ആലപ്പുഴയില്‍ സിപിഎമ്മുകാര്‍ ബിജെപി നേതാവിന്റെ വാഹനങ്ങള്‍ കത്തിച്ചു

Thursday 1 October 2015 10:11 pm IST

ആലപ്പുഴ: പത്തിയൂരില്‍ സിപിഎമ്മുകാര്‍ ബിജെപി നേതാവിന്റെ വാഹനങ്ങള്‍ കൂട്ടത്തോടെ കത്തിച്ചു. ബിജെപി പത്തിയൂര്‍ പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ രാമപുരം മാളിയേക്കല്‍ തെക്കടത്ത് കൃഷ്ണകുമാറിന്റെ വീടിന്റെ പോര്‍ച്ചില്‍ കിടന്ന മാരുതിസിഫ്റ്റ്, അംബാസിഡര്‍ കാറുകളും ബജാജ് ബൈക്കുമാണ് ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ കത്തിച്ചത്. ബഹളവും പോര്‍വിളിയും കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ വാഹനങ്ങള്‍ കത്തിയമരുന്നതാണ് കണ്ടത്. ഈ സമയം വീടിന്റെ മതില്‍ ചാടി പതിനഞ്ചോളം സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബൈക്കുകളില്‍ രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും വാഹനങ്ങള്‍ നിശേഷം കത്തിനശിച്ചിരുന്നു. പെട്രോള്‍ ഒഴിച്ചശേഷമാണ് തീവെച്ചത്. കായംകുളം ഡിവൈഎസ്പി ദേവമനോഹര്‍, സി.ഐ ഉദയഭാനു എന്നിവരുടെ നേതൃത്വത്തില്‍ കേസന്വേഷണം ആരംഭിച്ചു. പോലീസ് ഡോഗ് സ്‌ക്വാഡും ഫിംഗര്‍ പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ തെരഞ്ഞ് പിടിച്ച് സിപിഎമ്മുകാര്‍ വ്യാപകമായി അക്രമണം അഴിച്ചുവിടുകയാണ്. പ്രദേശത്ത് കഴിഞ്ഞയാഴ്ച സിപിഎം നേതാവ് പി. ജയരാജന്‍ പങ്കെടുത്ത ഒരുയോഗത്തില്‍ സംഘപരിവാര്‍-ബിജെപി പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും ഭീഷണിമുഴക്കി പ്രസംഗം നടത്തിയതിനു പന്നാലെയാണ് ഈ സംഭവം. ആര്‍എസ്എസ് വിഭാഗ്കാര്യകാരി സദസ്യന്‍ എം.ആര്‍. പ്രസാദ്, താലൂക്ക് കാര്യവാഹ് പി.ജി.ശ്രീകുമാര്‍, വിഎച്ച്പി ജില്ല പ്രസിഡന്റ് പ്രതാപ് ജി.പടിക്കല്‍, ബിജെപി സംസ്ഥാന സമിതി അംഗം ഡി.അശ്വനിദേവ്, ജില്ല വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, മണ്ഡലം പ്രസിഡന്റ് കെ.ജയചന്ദ്രന്‍പിള്ള, സെക്രട്ടറി പുളിയറ വേണുഗോപാല്‍ തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ച ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. അക്രമത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകടനവും സമ്മേളനവും നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.