കമ്മ്യൂണിസ്റ്റുകാരെ ബാധിച്ചത് അല്‍ഷിമേഴ്‌സ് രോഗം: കെ.പി. ശശികല ടീച്ചര്‍

Saturday 3 October 2015 10:30 am IST

കുറ്റിയാടി: കാലഹരണപ്പെട്ട ആശയവും സാമൂഹ്യ വീക്ഷണങ്ങളും കൊണ്ട് ദിശാബോധം നഷ്ടപ്പെട്ട പായ്ക്കപ്പലിനെ പോലെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. തൊട്ടില്‍പ്പാലത്ത് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ശ്രീനാരായണ ഗുരുഭക്തജനസംഗമ പൊതു സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഭാരതീയ പൈതൃകത്തെയും ദര്‍ശനങ്ങളെയും എക്കാലത്തും അവഗണിക്കുകയും അപഹസിക്കുകയും ചെയ്തിട്ടുള്ള കമ്മ്യൂണിസ്റ്റുകാരെ കര്‍മ്മഫലങ്ങള്‍ വേട്ടയാടുകയാണ്. ഭാരതീയ ശാസ്ത്രവിധിപ്രകാരം ദൈവത്തോടു പോലും തെറ്റ് ചെയ്താല്‍ പരിഹാരമുണ്ടെന്നും എന്നാല്‍ ഗുരുനിന്ദയ്ക്ക് പരിഹാരമില്ലെന്നും അവര്‍ പറഞ്ഞു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എഴുപത് വയസ്സ് ആയെന്നും അതുകൊണ്ടുതന്നെ വാര്‍ദ്ധക്യ സഹചമായ അല്‍ഷിമേഴ്‌സ് രോഗം സംഭവിച്ചെന്നും അവര്‍ പറഞ്ഞു. ജന മനസ്സുകളില്‍ നിന്ന് വളരെവേഗം അകന്നു കൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടി വെള്ളത്തില്‍ മുങ്ങിത്താഴുമ്പോഴുണ്ടാകുന്ന മരണ വെപ്രാളമാണ് അവര്‍ നടത്തിയ ഓണാഘോഷപരിപാടിയും ശ്രീകൃഷ്ണജയന്തിയും. ഇഎംഎസ്സും -സിപിഎം നേതാക്കളും മുന്‍പ് എന്തൊക്കെയാണോ തള്ളി പറഞ്ഞത് അതിനെയെല്ലാം സ്വീകരിക്കാന്‍ അവര്‍ കാട്ടുന്ന കോപ്രായങ്ങള്‍ പൊതുസമൂഹത്തില്‍ പരിഹാസ്യമാവുകയയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ നേതാക്കളും എക്കാലത്തും ഹിന്ദുക്കളോടും അവരുടെ വിശ്വാസ ആചാരങ്ങളോടും യുദ്ധം പ്രാപിച്ചവരാണ്. ഹിന്ദുക്കള്‍ മതപരമായി സംഘടിക്കുകയോ അവരുടെ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുകയോ വേദ മതപഠനങ്ങള്‍ നടത്തുകയും ചെയ്താല്‍ അതിനെതിരെ പ്രതിഷേധവുമായി ആദ്യം രംഗത്തുവരുന്നത് സിപിഎമ്മും കോണ്‍ഗ്രസ്സുമാണ്. നാട്ടിലുടനീളം ബീഫ് ഫെസ്റ്റ് നടത്തി ഹിന്ദു വിരുദ്ധതയ്ക്ക് ആക്കം കൂട്ടുകയും നാട്ടിലുടനീളം ന്യൂനപക്ഷ പഠനശാലകള്‍ക്ക് കാവലിരിക്കുകയും ചെയ്യുന്ന നിലയിലേക്ക് സിപിഎം മാറിയിരിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. നബി ദിനത്തിലും ഈദുല്‍ഫില്‍ത്തറിനും പരിപാടി സംഘടിപ്പിക്കാത്ത സിപിഎം ഹിന്ദുക്കളുടെ ആഘോഷങ്ങളായ ശ്രീകൃഷ്ണജയന്തി ദിനത്തിലും രാമായണ മാസാചരണങ്ങളിലും ബദല്‍ പരിപാടി നടത്തുകയാണ്. അഫ്‌സല്‍ ഗുരുവിനെയ യാകൂബ് മേമനേയും ഉയര്‍ത്തികാണിക്കുന്നത് ഹിന്ദുക്കള്‍ രാഷ്ട്രീയമായി സംഘടിക്കാത്തതുകൊണ്ടാണ്. വെള്ളാപ്പള്ളി പ്രധാനമന്ത്രിയെ കാണുന്നത് വലിയ അപരാധമായി കാണുന്ന സിപിഎം തീവ്രവാദി മദനിയുമായി വേദി പങ്കിട്ടതില്‍ തെറ്റ് കാണുന്നില്ല. സിപിഎമ്മിന്റെ ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയണമെന്നും രാഷ്ട്രീയക്കാരുടെ അവഗണനക്കെതിരെ ഹിന്ദുക്കള്‍ ജനാധപിത്യ രീതിയില്‍ പ്രതിഷേധിക്കണമെന്നും ശശികല ടീച്ചര്‍ പറഞ്ഞു. ഗുരുദേവ ഭക്തജനസംഗമം കോരിച്ചൊരിയുന്ന മഴയത്തുംവന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സാമൂഹ്യ പരിവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത മഹാരഥന്മാരെ അവഹേളിക്കുന്ന സിപിഎമ്മിനെതിരായ ശക്തമായ താക്കീതായി പൊതുയോഗം മാറി. എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് ഉപാദ്ധ്യക്ഷന്‍ ബാബു പൂതംപാറ സമ്മേളനം ഉദ്ഘാടനംചെയ്തു. കാലഹരണപ്പെട്ട കമ്മ്യൂണിസത്തെ കാലാനുവര്‍ത്തിയായ ശ്രീനാരായണദര്‍ശനത്തോട് ഉപമിക്കാന്‍ ശ്രമിച്ചതിലൂടെ സിപിഎം പൊതു സമൂഹത്തില്‍ അപഹാസ്യരായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ദര്‍ശനം സമഗ്ര വേദാന്ത ദര്‍ശനമാണ്. ആത്മീയതയില്‍ അധിഷ്ടിതമായ ഇതിനെ കമ്മ്യൂണിസ്റ്റുകാര്‍ വൈരുദ്ധ്യാത്മക ഭൗതികവാദവുമായി താരതമ്യം ചെയ്യുന്നത് ശുദ്ധമണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ഓണാഘോഷമെന്ന പേരില്‍ സിപിഎം സംഘടിപ്പിച്ച ഘോഷയാത്രയില്‍ ഗുരുദേവനെ കുരിശ്ശിലേറ്റിയും കഴുത്തില്‍ കുരക്കിട്ട് വലിച്ചും കാണിച്ചത് പ്രതിഷേധാര്‍ഹവും ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവളിയുമാണ്. കേരള നവോത്ഥാന നായകനായ ഗുരുദേവന്റെ വാക്കുച്ചരിക്കാന്‍ പോലും സിപിഎം നേതാക്കള്‍ക്ക് അവകാശമില്ലെന്നും ഇഎം.എസ് മുതലുള്ള നേതാക്കള്‍ക്ക് ഗുരുദേവനെ നിന്ദിച്ച പാരമ്പര്യമേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഇ.പി ബാബു അദ്ധ്യക്ഷത വഹിച്ചു.രാജേഷ് പെരുമുണ്ടശ്ശേരി, ശശി തുടങ്ങിയവര്‍ സംസാരിച്ചു. ശശി ടി.പി. നന്ദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.