26 മദ്യവില്‍പ്പനശാലകള്‍ കൂടി ഇന്ന് പൂട്ടുന്നു

Thursday 1 October 2015 11:40 pm IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയമനുസരിച്ച് 26 മദ്യവില്‍പ്പനശാലകള്‍ കൂടി ഇന്ന് പൂട്ടുന്നു. ഘട്ടം ഘട്ടമായി പത്തുശതമാനം വീതം മദ്യവില്‍പ്പനശാലകള്‍ പൂട്ടുമെന്നായിരുന്നു പുതിയ മദ്യനയത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്റെ 22 വില്‍പ്പനകേന്ദ്രങ്ങളും കണ്‍സ്യൂമര്‍ഫെഡിന്റെ നാല് വില്‍പ്പനശാലകളുമാണ് ഗാന്ധിജയന്തി ദിനമായ ഇന്ന് പൂട്ടുന്നത്. കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടിനും പത്തു ശതമാനം മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. തിരുവനന്തപുരത്തെ മടവൂര്‍, കൊല്ലത്തെ ചാത്തന്നൂര്‍, കോട്ടമുക്ക്, കടപ്പാക്കട, പത്തനംതിട്ടയിലെ കോഴഞ്ചേരി, ആലപ്പുഴയിലെ പൂച്ചാക്കല്‍, കോട്ടയത്തെ കുമരകം, മുണ്ടക്കയം, ഇടുക്കിയിലെ തങ്കമണി, എറണാകുളത്തെ കാലടി, വാഴക്കുളം, മുളന്തുരുത്തി, തൃശൂരിലെ മാള, പാലക്കാട്ടെ കൊല്ലങ്കോട്, നെന്മാറ, കോഴിക്കോട്ടെ വിഎംബി റോഡ്, കോട്ടുളി, വയനാട്ടിലെ കല്‍പ്പറ്റ, മീനങ്ങാടി, കണ്ണൂരിലെ കേളകം, ചെറുപുഴ, കാസര്‍കോട്ടെ ഉദുമ എന്നിവിടങ്ങളിലെ ബിവറേജസ് ചില്ലറവില്‍പ്പനശാലകളാണ് അടച്ചുപൂട്ടുന്നത്. പാലക്കാട്, കാസര്‍ഗോഡ്, കൊഴിഞ്ഞംപാറ, തിരുവനന്തപുരത്തെ കേശവദാസപുരം എന്നിവിടങ്ങളിലെ കണ്‍സ്യൂമര്‍ ഫെഡ് വില്‍പ്പനകേന്ദ്രങ്ങളും അടച്ചുപൂട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.