തദ്ദേശഭരണ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ആകെ വോട്ടര്‍മാര്‍ 23,62,893

Wednesday 30 September 2015 10:41 pm IST

കൊച്ചി: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 23,62,893 ആണ്. ഇതില്‍ 12,02,082 പേര്‍ വനിതകളും 11,60,793 പേര്‍ പുരുഷന്മാരുമാണ്. ഭിന്നലിംഗത്തില്‍പെട്ട 18 വോട്ടര്‍മാര്‍ കൂടിയുണ്ട്. സംസ്ഥാനത്ത് ഭിന്നലിംഗത്തില്‍പെട്ടവരില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുളളതും ജില്ലയിലാണ്. വോട്ടര്‍പട്ടികയില്‍ ഇനിയും തിരുത്തലുകള്‍ വരാമെന്നതിനാല്‍ അന്തിമകണക്കില്‍ ചെറിയ മാറ്റമുണ്ടാകും. 2010ല്‍ നടന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ ആകെ വോട്ടര്‍മാരായി ഉണ്ടായിരുന്നത് 23,15,420 പേര്‍. ഇതില്‍ 79.9 ശതമാനമാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. അതായത് 18,50,131 പേര്‍. കൊച്ചി നഗരസഭയില്‍ 74 ഡിവിഷനും ജില്ല പഞ്ചായത്തില്‍ 26 ഡിവിഷനുമാണുളളത്. ത്രിതലപഞ്ചായത്ത് തലത്തില്‍ ജില്ലയില്‍ 1549 വാര്‍ഡുകളാണുളളത്. നഗരസഭകളിലായി 429ഉം കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷനില്‍ 74ഉം ഉള്‍പ്പെടെ ജില്ലയില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ആകെ വാര്‍ഡുകളുടെ എണ്ണം 2052 ആകും. ജില്ലയില്‍ ഇക്കുറി 82 ഗ്രാമപഞ്ചായത്തുകളിലായി 1338 വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ തവണയഥാക്രമം 84 ഉം 1369 ഉം ആയിരുന്നു. ഗ്രാമപഞ്ചായത്തുകളായിരുന്ന പിറവം, കൂത്താട്ടുകുളം എന്നിവ പുനര്‍ വിഭജനത്തോടെ നഗരസഭകളായതാണ് ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തില്‍ കുറവിന് കാരണം. ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 11 നഗരസഭകളുണ്ടായിരുന്നത് ഇക്കുറി 13 ആയിട്ടുണ്ട്. കഴിഞ്ഞ തവണ 369 വാര്‍ഡുകളാണുണ്ടായിരുന്നത്. ഇക്കുറിയത് 429 ആയി വര്‍ധിച്ചു. പുതുതായി രൂപീകരിച്ച കൂത്താട്ടുകുളം നഗരസഭയില്‍ 28 ഉം പിറവത്ത് 32 ഉം വാര്‍ഡുകളാണുളളത്. നഗരസഭകളില്‍ ഏറ്റവും കൂടുതല്‍ വാര്‍ഡുളളത് തൃപ്പൂണിത്തുറയിലും(49) കുറവുളളത് ആലുവയിലുമാണ് (26). അങ്കമാലിയില്‍ 30 വാര്‍ഡുണ്ട്. എലൂര്‍, കോതമംഗലം നഗരസഭകളില്‍ 31 വീതം വാര്‍ഡുകളാണുളളത്. കളമശ്ശേരിയില്‍ 42 വാര്‍ഡുകളുണ്ട്. മരട് 33 ഉം, മൂവാറ്റുപുഴയില്‍ 28 ഉം വടക്കന്‍ പറവൂരില്‍ 29 ഉം പെരുമ്പാവൂരില്‍ 27 ഉം തൃക്കാക്കരയില്‍ 43 ഉം വാര്‍ഡുണ്ട്. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിലേതുപോലെ തന്നെ ബ്ലോക്കു പഞ്ചായത്തുകളുടെയും വാര്‍ഡുകളുടെയും എണ്ണത്തില്‍ മാറ്റമില്ല. 14 ബ്ലോക്കുപഞ്ചായത്തുകളിലായി 185 വാര്‍ഡുകളാണ് ഉളളത്. ഏറ്റവും കൂടുതല്‍ വാര്‍ഡുകളുളളത് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലാണ്. ഇവിടെ 15 വാര്‍ഡുളളപ്പോള്‍ കോതമംഗലത്ത് 14 വാര്‍ഡുണ്ട്. മറ്റ് 12 ബ്ലോക്കുകളായ ആലങ്ങാട്, അങ്കമാലി, ഇടപ്പളളി, കൂവപ്പടി, മുളന്തുരുത്തി, മൂവാറ്റുപുഴ, പളളുരുത്തി, പാമ്പാക്കുട, പാറക്കടവ്, പറവൂര്‍, വടവുകോട്, വൈപ്പിന്‍ ബ്ലോക്കുകളിലെല്ലാം 13 വീതം വാര്‍ഡാണുളളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.