തോട്ടം ഭൂമി പിടിച്ചെടുത്ത് തൊഴിലാളികള്‍ക്ക് നല്‍കും; ബിഎംഎസ്

Monday 28 September 2015 8:40 pm IST

തൊടുപുഴ : തോട്ടം മാനേജ്‌മെന്റ് തോട്ടം തൊഴിലാളികളുടെ സമരത്തോട് മുഖം തിരിഞ്ഞ്് നിന്നാല്‍ തോട്ടം ഭൂമി പിടിച്ചെടുത്ത് തൊഴിലാളികള്‍ക്ക് നല്‍കുമെന്ന് ബിഎംഎസ് ജില്ല ജോയിന്റ് സെക്രട്ടറി എ.പി സഞ്ചു പറഞ്ഞു. കാളിയാര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ നടത്തുന്ന സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. കേരളത്തിലെ തോട്ടം തൊഴിലാളികള്‍ക്ക് മിനിമം കൂലി 500 രൂപ നല്‍കുക, തോട്ടം തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ പരിരക്ഷ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎംഎസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എസ്റ്റേറ്റുകളിലെ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തിവരികയാണ്. ഹാരിസണ്‍ മലയാളം കമ്പനി തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കാളിയാറിലെ തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. തോട്ടം തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നെടുക്കുന്ന ഇടതു വലതു രാഷ്ട്രീയ ട്രേഡ് യൂണിയനുകളുടെ പൊയ്മുഖം തിരിച്ചറിഞ്ഞ് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എല്ലാ വിഭാഗം തൊഴിലാളികളും തയ്യാറാകണമെന്ന് സമരമുഖത്ത് സംസാരിച്ച ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി സരിത ബിജു പറഞ്ഞു. മേഖല പ്രസിഡന്റ് പി.കെ സിജോ, കോടിക്കുളം പഞ്ചായത്ത് സെക്രട്ടറി എം.ടി രതീഷ്, കാളിയാര്‍ എസ്റ്റേറ്റ് യൂണിയന്‍ സെക്രട്ടറി പി.കെ ഷൈന്‍ മോന്‍, വൈസ് പ്രസിഡന്റ് മായ, സഹദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.