തിരുവനന്തപുരം: അടുത്ത മാസം അഞ്ചു മുതല്‍ കോഴിക്കോട്ട് നടക്കുന്ന കേരളാ ബാഡ്മിന്റണ്‍ ലീഗ് ജൂനിയറില്‍ മാറ്റുരയ്ക്കുന്ന ആറ് ടീമിലെയും അംഗങ്ങളെ പ്രഖ്യാപിച്ചു. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള മികച്ച കളിക്കാരാണ് ടീമുകളിലുള്ളത്.
15, 17, 19 വയസ്സുകളുടെ ഗ്രൂപ്പില്‍ നിന്ന് റാങ്കിംഗ് അനുസരിച്ചാണ് ഒരോ ടീമിലേക്കും അംഗങ്ങളെ തെരഞ്ഞെടുത്തിട്ടുള്ളത്. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും തിളങ്ങിയിട്ടുള്ള എം.ആര് അര്ജ്ജുന്, മാളവിക ജെ.കെ, അസ്ന റോയ്, കിരണ്‍ ജോര്‍ജ്ജ്, ആര്യാ വാര്യര്‍ തുടങ്ങിയ കുട്ടികള്‍ വിവിധ ടീമുകളിലായി മത്സരത്തിനുണ്ട്. ടീമുകളുടെ കോച്ചുമാരെയും മാനേജര്‍മാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. ടീം പ്രഖ്യാപനവും ടീമംഗങ്ങളുടെ ജഴ്സി വിതരണം നടന് സുരേഷ് ഗോപി നിര്‍വ്വഹിച്ചു. ബാഡ്മിന്റണ്‍ ലീഗിന്റെ ബ്രാന്റ് അംബാസിഡറായ സുരേഷ് ഗോപിയുടെ തലസ്ഥാനത്തെ വസതിയിലായിരുന്നു ചടങ്ങ്.കോഴിക്കോട് വി.കെ. കൃഷ്ണമേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 9 വരെയാണ് മത്സരങ്ങള്‍.
പെണ്‍കുട്ടികളുടെ സിംഗിള്‍സ്, ഡബിള്‍സ്, ആണ്‍കുട്ടികളുടെ സിംഗിള്‍സ്, ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നിങ്ങനെയാകും മത്സരങ്ങള്‍ അരങ്ങേറുക. മൂന്നു ടീമുകള്‍ വീതം രണ്ട് ഗ്രൂപ്പുകളായി ലീഗ് മത്സരങ്ങള്‍ നടക്കും. മുന്നിലെത്തുന്ന നാലു ടീമുകള്‍ സെമി ഫൈനലിലെത്തും. തുടര്‍ന്ന് മികച്ച രണ്ട് ടീമുകള്‍ തമ്മില്‍ ഫൈനല്‍ മത്സരവും നടക്കും. വിജയിക്കുന്ന ടീമിന് 12 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.
ലീഗ് അടുത്ത മാസം അഞ്ചിന് കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് ഉദ്ഘാടനം ചെയ്യുമെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന് പ്രസിഡന്റ് എ. വല്‍സണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: