ഉദിയും ആരതിയും

Saturday 22 June 2019 3:26 am IST

ആലംബമറ്റ നേരത്ത് ഉള്ളുരുകി പ്രാര്‍ഥിക്കുന്നവരെ കൈവിടാറില്ല ബാബ. തൊട്ടരികെയായാലും കാണാമറയത്താണെങ്കിലും ആ പ്രാര്‍ഥന ബാബ കേട്ടിരിക്കും.

മഹാരാഷ്ട്രയിലെ പഴയ ഖാന്ദേശ് പ്രവിശ്യയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണ്  ജാംനറും ജാല്‍ഗാവും. ഷിര്‍ദിയില്‍ നിന്ന് 100 മൈല്‍ ദൂരമുണ്ട് ജാംനറിലേക്ക്. അവിടെ  തഹസില്‍ദാറായിരുന്നു നാനാസാഹേബ് ചന്ദ്രോര്‍ക്കര്‍. ബാബയുടെ പരമഭക്തന്‍. 

നാനാസാഹെബിന്റെ മകള്‍ മീനാതായിയുടെ പ്രസവമടുത്തു. വേദന തുടങ്ങി. മൂന്നുദിവസം കഴിഞ്ഞു. പ്രസവം നടന്നില്ല. പ്രാണന്‍പോകുന്ന അവസ്ഥയിലായി മീനാതായി. മരുന്നുകള്‍ പലതും പരീക്ഷിച്ചു. ഫലമില്ല. മകള്‍ക്ക് ആപത്തെന്തെങ്കിലും സംഭവിക്കുമോയെന്ന് നാനാസാഹേബ് ഭയന്നു. ഇനി ബാബ തന്നെ അഭയം. നാനാസാഹേബ് ഉള്ളുരുകി  പ്രാര്‍ഥിച്ചു. എന്തെങ്കിലുമൊരു പ്രതിവിധി  ഉണ്ടാകാതിരിക്കില്ല. 

ഇതേ നേരത്ത്  അങ്ങ് ഷിര്‍ദിയില്‍, ബാബയുടെ സേവകന്‍ രാംഗിര്‍ബുവ നാട്ടിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങുകയായിരുന്നു.  ബാപ്പുബുവ എന്നാണ് അദ്ദേഹത്തെ ബാബ, വിളിച്ചിരുന്നത്. ഖാന്ദേശിലായിരുന്നു അദ്ദഹത്തിന്റെയും  വീട്. 

ബുവ യാത്ര ചോദിക്കാനായി ബാബയുടെ അരികിലെത്തി. യാത്രപറഞ്ഞിറങ്ങും മുമ്പ് ബുവയോട് ബാബ ഒരു സഹായം ആവശ്യപ്പെട്ടു. പോകും വഴി   ഖാന്ദേശിലെ  ജാംനറിലുള്ള ചന്ദ്രോര്‍ക്കറുടെ വീട്ടിലെത്തി ഉദി (വിഭൂതി) യും ഒരു സന്ദേശവും നല്‍കണം.  അതു കേട്ടപ്പോള്‍ ബുവ ധര്‍മസങ്കടത്തിലായി. ' ബാബാ എന്റെ കൈയില്‍ വെറും രണ്ടുരൂപമാത്രമാണുള്ളത്. ഇവിടെ, കോപ്പര്‍ഗാവില്‍ നിന്ന് ജാല്‍ഗാവ് വരെയുള്ള  തീവണ്ടി യാത്രയ്‌ക്കേ അത്  തികയുകയുള്ളൂ. ജാംനര്‍ വരെ പോകുക ബുദ്ധിമുട്ടാണ്. ' ബുവ നിസ്സഹായാവസ്ഥയറിയിച്ചു. 

ജാല്‍ഗാവില്‍ നിന്ന് 30 മൈല്‍ ദൂരമുണ്ട് ജാംനറിലേക്ക്. 'അതൊന്നും ഓര്‍ത്ത് വിഷമിക്കേണ്ട, ഒരു തടസ്സവും വരില്ല. എല്ലാത്തിനും ഒരു വഴിയുണ്ടാകും.' ബാബ ആശ്വസിപ്പിച്ചു. 

ഉടനെ ബാബ, ഷാമയെ വിളിച്ച് മാധവ് അദ്ക്കര്‍ എഴുതിയ ആരതി പകര്‍ത്തിയെഴുതിച്ചു.  ആരതിയും ഉദിയുമായി ബുവ യാത്ര തിരിച്ചു. ബാബയുടെ വാക്കുകളില്‍ പൂര്‍ണ വിശ്വാസമായിരുന്നു ബുവയ്ക്ക്. രാത്രിയിലായിരുന്നു യാത്ര. പുലര്‍ച്ചേ അദ്ദേഹം ജാല്‍ഗാവിലെത്തി. അവിടെയെത്തുമ്പോള്‍  അദ്ദേഹത്തിന്റെ കൈയില്‍ രണ്ടണ മാത്രമാണ് അവശേഷിച്ചിരുന്നത്.  കാളവണ്ടി കയറിവേണം ജാംനറിലെത്താന്‍.  അതിനുള്ള കാശില്ല കൈയില്‍. എന്തു ചെയ്യണമെന്നറിയാതെ അദ്ദേഹം നിന്നു. പെട്ടെന്ന്, ' ഷിര്‍ദിയില്‍ നിന്നുവന്ന ബാപ്പുഗിര്‍ബുവ ആരാണ്?'  എന്നാരോ വിളിച്ചു ചോദിച്ചു. ബുവ അയാളുടെ അടുത്തേക്ക് ചെന്ന്, 'താങ്കള്‍ അന്വേഷിച്ച വ്യക്തി  ഞാനാണെന്നു'പറഞ്ഞു. 

നാനാസാഹേബിന്റെ ശിപായിയിരുന്നു ബുവയെ തിരക്കി വന്നയാള്‍. അയാള്‍ ഭംഗിയായി അലങ്കരിച്ച ഒരു കുതിരവണ്ടിയില്‍ ബുവയേയും കയറ്റി നാനാസാഹേബിന്റെ വീട്ടിലേക്ക് യാത്രയായി. പോകും വഴി  കുതിരയ്ക്ക് വെള്ളം നല്‍കാനായി വണ്ടി നിര്‍ത്തി.  കുതിരയെ വെള്ളം കുടിക്കാന്‍ വിട്ട ശേഷം  അയാളൊരു ഭക്ഷണപ്പൊതിയഴിച്ചു. അല്പമെടുത്ത് ബുവയക്ക് നേരെ നീട്ടി. അപരിചിതനായതിനാല്‍ ബുവ  ഭക്ഷണം വാങ്ങാന്‍ മടിച്ചു. സ്‌നേഹപൂര്‍വം അതു നിരസിച്ചു. കുതിര തിരിച്ചെത്തിയതോടെ അവര്‍ യാത്ര തുടര്‍ന്നു. ഒടുവില്‍ ജാംനറിലെത്തി. 

ഇപ്പോള്‍ തിരിച്ചെത്താമെന്നു ശിപായിയോട് പറഞ്ഞ് ബുവ മൂത്രമൊഴിക്കാനായി പോയി. തിരിച്ചെത്തിയപ്പോള്‍ അവിടെ വണ്ടിയുമില്ല. വണ്ടിക്കാരനുമില്ല. അദ്ദേഹം പകച്ചു നിന്നു. കണ്ടത് സ്വപ്‌നമാണോ ! അടുത്തു കണ്ട കച്ചേരിയില്‍ കയറി നാനാസാഹെബിന്റെ വീടന്വേഷിച്ചു. അരികിലാണ് വീടെന്നും നാനാസാഹേബ് അവിടെയുണ്ടെന്നും അറിയാനായി. നേരെ അങ്ങോട്ടു നടന്നു. 

പ്രസവവേദനയാല്‍ പുളയുകയായിരുന്നു മീനാതായ്. ബുവ, ഉദിയും ആരതിയും നാനാസാഹെബിനു നല്‍കി. അദ്ദേഹം അതെടുത്ത് ഭാര്യയുടെ കൈയില്‍ കൊടുത്തു. ഉദി വെള്ളത്തില്‍ കലക്കി മകള്‍ക്ക് നല്‍കാനും ആരതി ഉറക്കെ ചൊല്ലി കേള്‍പ്പിക്കാനും പറഞ്ഞു. വെള്ളം കുടിച്ച് ആരതികേട്ട് മീനാതായ് കുഞ്ഞിനു ജന്മം നല്‍കി. നിറഞ്ഞകണ്ണുകളോടെ, നന്ദിയോടെ ബാബയെ വിളിച്ചു പ്രാര്‍ഥിച്ചു നാനാസാഹെബ്.

തന്നെ  സുരക്ഷിതനായി എത്തിക്കാന്‍ ശിപായിയെ വിട്ടതിന് ബുവ, നാനാസാഹെബിനോട് നന്ദി പറഞ്ഞു. നാനാസാഹെബ് അതു കേട്ട് മിഴിച്ചു. ആരെയും താന്‍ എങ്ങോട്ടും പറഞ്ഞു വിട്ടില്ല. പിന്നെയതാരാവുമെന്ന ചോദ്യത്തിന് ഇരുവരുടേയും മനസ്സില്‍ തെളിഞ്ഞത് ഒരേ ഉത്തരമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.