സിപിഎം വിഭാഗീയത: എംഎല്‍എയും ഏരിയാസെക്രട്ടറിയുമായ കെ.ദാസനെതിരെ ലഘുലേഖ

Thursday 1 October 2015 2:16 pm IST

കൊയിലാണ്ടി: സിപിഎം ഏരിയാസെക്രട്ടറിയും കൊയിലാണ്ടി എംഎല്‍എയുമായ കെ.ദാസനെതിരെ ലഘുലേഖകളുമായി പാര്‍ട്ടി വിമതവിഭാഗം രംഗത്ത്. തദ്ദേശതെരഞ്ഞെടുപ്പ് അടുത്തതോടെ ഇവിടെ സിപിഎമ്മില്‍ ഗ്രൂപ്പ് വഴക്ക് ശക്തമായിരിക്കുകയാണ്. നിരവധി ഗ്രൂപ്പുകളാണ് ഇപ്പോള്‍ കൊയിലാണ്ടിയില്‍ പാര്‍ട്ടിയിലുള്ളത്. മുന്‍ ഏരിയാസെക്രട്ടറി കെ.ദാസന്‍, മുന്‍ എംഎല്‍എ പി. വിശ്വന്‍ എന്നിവര്‍ പലചേരികളിലാണിപ്പോള്‍. സിപിഎം നിയന്ത്രണത്തില്‍ കഴിഞ്ഞദിവസം ആരംഭിച്ച ഓണ്‍ലൈന്‍ പത്രമായ കൊയിലാണ്ടി ഡയറിയുടെ ഉദ്ഘാടനചടങ്ങില്‍ എംഎല്‍എ പങ്കെടുക്കാതിരുന്നത് മുന്‍ ഏരിയാസെക്രട്ടറി എന്‍.വി.ബാലകൃഷ്ണനെ ഭയന്നാണെന്ന് ലഘുലേഖയില്‍ പറയുന്നു. എന്‍.വി. ബാലകൃഷ്ണന്റെ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ പത്രമായ കൊയിലാണ്ടി പോസ്റ്റിന് പകരമായാണ് പാര്‍ട്ടി പുതിയ ഓണ്‍ലൈന്‍ പത്രമാരംഭിച്ചത്. എംഎല്‍എ ഇപ്പോള്‍ ഉപയോഗിക്കുന്ന ബോര്‍ഡ് വെച്ച വാഹനം ചെത്ത് തൊഴിലാളി സഹകരണസംഘത്തിന്റെ പണംകൊണ്ട് വാങ്ങിയതാണെന്നും എംഎല്‍എയുടെ മകളുടെ കല്യാണത്തിന് കൊയിലാണ്ടിയിലെ ഒരു സ്വര്‍ണ്ണക്കടയില്‍ നിന്നും നൂറു പവന്‍ പഴയസ്വര്‍ണ്ണം വാങ്ങിയതിനെക്കുറിച്ചും ലഘുലേഖയിലുണ്ട്. ഇപ്പോള്‍ ഏരിയാസെക്രട്ടറിയായ കെ.ദാസന് പാര്‍ട്ടിയില്‍ ഒന്നും ചെയ്യാനാവില്ലെന്ന് പി.വിശ്വനും, കെ.കെ. മുഹമ്മദും പി.ബാബുരാജുമാണ് കൊയിലാണ്ടില്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നും ലഘുലേഖയില്‍പറയുന്നു. വര്‍ഗ്ഗസ്‌നേഹികളായ ഒരുകൂട്ടം തൊഴിലാളികള്‍ എന്ന പേരിലാണ് ലഘുലേഖ ഇറങ്ങിയിരിക്കുന്നത്. എന്‍.വി. ബാലകൃഷ്ണന്റെ മതം, ലൈംഗികത, മൂലധനം പരിസ്ഥിതി എന്ന പുസ്തകത്തിന്‍രെ പുനഃപ്രകാശനത്തിനായി വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞദിവസം കൊയിലാണ്ടിയില്‍ എത്തിയപ്പോള്‍ വര്‍ഗ്ഗസ്‌നേഹികളായ തൊഴിലാളികളുടെ പേരില്‍ ലഘുലേഖ ഇറങ്ങിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.