മൂല്യ വര്‍ധനവിലൂടെ നാളികേരത്തിന് മെച്ചപ്പെട്ട വില ഉറപ്പാക്കാമെന്ന് ബോര്‍ഡ്

Monday 28 September 2015 6:52 pm IST

കൊച്ചി: എല്ലാ സാഹചര്യങ്ങളും വിലസ്ഥിരതക്ക് അനുകൂലമായിരിക്കെ കൊപ്ര, വെളിച്ചെണ്ണ വിലകള്‍ തുടര്‍ച്ചയായി കുറയുന്ന പ്രവണത അസ്വാഭാവികമാണെന്ന് നാളികേര വികസന ബോര്‍ഡ്. കേര കര്‍ഷകര്‍ വിലയിടിവിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാളികേരത്തിന് വിലസ്ഥിരത ഉറപ്പു വരുത്തണമെങ്കില്‍ ഉല്‍പന്നത്തിന്റെ മൂല്യ വര്‍ദ്ധനവ് അത്യന്താപേക്ഷിതമാണെന്ന് ബോര്‍ഡ് വ്യക്തമാക്കി. നാളികേര ഉല്‍പാദക കമ്പനികള്‍ മായമില്ലാത്ത, ശുദ്ധമായ വെളിച്ചെണ്ണയുണ്ടാക്കുന്ന യൂണിറ്റുകള്‍ സ്ഥാപിക്കുകയും നാളികേര ഉല്‍പാദക ഫെഡറേഷനുകള്‍ ഫെയര്‍ ആവറേജ് ക്വാളിറ്റിയുള്ള കൊപ്ര ഉല്‍പാദിപ്പിക്കുവാനുതകുന്ന കൊപ്ര ഡ്രയറുകള്‍ സ്ഥാപിക്കുകയും ചെയ്യണം. ഇതുവഴി ഉല്‍പാദക കമ്പനികള്‍ സ്ഥാപിക്കുന്ന വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റിലേക്കുള്ള അസംസ്‌കൃത വസ്തുവിന്റെ സ്ഥിരമായ വിതരണം ഉറപ്പു വരുത്തുവാനും കഴിയും. നാളികേരപാലിന് നഗര വിപണിയിലും ഗ്രാമീണ വിപണിയിലും വന്‍ ഡിമാന്റാണുള്ളത്. അമേരിക്കയിലെ ‘So Delicious Diary Free’ കമ്പനി നാളികേരപ്പാലില്‍ നിന്നും 65 ല്‍പരം ഉല്‍പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. കര്‍ഷക കൂട്ടായ്മകള്‍ ഈ സാധ്യതയാണ് ചൂഷണം ചെയ്യേണ്ടതും. ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിഡി.ബി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (സിഐടി) നാളികേരത്തില്‍ നിന്നും ഫ്‌ളേവേര്‍ഡ് കോക്കനട്ട് മില്‍ക്ക് പുറത്തിറക്കിയിട്ടുണ്ട്. ഒരു ശരാശരി നാളികേരത്തില്‍ നിന്നും 800 മി.ലി നാളികേര പാല്‍ വരെ ആദ്യ പരീക്ഷണങ്ങളില്‍ നിന്നു ലഭിക്കുകയുണ്ടായി. ഈ സംസ്‌കരണ പ്രക്രിയക്ക് ഉയര്‍ന്ന സാങ്കേതിക വിദ്യയുടേയോ പരിശീലനത്തിന്റേയോ ആവശ്യമില്ല. കൂടിയ മുതല്‍ മുടക്കും ഇതിനു വേണ്ടി വരുന്നില്ല. ഇപ്രകാരം മൂല്യ വര്‍ദ്ധനവ് നടത്തുന്നതുവഴി കര്‍ഷകര്‍ക്ക് ഒരു നാളികേരത്തിന് 30 രൂപ മുതല്‍ 40 രൂപ വരെ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. വിപണിയില്‍ തുച്ഛമായ വിലയ്ക്ക് ഉല്‍പന്നം വിറ്റഴിക്കുന്നതിനു പകരം മൂല്യ വര്‍ദ്ധനവില്‍ ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടു മാത്രമേ കേര കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ഉറപ്പിക്കാന്‍ കഴിയൂ എന്ന യാഥാര്‍ത്ഥ്യം കൂട്ടായ്മകള്‍ തിരിച്ചറിയണം. നാളികേര ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.