ബാര്‍ കോഴ: അന്വേഷകനെതിരെ പ്രോസിക്യൂഷന്‍

Friday 2 October 2015 12:53 am IST

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രോസിക്യൂഷന്‍ തള്ളിപ്പറഞ്ഞു. സര്‍ക്കാരിനു വേണ്ടി വാദിക്കുന്ന പ്രോസിക്യൂഷന്റെ അസാധാരണ നടപടിയില്‍ കോടതിയും അത്ഭുതം പ്രകടിപ്പിച്ചു. കേസ് അന്വേഷിച്ച എസ്.പി. സുകേശന്റെ നടപടികള്‍ സുതാര്യമല്ലെന്നും അന്വേഷണത്തില്‍ പ്രോസിക്യൂഷന് പൂര്‍ണതൃപ്തിയോ യോജിപ്പോ ഇല്ലെന്നും പ്രോസിക്യൂട്ടര്‍ വക്കം ജി. ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഈ വാദത്തില്‍ അത്ഭുതം പ്രകടിപ്പിച്ച കോടതി പ്രതിഭാഗമാണ് ഇങ്ങനെ ഉന്നയിച്ചിരുന്നതെങ്കില്‍ മനസിലാക്കാമായിരുന്നുവെന്ന് പറഞ്ഞു. എസ്പിയുടെ പൂര്‍വകാല ചരിത്രം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍ മന്ത്രി മാണിക്കെതിരെ തെളിവില്ലാതിരുന്നിട്ടും പ്രോസിക്യൂഷന്‍ നടപടിയുമായി എസ്പി മുന്നോട്ടുപോയത് ശരിയായ നടപടിയല്ലെന്നു വാദിച്ചു. അതേസമയം, വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന്റെ മുന്‍കാലം സുതാര്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ബാര്‍ കോഴക്കേസിലെ വിചാരണ നടപടികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. കേസില്‍ സുപ്രീംകോടതിയിലെ സ്വകാര്യ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയത് വിജിലന്‍സിന് സംഭവിച്ച വീഴ്ചയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ സമ്മതിച്ചു. പ്രോസിക്യൂഷന്‍ വാദങ്ങളെ മുഖവിലയ്‌ക്കെടുക്കാതെ കോടതി ഇന്നലെയും വിജിലന്‍സിനു നേരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനുമേല്‍ ഡയറക്ടര്‍ക്ക് വിശ്വാസമില്ലെങ്കില്‍ എന്തിനാണ് തുടരാനനുവദിച്ചതെന്ന് കോടതി ചോദിച്ചു. എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ അന്വേഷണത്തില്‍ നിന്ന് എസ്പി സുകേശനെ മാറ്റിനിര്‍ത്താമായിരുന്നു. പ്രതിഭാഗമാണ് ഇത്തരത്തില്‍ വാദിക്കുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. പ്രോസിക്യൂഷന്‍ എന്തുകൊണ്ട് ഈ നിലപാട് സ്വീകരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിനിര്‍ത്താനോ തുടരന്വേഷണം നടത്തുന്നതിനോ അധികാരമുണ്ട്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇടപെടാന്‍ യാതൊരുവിധ അധികാരവുമില്ല. അതേസമയം കേസ് ഡയറി നിയമോപദേശത്തിനായി സ്വകാര്യ അഭിഭാഷകരെ കാണിച്ച വിജിലന്‍സ് നടപടി തെറ്റായിപ്പോയെന്ന കോടതി നിരീക്ഷണത്തോട് പ്രോസിക്യൂഷനും യോജിച്ചു. അത് വിജിലന്‍സിന് സംഭവിച്ച വീഴ്ചയാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. മാണിക്കെതിരെ തെളിവില്ലെന്ന പ്രോസിക്യൂഷന്‍ വാദം കഴിഞ്ഞദിവസം തള്ളിയ കോടതി വിജിലന്‍സിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. സുപ്രീംകോടതിയിലെ സ്വകാര്യ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം സ്വീകരിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജ് ജോണ്‍ കെ. ഇല്ലിക്കാടനാണ് കേസ് പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ബാഹ്യസമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നും എസ്പിയെ മാറ്റി കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഒരുമിച്ചു പരിഗണിക്കുകയായിരുന്നു കോടതി. എന്നാല്‍ ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന വാദവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. കേസ് സത്യസന്ധമായാണ് വിജിലന്‍സ് അന്വേഷിച്ചത്. കോടതി കേസ് പരിഗണിക്കുമ്പോള്‍ ചില പരാമര്‍ശങ്ങള്‍ നടത്താറുണ്ട്. ഈ കേസിലും അതാണ് സംഭവിച്ചത്. അതിനര്‍ഥം വിജിലന്‍സിന്റെ മുഴുവന്‍ നടപടികളും കോടതി തള്ളിക്കളഞ്ഞു എന്നല്ലെന്നും ചെന്നിത്തല പറഞ്ഞു. കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് തെറ്റു പറ്റിയിട്ടില്ലെന്നും ചെന്നിത്തല ആവര്‍ത്തിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.