ത്രിതീയ കാന്‍സര്‍ സെന്ററിന് മെഡിക്കല്‍ കോളജില്‍ തറക്കല്ലിട്ടു

Saturday 3 October 2015 10:34 am IST

കോഴിക്കോട്:നാല്‍പ്പത്തിനാലര കോടി രൂപ ചെലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനോടനുബന്ധിച്ച് നിര്‍മിക്കുന്ന ത്രിതീയ കാന്‍സര്‍ സെന്ററിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടു. 35,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന മൂന്ന്‌നില കെട്ടിടവും ഉപകരണങ്ങളും തയ്യാറാകുന്നതോടെ മലബാറിലെ കാന്‍സര്‍ രോഗികള്‍ക്ക് തിരുവനനതപുരം റീജനല്‍ കാന്‍സര്‍ സെന്ററിനെ ആശ്രയിക്കുന്നത് കുറയ്ക്കാനാവും. മെഡിക്കല്‍കോളജ് പരിസരത്ത് സൗജന്യമായി ലഭിച്ച ഏഴേക്കര്‍ സ്ഥലത്തെ സൗകര്യം ഉപയോഗപ്പെടുത്തി കാന്‍സര്‍ കണ്ടെത്താനുള്ള പരിശോധനക്കായി ഒരു ഡോക്ടറുടേയും നാല് നഴ്‌സുമാരുടേയും തസ്തിക അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.തിരുവനന്തപുരം ആര്‍.സി.സിയെ നാഷണല്‍ കാന്‍സര്‍ സെന്ററാക്കാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. കൊച്ചിയില്‍ കാന്‍സര്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. അര്‍ബുദ രോഗ ചികില്‍സക്കള്ള മരുന്നിന്റെ അമിത വിലയാണ് സര്‍ക്കാറിനെ അലട്ടുന്ന പ്രശ്‌നം. ജനറിക് മരുന്നുകള്‍ക്കും ബ്രാന്‍ഡഡ് മരുന്നുകള്‍ക്കും വലിയ വിലവ്യത്യാസം കാണുന്നുണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഹീമോഫീലിയ രോഗികള്‍ക്ക് ചികില്‍സക്കായി വെല്ലൂരിലേക്ക് പോകുന്ന അവസ്ഥ ഒഴിവാക്കാന്‍ കോഴിക്കോട്ട് ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ചടങ്ങില്‍ സംസാരിച്ച മന്ത്രി ഡോ.എം.കെ മുനീര്‍ പറഞ്ഞു എം.കെ രാഘവന്‍ എം.പി അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ പിടി.എ റഹീം എം.എല്‍.എ, പ്രിന്‍സിപ്പല്‍ ഡോ.പി.വി നാരായണന്‍, എച്ച്.എല്‍.എല്‍ പ്രിന്‍സിപ്പല്‍ ചീഫ് എഞ്ചിനീയര്‍ സോളമന്‍ ഫെര്‍ണാണ്ടസ്, മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സുപ്രണ്ട് ഡോ. സോമന്‍, ഐ.എം.സി.എച്ച് സുപ്രണ്ട് ഡോ. എം.കെ മോഹന്‍കുമാര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് സുപ്രണ്ട് ഡോ. രാജശേഖരന്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.