മുതലയെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു

Sunday 27 September 2015 9:43 pm IST

കാലടി: കാലടി ശ്രീശങ്കര കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കും സമീപവാസികള്‍ക്കും കൗതുകമായിരുന്ന ശങ്കരന്‍ എന്ന് വിളിക്കുന്ന മുതലയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വന്യജീവി ആക്ട് അനുസരിച്ച് പിടികൂടി. അന്‍പത്തിയഞ്ച് വര്‍ഷം മുമ്പ് ശ്രീശങ്കര കോളേജിലെ ഒരു വിദ്യാര്‍ത്ഥിയാണ് മുതലയെ കോളേജില്‍ എത്തിച്ചത്. പ്രിന്‍സിപ്പലിന്റെ റൂമിനോട് ചേര്‍ന്ന് പ്രത്യേകം ടാങ്ക്‌കെട്ടിയാണ് 7 അടിയോളം വലിപ്പമുള്ള ആണ്‍മുതലയെ പാര്‍പ്പിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കോളേജില്‍ എത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പരിശോധനക്ക് എത്തിയതാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. തുടര്‍ന്ന് കോടനാടുനിന്ന് മുതലയെ പിടിക്കുവാന്‍ വിദഗ്ധരും കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മുതലയെ പാര്‍പ്പിച്ചിട്ടുള്ള ടാങ്കിലെ വെള്ളം ഭാഗികമായി വറ്റിച്ചശേഷമാണ് മുതലയുടെ തലക്കും വാലിനും കയറിട്ടശേഷം മുഖത്ത് പ്ലാസ്റ്റിക് ടേപ്പ് ഒട്ടിച്ച് പലകയില്‍ വച്ച് കെട്ടി കോടനാട് റസ്‌ക്യൂ സെന്ററിലേക്ക് കൊണ്ടുപോയത്. വിവരം അറിഞ്ഞ് എത്തിയ നാട്ടുകാരും വിദ്യാര്‍ത്ഥികളും ഒഴിവുദിവസം രാത്രി മുതലയെ പിടിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു. ഇതിനിടയില്‍ മുതലയെ കൊണ്ടുപോകുന്നതില്‍ പ്രതിഷേധവുമായി എബിവിപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. മലയാറ്റൂര്‍ റെയ്ഞ്ച് ഓഫീസര്‍ അശോക്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുതലയെ കൊണ്ടുപോയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.