പൂനെ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥികള്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഈ മാസം 29ന് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെയാണ് 18 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നതെന്ന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സ്റ്റുഡന്റ്സ് അസോസിയേഷന് (എഫ്എസ്എ) പ്രതിനിധി രഞ്ജിത് നായര്‍.
അതേസമയം, ചര്‍ച്ചയിലെ ഫലം അനുകൂലമാകുന്നതു വരെ ക്ലാസ് ബഹിഷ്കരിച്ചുള്ള സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. നടന് ഗജേന്ദ്ര ചൗഹാനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായി നിയമിച്ചതിനെതിരെയാണ് ജൂണ്‍ 12ന് വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്കരണ സമരം തുടങ്ങിയത്.
മുംബൈയിലെ ഫിലിം ഡിവിഷനില്‍ 29ന് ചര്‍ച്ചയാകാമെന്ന് അറിയിച്ച് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സമരക്കാര്‍ക്ക് കത്തയച്ചിരുന്നു. കത്ത് ലഭിച്ചതോടെയാണ് സമരം പിന്‍വലിച്ചത്. ചര്‍ച്ചയില്‍ മൂന്നു പ്രതിനിധികളെ അയക്കുമെന്നും രഞ്ജിത് നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: