ആചാരങ്ങളെ കോപ്പിയടിക്കുന്നത് സിപിഎമ്മിന്റെ അപചയത്തിന് തെളിവ്: ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍

Sunday 27 September 2015 9:37 pm IST

പൊന്‍കുന്നം: ഹൈന്ദാവാചാരങ്ങളെ കോപ്പിയടിക്കുന്നത് സിപിഎമ്മിന്റെ അപചയത്തിന് തെളിവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍. ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ഭവനദാന പദ്ധതിയുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നടത്തിയ ശ്രീകൃഷ്ണജയന്തി ആഘോഷത്തെ പരാമര്‍ശിക്കുകയായിരുന്നു ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ 10 വര്‍ഷം കൊണ്ട് നടപ്പാക്കാനാവാത്ത വികസനമാണ് ഒരു വര്‍ഷം കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയത്. ഭാരതത്തിലാകമാനം വരും നാളുകള്‍ ബിജെപിയുടേതായിരിക്കുമെന്നും ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റിയും ദീനദയാല്‍ റൂറല്‍ ഡെവല്പ്‌മെന്റ് സൊസൈറ്റിയും ചേര്‍ന്നാണ് സ്ഥലം വാങ്ങി ചിറക്കടവ് പ്ലാവോലിക്കവലയില്‍ മൂന്നു വീടുകള്‍ നിര്‍മ്മിച്ച് ഭവനരഹിതര്‍ക്ക് നല്‍കിയത്. അര്‍ഹരായ രണ്ടുപേരെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. പിന്നീട് ലഭിച്ച 169 അപേക്ഷകളില്‍ നിന്ന് വേദിയില്‍ വച്ച് നറുക്കിട്ട് ഒരാള്‍ക്ക് കൂടി വീട് ലഭ്യമാക്കുകയായിരുന്നു. സുരേഷ് ഗോപിയാണ് നറുക്കെടുപ്പ് നിര്‍വ്വഹിച്ചത്. മൂന്നു വീടുകളുടെയും താക്കോല്‍ദാനവും സുരേഷ്‌ഗോപി നിര്‍വ്വഹിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിജു മണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പി.സി.തോമസ്, ആര്‍എസ്എസ് വിഭാഗ് സേവാ പ്രമുഖ് കെ.പി. സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്‌കുമാര്‍, സംസ്ഥാന നഗരപാലിക സെല്‍ കണ്‍വീനര്‍ വി.എന്‍. മനോജ്,കേരളാ കോണ്‍ഗ്രസ് നാഷണലിസ്റ്റ് ചെയര്‍മാന്‍ അഡ്വ. നോബിള്‍ മാത്യു, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ടി.ബി. ബിനു, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.ജി. വിനോദ്, നിര്‍മ്മാണ സമിതി കണ്‍വീനര്‍ പി.ആര്‍. ഗോപന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.