മൂന്നാര്‍: മൂന്നാറിലെ തോട്ടം തൊഴിലാളി സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പോലീസുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്ക്. അടിമാലി സ്റ്റേഷനിലെ പോലീസുകാരന് ഷാജു, മൂന്നാര്‍ സ്റ്റേഷനിലെ എഎസ്ഐമാരായ സുഭാഷ്, രാജന് എന്നിവര്‍ക്കും പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ ട്രഷറര്‍ പി.ടി മധു(മനോരമ ന്യൂസ്), ജോയിന്റ് സെക്രട്ടറി അനീഷ് ടോം(ഏഷ്യാനെറ്റ്), മുന്‍ വൈസ് പ്രസിഡന്റ് പി.പി രതീഷ്,(മാതൃഭൂമി) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എബിന് സാബു(റിപ്പോര്‍ട്ടര്‍), വില്‍സണ്‍ കെ.ബി (മീഡിയാ വണ്‍), ഏയ്ഞ്ചല്‍ അടിമാലി(മംഗളം), ജോബിന് തേക്കടി(മാതൃഭൂമി ന്യൂസ്) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള സമരക്കാര്‍ പോലീസിനും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ കല്ലേറ് നടത്തിയത്.
മൂന്നാറില്‍ രണ്ടിടത്തായിട്ടാണ് ഇന്നലെ തോട്ടം തൊഴിലാളികള്‍ സമരം തുടങ്ങിയത്. പെമ്പിളൈ ഒരു മൈയുടെ നേതൃത്വത്തിലുള്ള സംഘം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലാണ് സമരം ചെയ്ത്. സംയുക്ത തൊഴിലാളിയൂണിയന്‍ ആര്.ഒ ജംഗ്ഷനിലും സമരം നടത്തി. ഉച്ചതിരിഞ്ഞ് പെമ്പിളൈ ഒരുമൈക്കാരുടെ സമരവേദിയിലേക്ക് തള്ളിക്കയറാന്‍ ട്രേഡ് യൂണിയന് പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും കയ്യേറ്റ ശ്രമമുണ്ടായി. പിന്നീട് അരമണിക്കൂറോളം സംയുക്ത തൊഴിലാളി യൂണിയനുകള്‍ ദേശീയ പാത ഉപരോധിച്ചു. ഉപരോധ സമരം നടത്തിയ പ്രവര്‍ത്തകരെ പോലീസ് ലാത്തിവീശി വിരട്ടിയോടിച്ചു. കല്ലേറിന് നേതൃത്വം നല്കി ഗുണശേഖരന് എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.
ഏഴ് മണിയോടെയാണ് പ്രശ്നങ്ങള്‍ അല്പം ഒതുങ്ങിയത്. ഇന്നലെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഇടുക്കി എസ്.പി അറിയിച്ചു. എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം മൂന്നാറില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നത്തെ സമരം നേരിടാന്‍ ജില്ലയുടെ വിവധ ഭാഗങ്ങളില്‍ നിന്നും എആര്‍ ക്യാമ്പില്‍ നിന്നും പോലീസുകാരെ വിനിയോഗിച്ചിട്ടുണ്ട്.
മൂന്നാറില്‍ ഇനി നിരാഹാര സമരം
മൂന്നാര്‍: 500 രൂപ ദിവസക്കൂലി ആവശ്യപ്പെട്ട് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തി വന്ന സമരത്തിന്റെ രൂപം മാറ്റുന്നു. ഇന്ന് മുതല്‍ നിരാഹാര സമരത്തിനാണ് തൊഴിലാളികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സ്ത്രീ തൊഴിലാളികള്‍ക്കെതിരെ ആക്രമണം ഉണ്ടാകുന്നത് തടയാന്‍ പോലീസ് കാര്യക്ഷമമായി ഇടപെടണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം; കുറ്റക്കാരെ അറസ്റ്റ് ചെയ്യണം കെയുഡബ്ല്യുജെ
തൊടുപുഴ: മൂന്നാര്‍ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ഐക്യട്രേഡ് യൂണിയന്റെ ആക്രമണത്തെ കേരളാ പത്രപ്രവര്‍ത്തക യൂണിയന് ഇടുക്കി യൂണിറ്റ് അപലപിച്ചു. സമരം ആരംഭിച്ചപ്പോള്‍ മുതല്‍ മാധ്യമങ്ങള്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം ട്രേഡ് യൂണിയന് സമരക്കാര്‍ ഉയര്‍ത്തിയിരുന്നു. ട്രേഡ് യൂണിയന് പ്രവര്‍ത്തകര്‍ പെമ്പിളൈ ഒരുമൈ പ്രക്ഷോഭത്തിലേക്ക് തളളിക്കയറുന്നതിന്റെയും വഴിയാത്രക്കാരനെ മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യം പകര്‍ത്തിയതോടെ ആരംഭിച്ച അതിക്രമം വൈകുന്നേരം വരെ തുടര്‍ന്നു.
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് നേരെയുളള ഇത്തരം കടന്നാക്രമണങ്ങള്‍ അനുവദിക്കില്ലെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും ജില്ലാ പ്രസിഡന്റ് ഹാരീസ് മുഹമ്മദ്, സെക്രട്ടറി വിനോദ് കണ്ണോളി എന്നിവര്‍ ആവശ്യപ്പെട്ടു. ഇന്നു ജില്ലയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: