ഗുരുവായൂര്‍ ഏകാദശിക്ക്‌ ഒരുക്കങ്ങളായി

Saturday 3 December 2011 9:38 pm IST

ഗുരുവായൂര്‍ : പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ആഘോഷത്തിന്‌ ക്ഷേത്രനഗരി ഒരുങ്ങി. ആറിനാണ്‌ ഏകാദശി. വൃശ്ചികമാസത്തിലെ വെളുപ്പപക്ഷത്തിലെ ഏകാദശിയാണ്‌ ഗുരുവായൂര്‍ ഏകാദശിയായി ആഘോഷിക്കുന്നത്‌. വിവിധ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സംഘടനകളുടേയും വകയായാണ്‌ വിളക്കാഘോഷം നടത്തിവരുന്നത്‌. ഏകാദശിദിവസം ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന എല്ലാഭക്തര്‍ക്കും ഏകാദശി വ്രതത്തില്‍ കഴിക്കാവുന്ന വിഭവസമൃദ്ധമായ സദ്യ ദേവസ്വം ഒരുക്കുന്നുണ്ട്‌.
അഷ്ടമിദിവസം മുതല്‍ വിളക്കെഴുന്നള്ളിപ്പിന്‌ മനോഹരമായ സ്വര്‍ണക്കോലത്തിലാണ്‌ ഗുരുവായൂരപ്പന്‍ എഴുന്നള്ളുന്നത്‌. ഏകാദശി ദിവസം വരെ ഇതു തുടരും. ഏകാദശി ദിവസത്തെ വിളക്ക്‌ ഉദയാസ്തമനപൂജയോടെ ദേവസ്വമാണ്‌ നടത്തിവരുന്നത്‌. ദശമി ദിവസം ദീപാരാധനക്കുശേഷം നാലമ്പലത്തിനകത്ത്‌ മണിക്കിണറിനു സമീപം ഗണപതിക്ക്‌ നിവേദ്യം നല്‍കി അരി അളക്കല്‍ ചടങ്ങും തുടര്‍ന്ന്‌ അത്താഴപൂജയും നടക്കും. നവമി ദിവസം രാത്രി വിളക്ക്‌ എഴുന്നള്ളിപ്പ്‌ സമയം ശ്രീകോവില്‍ തുറന്നിരിക്കും. മറ്റുദിവസങ്ങളില്‍ നട അടച്ചുകൊണ്ടാണ്‌ എഴുന്നള്ളിപ്പ്‌ നടക്കുക.
ഏകാദശി ദിവസം കാണത്ത്‌ എട്ടരയോടെ ശീവേലി കഴിഞ്ഞ ശേഷമാണ്‌ ഉദയാസ്മനപൂജ. സന്ധ്യക്ക്‌ ദീപാരാധന, രാത്രി എട്ട്‌ മണിയോടെ അത്താഴപൂജ എന്നിവയുണ്ടാകും. ദ്വാദശി ദിവസം പുലര്‍ച്ചെ ദ്വാദശി പണസമര്‍പ്പണം നടക്കും. ഏകാദശി ഗീതാദിനമായും നാരായണീയം സമര്‍പ്പിച്ചദിനമായും ആചരിച്ചുവരുന്നു. ക്ഷേത്രം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്നുവരുന്ന ചെമ്പൈ സംഗീതോത്സവത്തിന്‌ ഏകാദശി ദിവസം തിരശ്ശീല വീഴും. ദശമി ദിവസം രാവിലെ പഞ്ചരത്നകീര്‍ത്തനാലാപനവും ഏകാദശി ദിവസം രാത്രി നടക്കുന്ന സമാപന കച്ചേരിയും ഏറെ ശ്രദ്ധേയമാണ്‌.
നാളെ ആനക്കോട്ടയിലെ ഗജവീരന്മാരും ആനപ്രേമികളും കേശവനെ അനുസ്മരിക്കും. ഗജഘോഷയാത്ര കേശവന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം, ആനയൂട്ട്‌ എന്നിവ നടക്കും. ഗജരത്നം പത്മനാഭന്‍ കേശവന്റെ ഛായാചിത്രം വഹിച്ച്‌ ഘോഷയാത്രയില്‍ പങ്കെടുക്കും.
കെ.ജി.രാധാകൃഷ്ണന്‍പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.