അറിവും ആവേശവും പകര്‍ന്ന് കുട്ടികളുടെ പുസ്തകോത്സവം

Saturday 3 October 2015 9:22 pm IST

കൊച്ചി: കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ 'കുട്ടികളുടെ പുസ്തകോത്സവം'. 19-ാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന പരിപാടി വിദ്യാര്‍ത്ഥികളും വിദ്യാലയങ്ങളും ഏറ്റെടുക്കുകയാണ്. സംസ്ഥാനത്ത് മൂന്നൂറോളം വിദ്യാലയങ്ങളിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ആവേശകരമായ പങ്കാളിത്തത്തോടെ 32 സ്‌കൂളുകളില്‍ പരിപാടി നടന്നു. വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കി ഒരു ദിവസം മുഴുവനായാണ് പരിപാടി. കുട്ടികള്‍ അവരവരുടെ വീടുകളിലെ പുസ്തക ശേഖരം സ്‌കൂളുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും. ഇതില്‍ 10 ശതമാനം പുസ്തകമെങ്കിലും അവര്‍ വായിച്ചിരിക്കണമെന്ന് നിബന്ധനയുണ്ട്. മികച്ച വിദ്യാര്‍ത്ഥിക്ക് സമ്മാനം നല്‍കും. ജില്ലാ തലത്തില്‍ മികച്ച മൂന്ന് വിദ്യാലയങ്ങളെ തെരഞ്ഞെടുക്കും. ഇവര്‍ക്ക് യഥാക്രമം 5000, 3000, 1000 രൂപയുടെ പുസ്തകങ്ങള്‍ നല്‍കും. സംസ്ഥാന തലത്തില്‍ ആദ്യത്തെ മൂന്ന് സ്ഥാനം നേടുന്ന സ്‌കൂളുകള്‍ക്ക് 10000, 5000, 3000 രൂപയുടെ പുസ്തകങ്ങളും അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ പ്രഥമ പ്രസിഡണ്ട് പി. ബാലഗംഗാധരമേനോന്റെ സ്മരണാര്‍ത്ഥമുള്ള ട്രോഫിയും നല്‍കും. അരലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ പുസ്തകങ്ങളാണ് വിദ്യാര്‍ത്ഥികള്‍ പരിപാടിക്കെത്തിക്കുന്നത്. 600 പുസ്തകം വരെ കൊണ്ടുവരുന്ന വിദ്യാര്‍ത്ഥികളുണ്ടെന്ന് സംഘാടകര്‍ പറയുന്നു. സ്‌കൂള്‍ ലൈബ്രറികള്‍ സജീവമല്ലാത്ത സ്‌കൂളുകളില്‍ ഇത് വായനയെ സ്‌നേഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വലിയ അവസരമാണ്. കൂടുതല്‍ പുസ്തകങ്ങള്‍ പരിചയപ്പെടാനും വായിക്കാനുമുള്ള അവസരമുണ്ടാക്കുന്നു. സാഹിത്യകാരന്മാരെയും പങ്കെടുപ്പിച്ച് ഉത്സവാന്തരീക്ഷത്തിലാണ് പരിപാടി നടക്കുന്നത്. സെപ്തംബര്‍ ഒന്നിന് കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയര്‍സെക്കണ്ടിറി സ്‌കൂളിലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഡോ. ലീലാവതിയാണ് ഉദ്ഘാടനം ചെയ്തത്. നവംബര്‍ ഒന്നു വരെ മുന്നൂറോളം സ്‌കൂളുകളിലായി മൂന്ന് ലക്ഷം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തില്‍ പരിപാടി നടക്കും. കെ. രാധാകൃഷ്ണന്‍ (ഡയറക്ടര്‍), ജസ്റ്റിസ് പി.എസ്. ഗോപിനാഥ് (ചെയര്‍മാന്‍), അഡ്വ.എം. ശശിശങ്കര്‍ (ജന. സെക്രട്ടറി), ബി. പ്രകാശ്ബാബു (കണ്‍വീനര്‍) എന്നിവരാണ് 19ാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാരവാഹികള്‍. കൃഷ്ണമൂര്‍ത്തി ചെയര്‍മാനും കെ.കെ. രമേശ് കണ്‍വീനറുമായാണ് കുട്ടികളുടെ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഡോ.സി.പി. താര (പ്രസിഡണ്ട്), ഇ.എന്‍. നന്ദകുമാര്‍ (സെക്രട്ടറി) എന്നിവരാണ് അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഭാരവാഹികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.