മോഷണകേസിലെ പ്രതികള്‍ പോലീസിനെ മര്‍ദ്ദിച്ചു

Thursday 1 October 2015 9:32 pm IST

അടൂര്‍: കോടതിയില്‍ ഹാജരാക്കിയശേഷം തിരികെ കൊണ്ടുപോകുന്നതിനിടെ മോഷണക്കേസിലെ പ്രതികള്‍ പോലീസിനെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ രണ്ടുപോലീസുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 1.20ന് അടൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിനു ശേഷം തിരികെ കൊണ്ടുപോകുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് പൊലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നു മാണ് ഇവരെ അടൂര്‍ കോടതിയിലേക്ക് കൊണ്ടുവന്നത്. തിരുവനന്തപുരം സിറ്റി എ.ആര്‍ ക്യാമ്പിലെ സി.പി.ഒ വാമനപുരം ആനാക്കുടി ആറാന്താനം അശ്വതി ഭവനില്‍ എസ്.എസ് റെജി (32)ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷണകേസിലെ പ്രതികളായ പഴകുളം തെക്ക് കോലമല പോളച്ചിറയില്‍ വീട്ടില്‍ കണ്ണന്‍ എന്നു വിളിക്കുന്ന അഖില്‍ (31), പുത്തൂര്‍ പുഷ്പമംഗലത്ത് ദില്‍ജിത് (26) എന്നിവരാണ് പോലീസിനെ മര്‍ദ്ദിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനും പൊലീസുകാരെ മര്‍ദ്ദിച്ചതിനും ഇവര്‍ക്കെതിരേ കേസെടുത്തു. തുടര്‍ന്ന് ഇവരെ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം തിരികെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.