ഗുണ്ടൂര്‍: അണ്ടര്‍ 19 അന്തര്‍ സംസ്ഥാന വനിതാ ഏകദിന ക്രിക്കറ്റില്‍ കേരളം നോക്കൗട്ട് റൗണ്ടിലെത്തി. ഗോവന്‍ പെണ്‍കുട്ടികളെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കേരള വനിതകള്‍ നോക്കൗട്ടില്‍ പ്രവേശിച്ചത്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഗോവ വനിതകള്‍ 32.1 ഓവറില്‍ 69 റണ്‍സിന് ഓള് ഔട്ടായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരള പെണ്‍കുട്ടികള്‍ 36 ഓവറില്‍ നാല് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 70 റണ്‍സ് നേടി ലക്ഷ്യം മറികടന്നു. അക്ഷയയുടെ ഓള് റൗണ്ട് പ്രകടനമാണ് കേരളത്തിന് മികച്ച വിജയം സമ്മാനിച്ചത്. 16 റണ്‍സ് വിട്ടുകൊടുത്ത് ആറ് ഗോവന്‍ വിക്കറ്റുകള്‍ വീഴ്ത്തിയതിന് പിന്നാലെ കേരള ഇന്നിംഗ്സില്‍ 21 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയും ചെയ്തു.
ദക്ഷിണ മേഖലയില്‍ ആന്ധ്രാപ്രദേശിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് കേരളം നോക്കൗട്ട് റൗണ്ടിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: