സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; 14 കോളേജുകളും കരാറില്‍ ഒപ്പിട്ടു

Monday 28 September 2015 10:15 pm IST

തിരുവനന്തപുരം: മുന്‍വര്‍ഷം സര്‍ക്കാരുമായി ധാരണയിലായിരുന്ന 15 സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 14 എണ്ണവും ഈ വര്‍ഷവും കരാര്‍ ഒപ്പിട്ടെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ന്യൂനപക്ഷപദവി ലഭിച്ച ഒരു കോളേജാണ് സര്‍ക്കാരുമായി കരാര്‍ ഒപ്പിടാന്‍ തയ്യാറാവാത്തത്. ന്യൂനപക്ഷപദവി ലഭിച്ചതിനാല്‍ സുപ്രീംകോടതി ഉത്തരവനുസരിച്ച് സ്വന്തം നിലയ്ക്ക് എംബിബിഎസ് പ്രവേശനം നടത്താന്‍ അധികാരമുണ്ടെന്നു കാണിച്ച് കൊല്ലം അസീസിയ മെഡിക്കല്‍ കോളേജാണ് കരാറിലേര്‍പ്പെടാതെ വിട്ടുനില്‍ക്കുന്നത്. ഈ കോളേജ് ഉള്‍പ്പെടെ ന്യൂനപക്ഷപദവിയുടെ പേരില്‍  സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തിയ ആറ് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനം സംബന്ധിച്ച എല്ലാ നടപടികളും പരിശോധനയ്ക്ക് വിധേയമാക്കാന്‍ ജയിംസ് കമ്മിറ്റിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കമ്മിറ്റി ഉടന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാരുമായി കരാറില്‍ ഒപ്പിട്ട 14 കോളേജുകളില്‍ ആറെണ്ണത്തിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കാത്തതാണ് ഇത്തവണ പ്രവേശനനടപടികള്‍ താമസിപ്പിച്ചത്. മൂന്നുദിവസം മുമ്പാണ് ഈ കോളേജുകള്‍ പ്രവേശനം നടത്തുന്നതിനുള്ള ഹൈക്കോടതി വിധി സമ്പാദിച്ചത്. റാങ്ക് ലിസ്റ്റിലുള്ള പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭ്യമാക്കുന്നതിനുവേണ്ടി ഇവയ്ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. ആലപ്പുഴ, തൃശൂര്‍ ഗവ. ഡന്റല്‍ കോളേജുകളില്‍ ബിഡിഎസ് പ്രവേശനത്തിന് 50 സീറ്റുകള്‍ വീതം നേടിയെടുക്കാന്‍ കോടതി മുഖേനയുള്ള സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.