മൂന്നാര്‍: ശമ്പള വര്‍ധന ആവശ്യപ്പെട്ടു മൂന്നാറിലെ തേയില തോട്ടങ്ങളിലെ സ്ത്രീ തൊഴിലാളികള്‍ നിരാഹാര സമരം തുടങ്ങി. സ്ത്രീ തൊഴിലാളി കൂട്ടായ്മയായ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിലാണു സമരം.
സമരത്തില്‍ പങ്കെടുക്കുന്ന ആര്‍ക്കും നിരാഹാരം അനുഷ്ഠിക്കാം. പ്രശ്നപരിഹാരമുണ്ടാകും വരെ ദിവസവും രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ നിരാഹാരം കിടക്കുമെന്നു തൊഴിലാളികള്‍ പറഞ്ഞു. മൂന്നാര്‍ പോസ്റ്റ് ഓഫിസിനു സമീപത്തായാണു സമരം നടക്കുന്നത്.
സമരരംഗത്തേക്ക് എത്തുന്നതില്‍ നിന്നും ട്രേഡ് യൂണിയന് പ്രവര്‍ത്തകര്‍ തൊഴിലാളികളെ തടയുകയും തിരിച്ചയക്കുകയുമാണെന്ന് പൊമ്പിളൈ ഒരുമൈ ആരോപിച്ചു. തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്. പൊലീസിനെ വിവരമറിയിച്ചിട്ടും നടപടിയെടുക്കാമെന്ന് പറയുന്നതല്ലാതെ ഇതുവരെ യാതൊരു നടപടിയും ആയിട്ടില്ല.
ട്രേഡ് യൂണിയനുകളും സമരരംഗത്തുണ്ട്. രണ്ട് ഭാഗത്തായാണ് ഇരു കൂട്ടരും സമരം നടത്തുന്നത്.
കൂലിത്തര്‍ക്കം പരിഹരിക്കുന്നതിന് കഴിഞ്ഞ 29നു ചേര്‍ന്ന പ്ലാന്റേഷന് ലേബര്‍ കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണു തൊഴിലാളികള്‍ വീണ്ടും സമരം ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: