ങളെ നയിച്ച കെ. രാമന്‍ പിള്ള, സംഘപ്രസ്ഥാനങ്ങളെ നയിക്കുന്ന പി.ഇ.ബി. മേനോന്‍ എന്നിവരും സമ്മേളന വേദിയില്‍ നിറഞ്ഞു നില്‍ക്കും. മറ്റനേകം വിശിഷ്ട വ്യക്തികളും സമ്മേളനത്തിന്റെ മാറ്റു കൂട്ടും. അടിന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തുവാന്‍ വൈകുന്നേരം പ്രതിനിധികള്‍ക്ക് ജയില്‍ ഭക്ഷണമായ ചായയും ഗോതമ്പ് ഉണ്ടയുമാണ് നല്‍കുന്നത്. അടിയന്തരാവസ്ഥയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജനതയെ വരും നാളുകളില്‍ ദേശീയതലത്തില്‍ തന്നെ  സഹായിക്കുവാനാണ ് അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് എന്ന സംഘടന തുടങ്ങിയിരിക്കുന്നത്. ഹൃദയമുള്ളവരും സമര്‍പ്പണ ഭാവത്തോടെ പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധരുമായ എല്ലാവര്‍ക്കും ആലുവാ മഹാസമ്മേളനത്തിലേക്ക് സുസ്വാഗതം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.