ഭീമന്‍ വാടക: ഇന്ത്യ-ഗുവാം മത്സരം തിരുവനന്തപുരത്തുനിന്ന് മാറ്റിയേക്കും

Saturday 26 September 2015 8:44 pm IST

കൊച്ചി: ഇന്ത്യ-ഗുവാം ലോകകപ്പ് യോഗ്യതാ മത്സരം നടത്തുന്നതിന് ഭീമന്‍ വാടക വേണമെന്ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന്റെ നടത്തിപ്പുകാരായ ഐഎല്‍ ആന്റ് എഫ്എസ് കമ്പനി ആവശ്യപ്പെട്ടതോടെ നവംബര്‍ 12ന് നടക്കേണ്ടിയിരുന്ന മത്സരം പ്രതിസന്ധിയിലായി. ഏകദേശം 35 ലക്ഷത്തോളം രൂപയാണ് മത്സരം നടത്തുന്നതിന് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും ഭീമമായ വാടക നല്‍കി മത്സരം നടത്തിയാല്‍ വന്‍സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതിനാലാണ് കേരളത്തില്‍ നിന്ന് മാറ്റേണ്ട സാഹചര്യം ഉടലെടുത്തിരിക്കുന്നത്. കമ്പനി ആവശ്യപ്പെട്ട തുക വാടക ഇനത്തില്‍ നല്‍കിയില്ലെങ്കില്‍ ഇത്രയും തുക നല്‍കിയില്ലെങ്കില്‍ മത്സരത്തിനായി സ്‌റ്റേഡിയം വിട്ടുനല്‍കില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരള ഫുട്‌ബോള്‍ ഫെഡറേഷനാണ് മത്സരനടത്തിപ്പിന്റെ ചുമതല ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിത്തില്‍ ഇതേ സമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരം നടക്കുന്നതിനാലാണ് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ മത്സരം നടത്തുന്നതിന് കെഎഫ്എ തീരുമാനിച്ചത്. സ്‌റ്റേഡിയം ലഭിക്കാനായി ഐഎല്‍ ആന്റ് എഫ്എസ് കമ്പനി പ്രതിനിധിക്ക് കെഎഫഎ കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍, രാജ്യത്ത് ഒരു സ്‌റ്റേഡിയത്തിനും ഈടാക്കാത്ത വാടകയാണ് ഒരു ദിവസത്തേക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ഇത്രയും സാമ്പത്തിക ബാധ്യത തലയിലേറ്റി ഇന്ത്യാ-ഗുവാം മത്സരം കേരളത്തില്‍ നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് കെഎഫ്എ. വാടകയില്‍ ഇളവ് തേടി കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കെഎഫ്എ കത്ത് നല്‍കിയിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ കേരളത്തില്‍ നിന്നും വേദി മാറ്റാനാണ് തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.