ജനറല്‍ ആശുപത്രി വികസന പാതയില്‍

Sunday 4 December 2011 10:50 am IST

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രി മള്‍ട്ടി സ്പെഷ്യാലിറ്റി പദവിയില്‍ നിന്നും സൂപ്പര്‍ സ്പെഷ്യാലിറ്റി തലത്തിലേക്ക്‌ ഉയരാനുളള നടപടികള്‍ ആരംഭിച്ചു. ആശുപത്രി വികസന സൊസൈറ്റി ഇതു സംബന്ധിച്ച പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്‌. സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലയിലെ ജനപ്രതിനിധികളുടെയും സഹകരണത്തോടെ ഈ നിര്‍ദേശം ഉടന്‍തന്നെ പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക്‌ പരീതിന്റെ അധ്യക്ഷതയില്‍ സൊസൈറ്റി യോഗം ചേര്‍ന്നു. 20 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന കാന്റീന്‍ പണികള്‍ അടുത്ത ആഴ്ചതന്നെ തുടങ്ങാന്‍ യോഗം നിര്‍ദേശിച്ചു. ഹൈബി ഈഡന്‍ എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ട്‌ ഉപയോഗിച്ചാണ്‌ പ്രവൃത്തി ഏറ്റെടുക്കുന്നത്‌. കഴിഞ്ഞയാഴ്ച രണ്ടു കോടി രൂപ ആശുപത്രി വികസന ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി സൂപ്രണ്ട്‌ എം.ഐ.ജുനൈദ്‌ റഹ്മാന്‍ പറഞ്ഞു. ഇതിനുളള പ്രവൃത്തികള്‍ താമസിയാതെ ആരംഭിക്കും. അര്‍ബുദരോഗ ചികിത്സയ്ക്കായി 50 ലക്ഷം രൂപയും സര്‍ക്കാരില്‍ നിന്നും ലഭിച്ചതായി അദ്ദേഹം പറഞ്ഞു. അര്‍ബുദ രോഗികള്‍ക്ക്‌ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ സൗജന്യചികിത്സ നല്‍കാന്‍ തീരുമാനമുണ്ടാകണമെന്ന്‌ യോഗം സര്‍ക്കാരിനോട്‌ അഭ്യര്‍ഥിച്ചു. 800 കിടക്കകളുളള ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്കു സൗജന്യഭക്ഷണം നല്‍കുന്ന ഊട്ടുപുര പദ്ധതിയുടെ പ്രവര്‍ത്തനം യോഗം വിലയിരുത്തി. പ്രതിദിനം 20,000 രൂപ നിരക്കില്‍ 72 ലക്ഷം രൂപ ഇതിന്‌ ഒരു വര്‍ഷം വേണ്ടിവരും. സ്പോണ്‍സര്‍ഷിപ്പിലൂടെ തുക കണ്ടെത്താന്‍ ബുദ്ധിമുട്ടില്ലെന്ന്‌ കളക്ടര്‍ അറിയിച്ചു. സ്പോണ്‍സര്‍മാരുടെ യോഗം ഉടന്‍ വിളിക്കുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ഹൈബി ഈഡന്‍ എംഎല്‍എ, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ബീന, അംഗങ്ങളായ എ.ശ്രീധരന്‍, പി.എ.ബോസ,്‌ കുമ്പളം രവി, എം.പി.രാധാകൃഷ്ണന്‍, റോയ്‌ അറയ്ക്കല്‍, ജി.എസ്‌.ബൈജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.വിനോദ്‌, മരാമത്ത്‌ കെട്ടിടവിഭാഗം എക്സി.എഞ്ചിനീയര്‍ പി.എ.ഹാഷിം തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.