പുറക്കാട് വീണ്ടും കടല്‍ക്ഷോഭം

Sunday 4 October 2015 8:49 pm IST

അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തിന്റെ തീരദേശത്ത് വീണ്ടും കടല്‍ക്ഷോഭം. ഏഴു വീടുകള്‍ തകര്‍ന്നു. നിരവധി വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍. പുതുവല്‍ സുഭാഷ് രാധാമണി, പുതുവല്‍ ദിനേശന്‍ , പുതുവല്‍ രാജശേഖരന്‍ , പുതുവല്‍ യേശുദാസ്, പുതുവല്‍ ശ്രീജി, പുതുവല്‍ കുഞ്ഞുമോന്‍ , പുതുവല്‍ ചെല്ലമണി എന്നിവരുടെ വീടുകളാണു തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെയാണ് പഴയങ്ങാടി മുതല്‍ അഞ്ചാലുംകാവുവരെ കടല്‍ കരയിലേക്ക് ഇരച്ചുകയറിയത്. എട്ടുവീടുകള്‍ ഏതുനിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. രണ്ടുമാസം മുമ്പും ഈ പ്രദേശങ്ങളില്‍ കടല്‍ കലിതുള്ളിയിരുന്നു. സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തെ തുടര്‍ന്നുള്ള വേലിയേറ്റം മൂലമാണ് കടല്‍ക്ഷോഭം ശക്തമായിരിക്കുന്നത്. കടല്‍ ഈ അവസ്ഥയില്‍ തുടര്‍ന്നാല്‍ വീടുകള്‍ നിലംപൊത്തുമെന്ന ആശങ്കയിലാണ് തീരദേശവാസികള്‍. ഇതുവരെ ദുരിതാശ്വാസ ക്യാമ്പുകളൊന്നും അധികൃതര്‍ ആരംഭിച്ചിട്ടില്ല. പുറക്കാട് പഞ്ചായത്തിന്റെ തീരപ്രദേശത്ത് പുലിമുട്ടോടു കൂടിയ കടല്‍ഭിത്തി നിര്‍മ്മാണത്തിന് നബാഡ് ഭരണാനുമതി നല്‍കിയെങ്കിലും ഇതുവരെ നിര്‍മ്മാണം ആരംഭിച്ചില്ല. പുലിമുട്ടോടുകൂടിയ കടല്‍ഭിത്തി നിര്‍മ്മിച്ചാല്‍ മാത്രമേ തീരദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ കഴിയൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.