കോലഞ്ചേരി പള്ളിത്തര്‍ക്കം സംഘര്‍ഷം ആസൂത്രിതം; ലക്ഷ്യം നിലനില്‍പ്പ്

Monday 28 September 2015 8:33 pm IST

കൊച്ചി: ഒരിടവേളക്ക് ശേഷം കോലഞ്ചേരി പള്ളിത്തര്‍ക്കം തെരുവ് യുദ്ധത്തില്‍ എത്തിയതിന് പിന്നില്‍ സഭാധികാരികളുടെ ആസൂത്രിത നീക്കമെന്ന് വ്യക്തമാകുന്നു. പതിറ്റാണ്ടുകളായി തുടരുന്ന തര്‍ക്കത്തിലും സംഘര്‍ഷത്തിലും മനംമടുത്ത വിശ്വാസികള്‍ സഭാനേതൃത്വങ്ങള്‍ക്കെതിരെ തിരിയുന്ന ഘട്ടത്തിലാണ് വികാരിമാരുടെ നേതൃത്വത്തില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്.പരമാവധി വികാരമാളിക്കത്തിച്ച് നിലനില്‍പ്പിനുള്ള വഴിയായി സഭാനേതൃത്വങ്ങള്‍ സംഘര്‍ഷത്തെ ഉപയോഗിക്കുകയായിരുന്നു. രണ്ടായിരത്തോളം കുടുംബങ്ങളാണ് കോലഞ്ചേരി പള്ളിക്ക് കീഴിലുള്ളത്. ഇതില്‍ യാക്കോബായ വിഭാഗത്തിനാണ് ഭൂരിപക്ഷം. എന്നാല്‍ ഹൈക്കോടതി വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലവും. ഇതിനെതിരെ യാക്കോബായ വിഭാഗം നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സുപ്രീംകോടതി വിധിയും തങ്ങള്‍ക്കനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്ന ഓര്‍ത്തഡോക്‌സ് വിഭാഗം വിധി വൈകുന്നതില്‍ കടുത്ത നിരാശയിലാണ്. കഴിഞ്ഞ മാസം വിധി വരുമെന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്. വിധി അനിശ്ചിതമായി നീളുന്നതിനാല്‍ വിശ്വാസികള്‍ക്ക് താത്പര്യവും കുറഞ്ഞു. ചുരുക്കം ചില കുടുംബങ്ങള്‍ മാത്രമാണ് തര്‍ക്കത്തിലും സംഘര്‍ഷത്തിലും പങ്കാളികളാകുന്നത്. ഇവര്‍ കൂടി പിന്മാറുമെന്ന ഘട്ടമെത്തിയപ്പോഴാണ് യാക്കോബായ വിഭാഗത്തിന്റെ പ്രാര്‍ത്ഥനാ പന്തല്‍ കത്തിച്ചത്. പന്തല്‍ പുനര്‍നിര്‍മ്മിക്കാന്‍ യാക്കോബായ വിഭാഗം ശ്രമിച്ചപ്പോള്‍ മറുവിഭാഗം തടഞ്ഞു. ഇതോടെ കയ്യാങ്കളിയും കല്ലേറും പോലീസ് ലാത്തിച്ചാര്‍ജ്ജും നടന്നു. രണ്ട് വര്‍ഷമായി പ്രാര്‍ത്ഥന നടത്തുന്ന പന്തലാണ് കത്തിച്ചത്. പന്തല്‍ വേണ്ടെന്ന പരസ്യനിലപാടാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റേത്. മറുവശത്ത് യാക്കോബായ വിഭാഗത്തില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമാണിപ്പോള്‍. തലവനായ ബസേലിയോസ് തോമസ് പ്രഥമനെതിരെ ഒരു വിഭാഗം മെത്രാപ്പൊലീത്തമാരും വിശ്വാസികളും രംഗത്തുണ്ട്. സുപ്രീംകോടതി വിധി എതിരായാല്‍ വിശ്വാസികളെ പിടിച്ചുനിര്‍ത്തുകയും വേണം. ഇതിനിടയില്‍ വീണ് കിട്ടിയ പന്തല്‍ കത്തിക്കല്‍ യാക്കോബായ വിഭാഗവും അവസരമായിക്കണ്ടു. സംഘര്‍ഷമുണ്ടായതോടെ ഇരുവിഭാഗം സഭാനേതൃത്വത്തിനും തങ്ങളുടെ ലക്ഷ്യം ഒരുപരിധിവരെ നേടാനുമായി. പള്ളിത്തര്‍ക്കം സഭാനേതൃത്വങ്ങള്‍ സാമ്പത്തികമായി മുതലെടുക്കുന്നതും വിശ്വാസികളെ പിന്നോട്ട് വലിക്കുന്നുണ്ട്. കേസിനെന്ന് പറഞ്ഞ് ഇരുവിഭാഗവും മത്സരിച്ചാണ് വിശ്വാസികളില്‍ നിന്നും പണം പിരിക്കുന്നത്. കേസ് ചൂണ്ടിക്കാട്ടി വികാരിമാരുടെ സംഘം ഇടക്കിടെ ദല്‍ഹി യാത്രയും തരപ്പെടുത്തുന്നുണ്ട്. വിശ്വാസികളില്‍ നിന്നും കോടികള്‍ പിരിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം നിര്‍മ്മിച്ച ബഹുനിലക്കെട്ടിടം സഭാനേതൃത്വത്തിലെ ചിലര്‍ സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കുകയാണ്. വിശ്വാസത്തേക്കാളുപരി സാമ്പത്തികമാണ് പള്ളി തര്‍ക്കത്തിന് കാരണം. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കല്‍ കോളേജും പള്ളിക്ക് കീഴിലുണ്ട്. അതിനാല്‍ സുപ്രീംകോടതി വിധി വന്നാലും തര്‍ക്കം തീരില്ലെന്ന് വിശ്വാസികള്‍ ചൂണ്ടിക്കാട്ടുന്നു. കോലഞ്ചേരി പള്ളിക്ക് ഏതാനും കിലോമീറ്റര്‍ അകലെയാണ് കടമറ്റത്ത് കത്തനാരുടെ പേരില്‍ പ്രശസ്തമായ കടമറ്റം പള്ളി. ഇവിടെയും തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും സാമ്പത്തിക ലാഭമില്ലാത്തതിനാല്‍ സംഘര്‍ഷമോ അക്രമമോ ഉണ്ടാകാറില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.