ഭരതന്‍ കണ്ട സ്വപ്‌നം

Saturday 3 October 2015 7:34 pm IST

ദശരഥ മഹാരാജാവ് ചരമമടഞ്ഞ് നാലുനാള്‍ക്കുള്ളില്‍ ദൂതന്മാര്‍ കേകയത്തിലെത്തി. തലേദിവസം രാത്രി ഉറക്കത്തില്‍ ഭരതന്‍ ഒരു ദുഃസ്വപ്‌നം കണ്ടു. ആ സ്വപ്‌നത്തെപ്പറ്റി ഭരതന്‍ അനുജനോടും സ്‌നേഹിതന്മാരോടും വിവരിക്കുന്നു. ''എന്റെ അച്ഛന്‍ ദേഹമാസകലം അഴുക്കു പുരണ്ട് തലമുടി അഴിച്ചിട്ടുകൊണ്ട് ഒരു പര്‍വ്വതത്തിന്റെ മുകളില്‍നിന്നും താഴോട്ടുവീഴുന്നു. മലിനമായ ഒരു ചാണകക്കുഴിയിലേക്കാണ് വീണത്. അതില്‍ മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നതുകണ്ടു. ഇടയ്ക്കിടെ കൈക്കുമ്പിളില്‍ എണ്ണയെന്നപോലെ ചാണകം വാരിവാരിക്കുടിക്കുന്നുണ്ട്. പിന്നെ കരയ്ക്കു കയറി എള്ളുചേര്‍ത്ത ചോറുണ്ണുന്നതുകണ്ടു. തല താഴ്ത്തിക്കൊണ്ട് ദേഹമാസകലം എണ്ണതേച്ച് എണ്ണയില്‍ത്തന്നെ മുങ്ങുകയും ചെയ്തു. ഞാന്‍ സമുദ്രത്തിലെ ജലം വറ്റുന്നതായും ചന്ദ്രന്‍ ഭൂമിയില്‍ വീഴുന്നതായും കണ്ടു. ഭൂമിയാകെ ഇരുട്ടുവ്യാപിച്ചു. ആരോ ഭൂമിയെ ആക്രമിക്കുന്നു. ദശരഥമഹാരാജാവിന്റെ ആനയുടെ കൊമ്പുരണ്ടും നുറുങ്ങുന്നു. ആളിക്കത്തിക്കൊണ്ടിരുന്ന തീ പെട്ടെന്ന് അണഞ്ഞു. പിന്നീട് ഭൂമി പിളരുന്നതാണു കണ്ടത്. പലതരം വൃക്ഷങ്ങള്‍ ഓരോന്നായി ഉണങ്ങുന്നതുകണ്ടു. പുക വ്യാപിച്ചിരുന്ന പര്‍വതങ്ങള്‍ പൊട്ടിത്തെറിക്കുന്നുണ്ടായിരുന്നു. പിന്നീട് ഞാന്‍ പിതാവിനെ ഉരുക്കുകൊണ്ടുള്ള ഇരിപ്പിടത്തില്‍ കറുത്ത വസ്ത്രങ്ങളണിഞ്ഞിരിക്കുന്നതു കണ്ടു. മഞ്ഞയും കറുത്തതുമായ വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകള്‍ ചുറ്റും നിന്ന് പരിഹസിക്കുന്നു. അതുകഴിഞ്ഞ് ധര്‍മ്മസ്വരൂപിയായ പിതാവ് ചുവന്നമാലയും ചുവന്ന ചന്ദനവും ധരിച്ച് വളരെ തിടുക്കത്തില്‍ കഴുതകളെപ്പൂട്ടിയ തേരില്‍കയറി തെക്കോട്ടുപോയി. ചുവന്ന വസ്ത്രം ധരിച്ച വികൃതരൂപിയായ ഒരു രാക്ഷസി അട്ടഹസിച്ചുകൊണ്ട് പിതാവിനെ പിടിച്ചുതള്ളി വലിച്ചിഴയ്ക്കുന്നു. ഈ സ്വപ്‌നം അതിഭയങ്കരമായിരുന്നു. ഇതിന്റെ അര്‍ത്ഥം ഞാനോ രാജാവോ രാമനോ ലക്ഷ്മണനോ തീര്‍ച്ചയായും ഉടനെ മരിക്കും എന്നാണ്.'' ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് അയോദ്ധ്യയിലെ ദൂതന്മാര്‍ ക്ഷീണിച്ച കുതിരകളുമായി എത്തി വസിഷ്ഠമുനിയുടെ സന്ദേശം അറിയിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.