സര്‍ക്കാര്‍ അനാസ്ഥ; കുട്ടനാട്ടില്‍ 3250 ടണ്‍ നെല്ല് നനഞ്ഞ് നശിക്കുന്നു

Saturday 3 October 2015 9:51 pm IST

ആലപ്പുഴ: സര്‍ക്കാര്‍ അനാസ്ഥ മൂലം കുട്ടനാട്ടില്‍ കൊയ്ത്ത് കഴിഞ്ഞ കെട്ടിക്കിടക്കുന്ന നെല്ല് നശിക്കുന്നു. എടത്വാ, തകഴി, തലവടി, ചമ്പക്കുളം, നെടുമടി എന്നീ പ്രദേശങ്ങളിലെ 620 ഹെക്ടര്‍ പാടശേഖരങ്ങളിലെ നെല്ല് കൊയ്ത് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സംഭരിക്കാത്തത് മൂലം പാടശേഖരങ്ങളില്‍ കൂട്ടിയിട്ടിരിക്കുകയാണ്. നെല്ല് സംഭരിക്കുന്ന മില്ലുകളുടെ സമരം മൂലം ഏകദേശം 3250 ടണ്‍ നെല്ലാണ് കുട്ടനാട്ടില്‍ മഴ നനഞ്ഞ് കിളിര്‍ത്ത് നശിക്കുന്നത്. കൃഷിക്കാര്‍ വായ്പയെടുത്ത് കൃഷി ചെയ്തിട്ടും കൃത്യസമയത്ത് നെല്ല് സംഭരിക്കുന്നതിനോ വില നല്‍കുന്നതിനോ സിവില്‍ സപ്ലൈസിന് കഴിയാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മഴ നനയുന്ന നെല്ല് ഉണക്കിയെടുക്കുന്നതിന് ക്വിന്റലിന് 100 രൂപയിലധികം കര്‍ഷകന് ചെലവുണ്ട്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നെല്ല് സംഭരിക്കാന്‍ തുടങ്ങിയ കാലംമുതല്‍ ഹാന്‍ഡിലിങ് ചാര്‍ജായി കര്‍ഷകന് നല്‍കുന്നത് ക്വിന്റലിന് 12 രൂപയാണ്. നാളിതുവരെ ഇത് വര്‍ധിപ്പിച്ചിട്ടില്ല. നെല്ല് കുത്തി അരിയാക്കി നല്‍കുന്നതിന് മില്ലുകാര്‍ക്ക് 141 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇത് 250 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് മില്ലുകാരുടെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ മില്ലുകാരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഈ വിഷയത്തില്‍ സപ്ലൈകോ ഉദാസീന മനോഭാവമാണ് പുലര്‍ത്തുന്നതെന്നാണ് ആക്ഷേപം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.