ദശരഥന്റെ ചരമം വാല്മീകീ രാമായണത്തില്‍

Tuesday 29 September 2015 8:42 pm IST

അയോദ്ധ്യാകാണ്ഡം 64 മുതല്‍ 68 വരെ അഞ്ചു സര്‍ഗങ്ങളില്‍ ദശരഥന്റെ ചരമ രംഗവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും വാല്മീകി വര്‍ണ്ണിക്കുന്നു. ഒരു ഭവനത്തില്‍ ഗൃഹനാഥന്‍ അന്തരിച്ചാല്‍ എന്തെല്ലാം വിലാപങ്ങളുണ്ടാകുമോ അതെല്ലാം കൗസല്യയുടെ അന്തഃപുരത്തിലുമുണ്ടായി. ദശരഥന്‍ തന്റെ അന്ത്യം മുന്നില്‍ കാണുന്നതായി വാല്മീകി സൂചിപ്പിക്കുന്നു. വളരെമുമ്പ് ചെറുപ്പത്തില്‍ നടന്ന നായാട്ടും മുനിശാപവും പെട്ടെന്ന് സ്മരണയിലെത്തുന്നത് അതുകൊണ്ടാണ്. താപസദമ്പതിമാരുടെ ശാപകഥ വിവരിച്ചിട്ട് ദശരഥന്‍ കൗസല്യയോടു പറയുന്നു. ''അല്ലയോ ദേവി, ചെറുപ്പത്തില്‍ ശബ്ദംകേട്ടു ലക്ഷ്യം പിളര്‍ക്കാന്‍ കഴിവു സമ്പാദിച്ച ഞാന്‍ സ്വയം ചെയ്ത പാപത്തിന്റെ കഥ ഇപ്പോള്‍ എനിക്കോര്‍മ്മ വരുന്നു. അപത്ഥ്യമായി കഴിച്ച ഭക്ഷണം രോഗമുണ്ടാക്കുന്നതുപോലെ എന്റെ കര്‍മ്മത്തിന്റെ ഫലമായിട്ടാണ് ഈ സ്ഥിതി വന്നുചേര്‍ന്നത്. അല്ലയോ നല്ലവളായ പത്‌നി, ഞാനിപ്പോള്‍ പുത്രശോകംകൊണ്ട് ജീവന്‍ വെടിയും എനിക്കിപ്പോള്‍ കണ്ണുകൊണ്ട് നിന്നെക്കാണാന്‍ സാധിക്കുന്നില്ല. നീയെന്നെയൊന്നു തൊടൂ. മനുഷ്യര്‍ക്ക് യമലോകത്തോടടുക്കുന്തോറും ഒന്നും കാണാന്‍ സാധിക്കുകയില്ലല്ലോ. എന്റെ ഓര്‍മ്മയും നശിച്ചുകൊണ്ടിരിക്കുന്നു. കാലദൂതന്മാര്‍ എന്നെ തിടു    ക്കപ്പെടുത്തുന്നു. എന്റെ മനസ്സു നശിച്ചതിനാല്‍ എണ്ണതീര്‍ന്ന വിളക്കിലെ പ്രകാശംപോലെ എല്ലാ ഇന്ദ്രിയങ്ങളുടെയും ശക്തി നശിച്ചു. അല്ലയോ രാമ! പിതാവിനോടു സ്‌നേഹമുള്ളവനെ, എന്റെ മകനേ, നീ പോയല്ലോ, വ്യവസനം കൊണ്ട് ഞാനിതാ മരിക്കുന്നു. അയ്യോ കൗസേല്യ, സുമിത്രേ, എന്റെ ശത്രുവായ കൈകേയി, വംശത്തിനു കളങ്കമുണ്ടാക്കിയവളേ, ഞാനിതാ മരിക്കുന്നു.'' പ്രിയപ്പെട്ട പുത്രനെ രാജ്യത്തുനിന്നും പുറത്താക്കിയതില്‍ വ്യസനിച്ചുകൊണ്ടിരിക്കുന്നവനും