ന്യൂദൽഹി: ഐഎസ് ഭീകരർ ദൽഹിയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വരുന്ന ഉത്സവകാലത്ത് ആക്രമണം നടത്താനാണ് ഐഎസ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇന്റലിജൻസ് വിഭാഗമാണ് ദൽഹി പോലീസിന് വിവരം കൈമാറിയത്.
രാജസ്ഥാനിലും ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് പറയുന്നു. ഇതു സംബന്ധിച്ച് രാജസ്ഥാൻ പോലീസിനും ഇന്റലിജൻസ് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിനെ തുടർന്ന് ദൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ നഗരത്തിൽ അതീവ സുരക്ഷ ഏർപ്പെടുത്തി.
ഒറ്റപ്പെട്ടതോ, രണ്ടോ മൂന്നോ തവണയായോ ആയിരിക്കും ആക്രമണത്തിന് സാധ്യതയെന്നും ഇന്റലിജൻസിനെ ഉദ്ധരിച്ച് ഒരു ദേശീയ ദിനപത്രവും റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിൽ ഭീകരാക്രമണ ഭീഷണി വന്നതിനു പിന്നാലെയാണ് ഈ റിപ്പോർട്ടും പുറത്തുവന്നത്.
മുംബൈയിൽ രണ്ട് വിമാനത്താവളങ്ങളിലും താജ് ഹോട്ടലിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഇന്നലെ രാത്രിയാണ് വിമാനത്താവള മാനേജർക്ക് ഭീഷണി ലഭിച്ചത്. ഇതേതുടർന്ന് മുംബൈതിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ദീപാവലി അടുത്തുവരുന്ന സാഹചര്യത്തിൽ രാജ്യമെമ്പാടും കൂടുതൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: