പരിശോധന പ്രഹസനമാകുന്നു; മായം കലര്‍ന്ന വെളിച്ചെണ്ണ വിപണയില്‍ സുലഭം

Monday 28 September 2015 11:30 pm IST

തിരുവനന്തപുരം: പരിശോധനകള്‍ പ്രഹസനമായി മാറിയതോടെ അന്യസംസ്ഥാനത്തു നിന്നെത്തുന്ന വിഷലിപ്തമായ വെളിച്ചെണ്ണ കേരളത്തിന്റെ വിപണികള്‍ വീണ്ടും കീഴടക്കുന്നു. മലയാളിയുടെ വെളിച്ചെണ്ണയുടെ ആവശ്യം കണക്കിലെടുത്താണ് മറുനാട്ടില്‍ നിന്ന് അതിര്‍ത്തി കടന്ന് വ്യജ വെളിച്ചെണ്ണ വിപണിയില്‍ സുലഭമാകുന്നത്. ശുദ്ധമായ വെളിച്ചെണ്ണയുടെ മനം മയക്കുന്ന ഗന്ധത്തിനു പകരം നമ്മുടെ അടുക്കളകളില്‍ നിന്നുയരുന്നത് മായം കലര്‍ന്ന വെളിച്ചെണ്ണയുടെ മണം. അടുത്തിടെ കേരളത്തിനകത്തും പുറത്തും നടത്തിയ പരിശോധനകളില്‍ ഇവിടെ എത്തുന്ന പായ്ക്കറ്റ് വെളിച്ചെണ്ണകളില്‍ നല്ലൊരു ശതമാനവും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.മനുഷ്യ ശരീരത്തില്‍ മാരക രോഗങ്ങള്‍ പകരാന്‍ കെല്‍പ്പുള്ള ലിക്വിഡ് പാരഫിന്റെ സാന്നിധ്യമാണു അന്യസംസ്ഥാനത്തു നിന്നെത്തുന്ന വെളിച്ചെണ്ണയില്‍ കണ്ടെത്തിയത്. ഇതിനു പുറമെ പാം കെര്‍ണല്‍ ഓയില്‍, സോള്‍വന്റ് ഓയില്‍ അടക്കമുള്ള ദ്രാവകങ്ങള്‍ പരിശോധനാ സാമ്പിളുകളില്‍ കണ്ടിരുന്നു. പായ്ക്കുചെയ്ത 500 ല്‍പരം ബ്രാന്‍ഡഡ് വെളിച്ചെണ്ണകളാണ് ഇന്ന് നമ്മുടെ വിപണികളിലുള്ളത്. ഇവയ്ക്ക് പുറമെ നൂറുകണക്കിന് ലോറികളില്‍ പായ്ക്ക് ചെയ്യാത്ത വെളിച്ചെണ്ണയും അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകുന്നുണ്ട്. തമിഴ്‌നാട്ടിലെ കാങ്കയം, നെഗമം, പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളിലും കര്‍ണ്ണാടകയിലും പ്രവര്‍ത്തിക്കുന്ന അനധികൃത മിക്‌സിംഗ് പ്ലാന്റുകളില്‍ ഉത്പാദിപ്പിക്കുന്ന മായത്തില്‍ മുങ്ങിയ വെളിച്ചെണ്ണയാണു സംസ്ഥാനത്ത് എത്തുന്നത്.ഈ വെളിച്ചെണ്ണ അതിര്‍ത്തിയില്‍ തടയാനോ കൃത്യതയാര്‍ന്ന പരിശോധനകള്‍ക്കോ നമ്മുടെ നാട്ടില്‍ ഒരു സംവിധാനങ്ങളുമില്ല. അവസരം മുതലെടുത്ത് നിറവും മണവും രാസവസ്തുക്കളും ചേര്‍ത്ത് പല പേരുകളില്‍ പല കമ്പനികള്‍ ആകര്‍ഷകമായ പായ്ക്കറ്റുകളില്‍ വെളിച്ചെണ്ണ വിപണിയില്‍ എത്തിക്കുന്നു. ശുദ്ധമായ വെളിച്ചെണ്ണയ്ക്ക ്്140 മുതല്‍ 180 രൂപ വരെ വിലയുള്ളപ്പോള്‍ മറുനാടന്‍ വ്യാജന്‍ 80 രൂപയ്ക്ക് വ്യാപാരികളുടെ കൈകളിലെത്തും. വെളിച്ചെണ്ണയുടെ ഫാറ്റി ആസിഡ് കോമ്പിനേഷനോട് പാം കെര്‍ണി ഓയിലിന് സാമ്യമുള്ളതിനാല്‍ ഇതിലെ മായം കണ്ടെത്തല്‍ സാധ്യമല്ല. മാത്രവുമല്ല കേരളത്തിലെ ലാബുകളില്‍ ഇത്തരം പരിശോധനകള്‍ക്ക് വേണ്ട സൗകര്യങ്ങളുമില്ല.ഈ അപര്യാപ്തതയാണു വ്യാജ ലോബികള്‍ക്ക് കരുത്ത് പകരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.