ഔദാര്യനിധിയുമായ ആ രാജാവ് ദയനീയമായി ഓരോന്നു പുലമ്പിക്കൊണ്ടിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ കഠിനദുഃഖം സഹിച്ചുകൊണ്ടിരിക്കാന്‍ കഴിയാതെ ജീവന്‍ വെടിഞ്ഞു. രാജാവ് മരിച്ചവിവരം അപ്പോഴുമറിഞ്ഞില്ല. രാജാവു മോഹാലസ്യപ്പെട്ടതാണെന്നു ധരിച്ച് ദുഃഖം സഹിക്കാനാകാതെ കൗസല്യയും സുമിത്രയും ബോധഹീനരായി. പ്രഭാതത്തില്‍ പതിവുപോലെ രാജാവിനെ പള്ളിയുണര്‍ത്താനെത്തിയ സുതന്മാര്‍ വാദ്യവൃന്ദങ്ങള്‍ മുഴക്കി ഗാനം തുടങ്ങി. രാജാവിനെ കുളിപ്പിക്കാനും മറ്റുമെത്തിയ സ്ത്രീകള്‍ കാത്തിരുന്നിട്ടും അദ്ദേഹം ഉണര്‍ന്നുവന്നില്ല. ദശരഥന്റെ അന്തഃപ്പുരത്തിലെ ചില സ്ത്രീകള്‍ രാജാവിനെ കുലിക്കിയുണര്‍ത്താന്‍ നോക്കി. അവര്‍ സംശയിച്ചു നിന്നു. പിന്നെ ആ യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിഞ്ഞു. അവരുടെ ആര്‍ത്തനാദം കേട്ടുണര്‍ന്ന കൗസല്യയും സുമിത്രയും ബോധവതികളായി. അയ്യോ നാഥായെന്നു വിളിച്ചുകൊണ്ട് പിന്നെയും ബോധം കെട്ടുവീണു. ആ കൊട്ടാരത്തിലെങ്ങും നിലവിളികള്‍ ഉയര്‍ന്നപ്പോള്‍ സകലരും പരിഭ്രമിച്ചു. ബന്ധുക്കള്‍ വ്യസനംകൊണ്ട് പരവശരായിത്തീര്‍ന്നു. പിന്നീട് ദയനീയവും ഭയങ്കരവുമായ കാഴ്ചയാണ് ദൃഷ്ടിഗോചരമായത്. വസിഷ്ഠനും മന്ത്രിമാരും പൗരപ്രധാനികളും ഓടിയെത്തി. വസിഷ്ഠന്റെ ആജ്ഞയനുസരിച്ച് മന്ത്രിമാര്‍ രാജാവിന്റെ ശരീരം എണ്ണത്തോണിയില്‍ കിടത്തി. ഒരു പുത്രനെങ്കിലുമില്ലാതെ രാജാവിനെ സംസ്‌കരിക്കാന്‍ അവര്‍ ഉദ്ദേശിച്ചില്ല. എത്തിച്ചേര്‍ന്ന സുഹൃത്തുക്കളും ബന്ധുക്കളും രാജാവിന്റെ പുത്രന്‍ വരാതെ ശരീരം സംസ്‌കരിക്കണ്ടായെന്ന് അഭിപ്രായപ്പെട്ടു. അന്നുരാത്രി കടന്നുപോയി പ്രഭാതത്തില്‍ രാജാവിനുവേണ്ടി എല്ലാകാര്യങ്ങളും ചെയ്യുന്ന അധികാരികളും ബ്രാഹ്മണരും ഒരുമിച്ചുചേര്‍ന്ന് സഭകൂടി മാര്‍ക്കണ്‌ഡേയന്‍, മൗദ്ഗല്യന്‍, വാമദേവന്‍, കശ്യപന്‍, കാത്യായനന്‍, ഗൗതമന്‍, ജാബാലി തുടങ്ങിയവര്‍ വസിഷ്ഠനെ സമീപിച്ച് രാജ്യം അനാഥമാകാന്‍ അനുവദിക്കരുതെന്നപേക്ഷിച്ചു. ഇക്ഷ്വാകുവംശത്തിലെ ആരെയെങ്കിലും ഉടന്‍ രാജാവായി അഭിഷേകം ചെയ്യണമെന്നഭിപ്രായപ്പെട്ടു. രാജാവില്ലാതായാലുള്ള ദോഷങ്ങള്‍ അവര്‍ വിവരിക്കുന്നു. ഇവയില്‍ മൂന്നു ശ്ലോകങ്ങള്‍ പ്രധാനമാണ്. യഥാദൃഷ്ടിഃ ശരീരസ്യ നിത്യമേവ പ്രവര്‍ത്തതേ തഥാ നരേന്ദ്രോ രാഷ്ട്രസ്യ പ്രഭവഃ സത്യധര്‍മ്മയോഃ രാജാസത്യം ച ധര്‍മ്മശ്ച രാജാ കുലവതാം കുലം രാജാ മാതാ പിതാ ചൈവ രാജാ ഹിതകരോ നൃണാം യമോ വൈശ്രവണഃ ശക്രോ വരുണശ്ച മഹാബലഃ വിശിഷ്യന്തേ നരേന്ദ്രേണ വൃത്തേന മഹതാ തതഃ (കണ്ണ് മനുഷ്യനും നല്ലതും ചീത്തയും കാണിച്ചുതരുന്നതുപോലെ രാജാവ് രാജ്യത്തിന് സത്യവും ധര്‍മ്മവും കാണിച്ചുതരുന്നു. രാജാവാണ് സത്യധര്‍മ്മങ്ങള്‍, രാജാവാണ് കുലീനന്മാരുടെ കുലം, രാജാവാണ് അച്ഛനുമമ്മയും, രാജാവാണ് ജനങ്ങള്‍ക്ക് നന്മ ചെയ്യുന്നവന്‍, യമന്‍, വൈശ്രവണന്‍, ദേവേന്ദ്രന്‍, വരുണന്‍ എന്നിവരെക്കാളധികം തന്റെ പ്രവൃത്തികള്‍കൊണ്ട്     രാജാവ് മഹത്വമുള്ളവനാണ്) ദശരഥന്‍ ഭരതനാണ് രാജ്യം നല്‍കിയത്. അതിനാല്‍ ഉടനെ കേകയത്തുനിന്നും ഭരതനെ വരുത്തി സംസ്‌കാരകര്‍മ്മവും അഭിഷേകവും നടത്താം എന്ന് വസിഷ്ഠന്‍ അഭിപ്രായപ്പെട്ടു. അതനുസരിച്ച് വിജയന്‍, ജയന്തന്‍, അശോകന്‍, നന്ദനന്‍ എന്നീ സമര്‍ത്ഥന്മാരും ശുരന്മാരുമായ നാലു ഭൂതന്മാരെ വേഗതയേറിയ കുതിരകളുമായി ഭരതശത്രുഘ്‌നന്മാരെ കൂട്ടിക്കൊണ്ടുവരാന്‍ നിയോഗിച്ചു. അവര്‍ക്കു ധരിക്കാനുള്ള വസ്ത്രാഭരണങ്ങളും കൊടുത്തയച്ചു. ഉടനടി അയോദ്ധ്യയിലെത്തി കൗസല്യയേയും ദശരഥനേയും കാണണം എന്നുമാത്രമേ അവരോടു പറയാവുയെന്നും നിര്‍ദ്ദേശിച്ചിരുന്നു. രാമന്റെ വനയാത്രയും പിതാവിന്റെ മരണവുമറിഞ്ഞാല്‍ ഭരതന് സഹിക്കാന്‍ കഴിയാതെ എന്തെങ്കിലും സാഹസം പ്രവര്‍ത്തിക്കുമെന്ന് വസിഷ്ഠനറിയാം. അതുകൊണ്ടാണ് മരണവാര്‍ത്ത യുധാജിത്തിനെപ്പോലുമറിയിക്കാത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.