നെല്ല് സംഭരണത്തിലെ പ്രതിസന്ധി തുടരുന്നു; കര്‍ഷകര്‍ ആശങ്കയില്‍

Thursday 1 October 2015 11:20 am IST

പെരിന്തല്‍മണ്ണ: മില്ലുടമകളും സപ്ലൈക്കോയും തമ്മിലുള്ള തര്‍ക്കത്തില്‍ നെല്‍ കര്‍ഷകര്‍ ബലിയാടുകളാകുന്നു. കൈകാര്യച്ചിലവ് ഉള്‍പ്പെടെയുള്ളവ വര്‍ദ്ധിപ്പിക്കാതെ നെല്ല് സംഭരിക്കില്ലെന്ന് മില്ലുടമകള്‍ കര്‍ശന നിലപാട് എടുത്തതോടെ കര്‍ഷകരുടെ കണ്ണീര്‍ പാടത്ത് വീഴുന്ന അവസ്ഥയാണ്. രണ്ടാം കൃഷിയുള്ള പാടങ്ങളില്‍ കൊയ്യ്തതും ഇനി കൊയ്യാനുള്ളതുമായ നെല്ല് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. അപ്രതീക്ഷിതമായി പെയ്യുന്ന മഴയും ഇവരെ ദുരിതത്തിലാക്കുന്നു. അതേ സമയം നെല്ലിന്റെ സംഭരണ വില ഉയര്‍ത്താത്താതെ കര്‍ഷകരെ കടക്കെണിയിലേക്ക് തള്ളിവിടന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്. നെല്ലിന്റെ സംഭരണവില ഉല്‍പാദക ചിലവിന് ആനുപാതികമായി ക്വിന്റലിന് 2500 രൂപയാക്കണം എന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നതേയില്ല. ഇതിനിടക്കാണ് കൂനിന്മേല്‍ കുരു പോലെ മില്ലുടമകളുടെ സമരം. ജില്ലയില്‍ ഏറ്റവും അധികം നെല്‍പ്പാടങ്ങളുള്ളത് ഏലംകുളം, പുലാമന്തോള്‍ തുടങ്ങിയ പ്രദേശങ്ങളിലാണ്. കര്‍ഷകര്‍ കൊയ്ത്ത് യന്ത്രത്തിനായി നെട്ടോട്ടമോടുമ്പോള്‍ ഏലംകുളത്തെ കൊയ്ത്ത് യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്. ഇത് മുമ്പ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാളിതുവരെയായിട്ടും ഇക്കാര്യത്തില് നടപടി ഉണ്ടായിട്ടില്ല. കാലങ്ങളായി നെല്‍കൃഷി നഷ്ടത്തിലാണെന്ന് കര്‍ഷകര്‍ പറയുന്നു. അതിനവറ് പറയുന്ന പ്രധാന കാരണങ്ങള്‍ ഇവയാണ്. വര്‍ഷന്തോറുമുള്ള കൂലി വര്‍ദ്ധനവ്, കൊയ്ത്ത് യന്ത്രം കിട്ടാത്ത അവസ്ഥ, ഇനി കിട്ടിയാല്‍ തന്നെ താങ്ങാന് കഴിയാത്ത വാടക, കീടനാശിനിയുടെയും രാസവളങ്ങളുടെയും ക്രമാതീതമായ വര്‍ദ്ധനവ്. ഒരു കിലോ നെല്ല് ഉല്‍പാദിപ്പിക്കാന്‍ 25 രൂപയിലധികമാണ് കര്‍ഷകര്‍ക്ക് ചിലവ് വരുന്നത്. മിക്കവരും പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്യുന്നവരാണ്. അതും ലോണെടുത്തും കടം വാങ്ങിയും. ഈ സാഹചര്യത്തിലാണ് ഇരുട്ടടിയായി മില്ലുടമകളുടെ സമരം. മഴ പെയ്യുകയും നെല്ല് സംഭരിക്കാന് പറ്റാതെയും വരുന്ന സാഹചര്യം എങ്ങനെ തരണം ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലാണ് ജില്ലയിലെ നെല്‍കര്‍ഷകര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.