മാവേലിക്കര: മാവേലിക്കര യൂണിയന് തലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 18ന് ഉച്ചയ്ക്ക് രണ്ടിന് കട്ടച്ചിറ വെള്ളാപ്പള്ളി നടേശന് എഞ്ചിനീയറിംഗ് കോളേജില്‍ പ്രവര്‍ത്തകസംഗമം ചേരും. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കും.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി മാവേലിക്കര യൂണിയനില്‍ ബിജെപിയുമായി ചേര്‍ന്ന് വിജയ സാധ്യതയുള്ളവരെ മത്സരിപ്പിക്കാന്‍ ഇന്നലെ മേഖലാതലത്തില്‍ നടന്ന ശാഖാ ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനം. ഇതിനായി വിജയസാദ്ധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കാന്‍ ശാഖാതലത്തില്‍ നിര്‍ദ്ദേശം നല്കി.
പട്ടികജാതി സംവരണ വാര്‍ഡുകളില്‍ എസ്എന്‍ഡിപിയോട് അടുപ്പം പുലര്‍ത്തുന്ന കെപിഎംഎസ് വിഭാഗത്തില്‍പ്പെട്ടവരെ പിന്തുണയ്ക്കും. ബിജെപിയുമായി പ്രാദേശികതലത്തില്‍ നടത്തുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
മാവേലിക്കര യൂണിയനിലെ തഴക്കര, ചുനക്കര, ഭരണിക്കാവ്, താമരക്കുളം, വള്ളികുന്നം, തെക്കേക്കര, ചെന്നിത്തല, ചെട്ടികുളങ്ങര, മാവേലിക്കര ടൗണ്‍ മേഖലകളിലാണ് ഇന്നലെ യോഗങ്ങള്‍ നടന്നത്. യൂണിയന് പ്രസിഡന്റ് സുഭാഷ് വാസു, സെക്രട്ടറി ബി.സുരേഷ്ബാബു എന്നിവര്‍ യോഗങ്ങളില്‍ പങ്കെടുത്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: