നിയമം ലംഘിച്ച് പോലീസിന്റെ വാഹനപരിശോധന

Monday 28 September 2015 8:13 pm IST

ആലപ്പുഴ: വാഹനപരിശോധന സംബന്ധിച്ച സംസ്ഥാന പോലീസ് മേധാവിയുടെ സര്‍ക്കുലര്‍ കാറ്റില്‍പറത്തി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് വാഹന പരിശോധനകള്‍ നടത്തുന്നു. തിരക്കേറിയ സമയങ്ങളിലും മറവുള്ള ഇടങ്ങളിലും പാലങ്ങളുടെ അപ്രോച്ചുറോഡുകളിലും വാഹനപരിശോധന നടത്താന്‍ പാടില്ലെന്ന സര്‍ക്കുലര്‍ ലംഘിച്ചാണു നഗരത്തില്‍ വൈകുന്നേരങ്ങളില്‍ പോലീസ് വാഹന പരിശോധന നടത്തുന്നത്. തടഞ്ഞുനിര്‍ത്തുന്ന വാഹനങ്ങളുടെ സമീപത്തേക്കു പോലീസ് ഉദ്യോഗസ്ഥന്‍ എത്തണമെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല. വാഹനയാത്രക്കാര്‍ രേഖകളും മറ്റുമെടുത്ത് വാഹനപരിശോധന സംഘത്തിന്റെ അടുത്തേക്കെത്തെണമെന്നാണ് അവസ്ഥ. തിരക്കേറിയ ഇരുമ്പുപാലത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ട് നടത്തിയ പോലീസിന്റെ വാഹന പരിശോധന ഡിജിപിയുടെ സര്‍ക്കുലറിലെ എല്ലാ നിര്‍ദേശങ്ങളെയും മറികടന്നായിരുന്നു. പാലങ്ങളുടെ അപ്രോച്ചു റോഡിലും ഇറക്കത്തിലും വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ലെന്നാണു മോട്ടോര്‍ വാഹന നിയമമെങ്കിലും ഇതു ലംഘിച്ചു പോലീസ് വാഹനം ഇരുമ്പുപാലത്തിന്റെ തെക്കേക്കരയില്‍ പടിഞ്ഞാറേക്കുള്ള റോഡില്‍ നിര്‍ത്തിയായിരുന്നു പരിശോധന. കൂടാതെ പാലത്തിലടക്കം പരിശോധനാ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഉണ്ടായിരന്നു. പെട്ടെന്നു പോലീസ് കൈകാണിക്കുന്നതു കണ്ട് പരിഭ്രമിച്ച പലരും അപടകത്തില്‍പെടാതെ രക്ഷപ്പെട്ടതു ഭാഗ്യത്തിന് മാത്രമാണ്. വൈഎംസിഎ പാലത്തിനു കിഴക്കുവശവും പോലീസ് ഇത്തരത്തില്‍ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ ലംഘിച്ചു വാഹനപരിശോധന നടത്തുന്നതായി ആക്ഷേപമുണ്ട്. കയര്‍ മെഷീന്‍ ഫാക്ടറി-വൈഎംസിഎ റോഡിലേക്കു വരുന്ന വാഹനങ്ങള്‍ പിടികൂടുന്നതിനു മറവിലേക്കു പോലീസ് വാഹനം ഒതുക്കിയശേഷമാണു പകല്‍ നേരങ്ങളില്‍ ഇവിടെ പരിശോധന നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.