കുന്നത്തൂര്‍പ്പാടി മുത്തപ്പന്‍ ദേവസ്ഥാനം പുത്തരി വെള്ളാട്ടം തുടങ്ങി

Saturday 3 October 2015 10:26 pm IST

പയ്യാവൂര്‍: ഉത്തര കേരളത്തിലെ മുത്തപ്പന്‍ മഠങ്ങളുടെ ആരൂഡസ്ഥാനമായ കുന്നത്തൂര്‍പ്പാടി മുത്തപ്പന്‍ ദേവസ്ഥാനത്ത് പുത്തരിവെള്ളാട്ടം ആരംഭിച്ചു. രാവിലെ തന്ത്രി പോര്‍ക്കുളത്തില്ലത്ത് ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ ഗണപതിഹോമം, ശുദ്ധിഹോമം, വാസ്തുബലി, ഭഗവത് സേവ എന്നിവ നടന്നു. പുത്തരി നിവേദ്യത്തോടൊപ്പം പ്രസാദ ഊട്ടും നടന്നു. രാത്രി പൈങ്കുറ്റിയും ഊട്ടും വെള്ളാട്ടവുമുണ്ടായി. എള്ളറിഞ്ഞിയിലെ ഇടംവക വയലില്‍ നിന്ന് കൊയ്‌തെടുത്ത പച്ചനെല്ല് കുത്തി അടിയാത്തികള്‍ കൊണ്ടുവന്ന ഉണക്കലരിയും അവിലുമാണ് ഉത്തരകേരളത്തിന്റെ പ്രത്യക്ഷനാഥന് കുന്നത്തൂര്‍ ഗ്രാമം സമര്‍പ്പിച്ചത്. ഉണക്കലരി, കളള്, പഞ്ചങ്ങള്‍ എന്നിവ ചേര്‍ത്ത് പൈങ്കുറ്റി വെച്ചതോടെ ചടങ്ങുകള്‍ ആരംഭിച്ചു. ചുഴലി സ്വരൂപം എന്ന് പ്രസിദ്ധമായ നാല് സാമന്തന്‍ കുടുംബങ്ങളില്‍ നായകസ്ഥാനമുള്ള കരക്കാട്ടിടം നായനാര്‍ കുടുംബത്തിനാണ് ഊരാളന്‍ സ്ഥാനം. തലയടിയാന്‍, കുടുപതി എന്നിവര്‍ അടിയാന്മാരിലെ സ്ഥാനികളുമാണ്. ഇന്ന് രാവിലെ മറുപുത്തരിക്ക് ശേഷം പ്രസാദ ഊട്ട് നടക്കും. പാരമ്പ്രര്യ ട്രസ്റ്റി എസ്.കെ.കുഞ്ഞിരാമന്‍ നായനാരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.