മനസ് രൂപംകൊള്ളുന്നത്

Saturday 26 September 2015 7:49 pm IST

ലക്ഷ്യം എന്തു തന്നെയായാലും അതു നേടാനുള്ള സാമഗ്രികളെക്കുറിച്ചു സങ്കല്പിക്കണം. അതിനു സഹായിക്കുന്ന ആളുകളെയും പരിതഃസ്ഥിതികളെയും കുറിച്ചു സങ്കല്പിക്കണം. അങ്ങനെ അനന്തസങ്കല്പങ്ങള്‍ ആവിര്‍ഭവിക്കുന്നതോടെയാണ് മനസ്സു രൂപംകൊള്ളുന്നത്. മാറിമാറിയുള്ള സങ്കല്പങ്ങളില്‍പ്പെട്ടുഴലുന്ന അന്തഃകരണഘടകമാണ് മനസ്സ്. ഇത്രയുമാകുമ്പോഴേയ്ക്കും സങ്കല്പങ്ങളിലൂടെ സ്‌നേഹം, കോപം, അസൂയ, ദയ തുടങ്ങിയ വികാരങ്ങള്‍ രൂപപ്പെടുകയായി. വികാരങ്ങള്‍ക്ക് വശംവദമാകുന്ന അന്തഃകരണഘടകമാണ് ചിത്തം. അഹങ്കാരം, ബുദ്ധി, മനസ്സ്, ചിത്തം എന്നിവ നാലും ചേര്‍ന്നതാണ് അന്തഃകരണം. ബോധം ജഡാംശം അംഗീകരിച്ചു പെരുകിയതാണ് അന്തഃകരണമെന്ന് സ്പഷ്ടമാണല്ലോ. അതുകൊണ്ടുതന്നെ അന്തഃകരണം ബോധമല്ലെന്നു തെളിയുന്നു. ഈ അന്തഃകരണം വീണ്ടും സങ്കല്പിച്ചു പെരുകുന്നതാണ് ഇന്ദ്രിയങ്ങള്‍. എനിക്കു കേള്‍ക്കണം എന്ന സങ്കല്പത്തോടെ കര്‍ണം എന്ന ഇന്ദ്രിയം രൂപപ്പെട്ടു. ഇതെങ്ങനെയറിയാം? കേള്‍ക്കണം എന്നാ സങ്കല്പം ഇല്ലാതായാല്‍ ചെവിയില്ലാതാകും. അങ്ങനെയറിയാം. ഇതുപോലെ മറ്റെല്ലാ ഇന്ദ്രിയങ്ങളും രൂപപ്പെട്ടു. ഇന്ദ്രിയങ്ങളെന്ന ഉപകരണങ്ങളെ അംഗീകരിച്ചതോടെ ബോധരൂപമായ വസ്തു ആകാശം തുടങ്ങിയ പഞ്ചഭൂതങ്ങളായി കാണപ്പെട്ടു. ഇതെങ്ങനെയറിയാം? ഇന്ദ്രിയങ്ങളില്ലെങ്കില്‍ പഞ്ചഭൂതങ്ങള്‍ അനുഭവപ്പെടുകയേയില്ല. അങ്ങനെയറിയാം. തുടര്‍ന്നു വിവിധ നാമരൂസങ്കല്പങ്ങളിലൂടെ പഞ്ചഭൂതങ്ങള്‍ പ്രപഞ്ചമായും അനുഭവപ്പെട്ടു. ബോധത്തിലെ സങ്കല്പദൃശ്യങ്ങളാണ് പ്രപഞ്ചം. എങ്ങനെയറിയാം? ബോധം സങ്കല്പങ്ങളെല്ലാം കൈവെടിയുകയാണെങ്കില്‍ പ്രപഞ്ചം അപ്പാടെ മറയുന്നതാണ്. തുടര്‍ന്നു ശുദ്ധമായ ബോധം അദ്വയമായി അവശേഷിക്കുകയും ചെയ്യും. പ്രപഞ്ചാരംഭം മുതല്‍ പരീക്ഷിച്ചുറപ്പിക്കപ്പെട്ടുപോരുന്ന സ്ഥിതിയാണിത്. അതുകൊണ്ടാണ് ആചാര്യപാദര്‍ നമ്മോട് 'ചിദാനന്ദരൂപഃ ശിവോഹം ശിവോഹം' എന്നനുസന്ധാനം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശുദ്ധബോധവും ശുദ്ധാനന്ദവും ഒന്നു തന്നെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.