കള്ളപ്പണം വലിയ പങ്ക് ഒളിപ്പിച്ചിരിക്കുന്നത് രാജ്യത്തുതന്നെ: ജെയ്റ്റ്‌ലി

Sunday 4 October 2015 9:34 pm IST

ന്യൂദല്‍ഹി: കള്ളപ്പണത്തിന്റെ വമ്പിച്ച ഒരു ഭാഗം രാജ്യത്തില്‍ത്തന്നെയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇതിന് മാറ്റം വരാന്‍ ജനങ്ങളുടെ മാനസികാവസ്ഥ മാറണമെന്നും ഒരു നിശ്ചിത തുക കഴിഞ്ഞുള്ള എല്ലാ പണമിടപാടിനും പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഫേസ്ബുക്കിലെ കുറിപ്പിലാണ് ഈ വെളിപ്പെടുത്തല്‍. നികുതിയില്‍നിന്നൊഴിവാക്കാനുള്ള നിരക്ക് നിശ്ചയിക്കുമ്പോള്‍ പരമാവധി ഇടത്തരക്കാര്‍ക്കു സാമ്പത്തിക നേട്ടമുണ്ടാക്കാനും അവരില്‍ നിക്ഷേപ താല്‍പര്യവും ശീലവും വളര്‍ത്താനും ലക്ഷ്യമിട്ടുള്ള നടപടികളാണ് കൈക്കൊള്ളുന്നതെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. വലിയൊരു പങ്ക് കള്ളപ്പണവും ഭാരതത്തില്‍ തന്നെയാണ് ഒളിപ്പിച്ചിരിക്കുന്നത്. ഇതു പുറത്തുകൊണ്ടുവരാന്‍ മനസ്ഥിതിയും ശീലവും മാറണം. പണത്തിനു പകരം കാര്‍ഡുകള്‍ ഉപയോഗിക്കുകയുമാണ് ഇതിനു പരിഹാരം. നോട്ടുകള്‍ അത്യാവശ്യ ഘട്ടത്തില്‍ മാത്രമുപയോഗിക്കുന്ന രീതി വരണം. ഇത്തരം കാര്യങ്ങളില്‍ മാറ്റം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ വിവിധ തലത്തില്‍ ചര്‍ച്ചകള്‍ നടത്തുകയാണ്, ജെയ്റ്റ്‌ലി പറഞ്ഞു. വിദേശത്തുള്ള അനധികൃത നിക്ഷേപം സ്വയം വെളിപ്പെടുത്താത്തവര്‍ കടുത്ത നടപടികളെ നേരിടേണ്ടിവരുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് ജെയ്റ്റ്‌ലിയുടെ മുന്നറിയിപ്പ്. കള്ളപ്പണ നിക്ഷപം സംബന്ധിച്ച വിവരങ്ങള്‍ സ്വാഭാവികമായി ഭാരതത്തിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.