സൗരോര്‍ജ്ജ വിപ്ലവം നടപ്പാക്കിയാല്‍ റെയില്‍വേ ഏറ്റവും വലിയ ഊര്‍ജോല്‍പ്പാദകരാകും

Sunday 4 October 2015 9:45 pm IST

ന്യൂദല്‍ഹി: റെയില്‍വകുപ്പു വിഭാവനം ചെയ്യുന്ന സൗരോര്‍ജ്ജ വിപ്ലവം പ്രാവര്‍ത്തികമായാല്‍ ലാഭിക്കാന്‍ പോകുന്നത് പ്രതിവര്‍ഷം 11 കോടി ലിറ്റര്‍ ഡീസല്‍. കണക്കുകള്‍ കേട്ടാല്‍ അമ്പരക്കും. ഇതുവരെ ഈ ആശയം ആരും അവതരിപ്പിക്കാഞ്ഞതെന്തെന്ന് അതിശയിക്കും, ഒപ്പം ആസൂത്രകര്‍ വരുത്തിയ വീഴ്ചകളെ സംശയത്തോടെ വീക്ഷിക്കും. ഒരു റെയില്‍വേ കോച്ചിനു മുകളില്‍ ഒരു സോളാര്‍ പാനല്‍വെച്ചാല്‍ പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നത് 7,200 യൂണിറ്റ് വൈദ്യുതി. ഇത് റെയില്‍വേയുടെ 63,511 കോച്ചുകളിലും സ്ഥാപിച്ചാലോ, 45 കോടി യൂണിറ്റ് വൈദ്യുതി. അതായത് 10.8 കോടി ലിറ്റര്‍ ഡീസല്‍ ലാഭിയ്ക്കാം. മാത്രമല്ല, പരിസ്ഥിതി വിനാശകരമായ കാര്‍ബണ്‍ ഡയോക്‌സൈഡ് വികിരണം മൂന്നുലക്ഷം ടണ്‍ കുറയ്ക്കാനാകും. ഇത് വെറും രാഷ്ട്രീയ പ്രസംഗമല്ല, ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് നടത്തിയ പഠനത്തില്‍ വ്യക്തമായതാണ്. ജര്‍മ്മന്‍ നിര്‍മ്മിത സാങ്കേതിക വിദ്യയുള്ള കോച്ചില്‍ ചെന്നൈ-കോയമ്പത്തൂര്‍, ചെന്നൈ-മൈസൂര്‍ ശതാബ്ദി, ചെന്നൈ-ബെംഗളൂരു ഡബിള്‍ ഡെക്കര്‍ എക്‌സ്പ്രസ് എന്നീ വണ്ടികളില്‍ ഘടിപ്പിച്ച സംവിധാനം ജൂണ്‍-ജൂലൈ മാസങ്ങളില്‍ വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. ഈ പഠന റിപ്പോര്‍ട്ട് ഏറ്റവും മോശമായ, മഴശക്തമായ കാലാവസ്ഥയില്‍ കിട്ടാവുന്ന ഏറ്റവും കുറഞ്ഞ ഊര്‍ജ്ജനേട്ടമാണ്. അതായത് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നതിനേക്കാള്‍ നേട്ടമായിരിക്കും പദ്ധതി നടപ്പാക്കുന്നതോടെ ലഭിക്കുക. ഒരു കോച്ചിന് പ്രതിദിനം 1.8 യൂണിറ്റ് വൈദ്യുതി ഉണ്ടാക്കാനാകും. അത്തരം 24 പാനലുകള്‍ വഴി ഒരു കോച്ചില്‍നിന്ന് 18-20 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. 365 ദിവസത്തില്‍ 330 ദിവസവും നടത്താവുന്നതാണ് ഈ പ്രകിയ. റെയില്‍വേ ഊര്‍ജ്ജ വിനിയോഗ സംവിധാനത്തില്‍ കാതലായ മാറ്റം വരുത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ പഠനം നടത്തിയത്. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതി പ്രകാരം പുതിയ സംവിധാനത്തിലേക്കു റെയില്‍വേ മാറിയാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതോര്‍ജ്ജവും ഡീസലും ഉപയോഗിക്കുന്ന റെയില്‍വേ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ഊര്‍ജ്ജോല്‍പ്പാദകരായി മാറും. പദ്ധതി റിപ്പോര്‍ട്ടില്‍ കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു ഏറെ സന്തുഷ്ടനാണ്. കേന്ദ്ര സര്‍ക്കാരിനു മുമ്പില്‍ പദ്ധതി സമര്‍പ്പിച്ച് അംഗീകാരം തേടാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് മന്ത്രി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.