ഗാന്ധിജി വിമര്‍ശിക്കപ്പെടണം: പ്രൊഫ. രാധാകൃഷ്ണന്‍

Thursday 1 October 2015 11:05 pm IST

കേസരി സ്മാരക ഹാളില്‍ സ്ഥാപിക്കാനുള്ള മഹാത്മാ ഗാന്ധി ചിത്രം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസിന്റെ മുന്‍ ചെയര്‍മാന്‍ പ്രൊഫ. എന്‍ രാധാകൃ്ഷ്ണന്‍ മാധ്യമപ്രവര്‍ത്തകന്‍ മലയന്‍കീഴ് ഗോപാലകൃഷ്ണന് കൈമാറുന്നു

തിരുവനന്തപുരം: മഹാത്മാഗാന്ധി നിശിതമായി വിമര്‍ശിക്കപ്പെടണമെന്ന് പ്രമുഖ ഗാന്ധിയനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസിന്റെ മുന്‍ ചെയര്‍മാനുമായ പ്രൊഫ. എന്‍ രാധാകൃഷ്ണന്‍. ഗാന്ധിജി വേണ്ടുവോളം വിമര്‍ശിക്കപ്പെട്ടിട്ടില്ല, ആരാധിക്കപ്പെടുകയായിരുന്നു. ഗാന്ധിജിയെ വിമര്‍ശിക്കുന്നത് കുറ്റമായി കരുതുന്നവരുണ്ട്. ഗാന്ധിയന്മാരെന്നു പറയുന്ന അവര്‍ക്ക് ഗാന്ധിയെ ശരിക്കറിയില്ല. കേസരി സ്മാരക ഹാളില്‍ സ്ഥാപിക്കാനുള്ള മഹാത്മാഗാന്ധി ചിത്രം കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖദര്‍ ഇട്ടതുകൊണ്ടോ ഗാന്ധിത്തൊപ്പി ധരിച്ചതുകൊണ്ടോ ആരും ഗാന്ധിയന്മാരാകില്ല. വ്യക്തിയിലുള്ള നന്മയാണ് ഒരാളെ ഗാന്ധിയനാക്കുന്നതെന്ന് ഗാന്ധി സ്മാരക നിധി വര്‍ക്കിംഗ് ചെയര്‍മാന്‍ കൂടിയായ രാധാകൃഷ്ണന്‍ പറഞ്ഞു. പത്രപ്രവര്‍ത്തനത്തിന് ദിശാബോധം നല്‍കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞു. ഗാന്ധിയെ വിമര്‍ശിച്ച് രവീന്ദ്രനാഥ ടാഗോര്‍ എഴുതിയലേഖനം ഗാന്ധി സ്വന്തം പത്രത്തില്‍ പ്രസദ്ധീകരിച്ചു. വിപ്ലവത്തിന്റെ പ്രചോദനവും നന്മയുടെ പ്രതീകവും സത്യത്തിന്റെ പ്രഭവകേന്ദ്രവും ആയിരുന്നു ഗാന്ധി. രാധാകൃഷ്ണന്‍ പറഞ്ഞു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മലയന്‍കീഴ് ഗോപാലകൃഷ്ണന്‍ ചിത്രം ഏറ്റുവാങ്ങി. ഗാന്ധിജി ആത്മകഥയില്‍ പരാമര്‍ശിക്കുന്ന ഏക മലയാളി പത്രപ്രവര്‍ത്തകനായ ജി.പി. പിള്ളയാണെന്നത് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പത്രപ്രവര്‍ത്തകയൂണിയന്‍ ജില്ലാ പ്രസിഡന്റ് സി. റഹിം, സെക്രട്ടറി ബി.എസ്. പ്രസന്നന്‍, ട്രഷറര്‍ പി. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് കെ.എന്‍. സാനു, ബി. മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.