നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പല്‍ കൊച്ചി ഇന്നു കമ്മീഷന്‍ ചെയ്യും

Wednesday 30 September 2015 10:47 am IST

കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ മിസൈല്‍ നശീകരണ ശേഷിയുള്ള കപ്പല്‍ 'കൊച്ചി' ഇന്ന് കമ്മീഷന്‍ ചെയ്യും. ഇന്ന് രാവിലെ 10നു മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ കപ്പലിന്റെ കമ്മീഷനിംഗ് നിര്‍വഹിക്കും. ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ രൂപകല്പന ചെയ്ത ഈ കപ്പല്‍ മുംബൈയിലെ മസഗോണ്‍ ഡോക്ഷിപ് ബില്‍ഡേഴ്‌സ് ലിമിറ്റഡാണ് നിര്‍മിച്ചത്. കടല്‍ നിരീക്ഷണം കാര്യക്ഷമമായി നിര്‍വഹിക്കുന്നതിനും കൂടുതല്‍ കാലം നിലനില്‍ക്കുന്നതിനും അനുഗുണമായ തരത്തില്‍ രൂപകല്പന ചെയ്തു നിര്‍മിച്ചിട്ടുള്ള ഈ യുദ്ധക്കപ്പലിന് കൊച്ചി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വികസിച്ചുകൊണ്ടിരിക്കുന്ന തീരനഗരമായ കൊച്ചിയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഈ പേര് നല്‍കിയിരിക്കുന്നതെന്ന് നാവികസേന അധികൃതര്‍ അറിയിച്ചു. 164 മീറ്ററാണ് കപ്പലിന്റെ നീളം. 30 നോട്ടാണ് വേഗം. 40 ഓഫീസര്‍മാര്‍ക്കും 350 നാവികര്‍ക്കും പ്രവര്‍ത്തിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. തദ്ദേശീയമായും അല്ലാതെയും വികസിപ്പിച്ചെടുത്തിട്ടുള്ള അത്യാധുനിക ആയുധങ്ങളുടെ ഒരു സഞ്ചയം തന്നെ കൊച്ചിയിലുണ്ട്. രണ്ടു ഹെലികോപ്റ്ററുകളെ വഹിക്കുന്നതിനുള്ള ശേഷിയുമുണ്ട്. പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള അത്യാധുനിക നെറ്റ്‌വര്‍ക്കിംഗ് ശൃംഖലകളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.